ഹൃദയം ഒരു ക്ഷേത്രം
വിദഗ്ദ്ധനായ ഡോക്ടർ രമേഷിന്റെ മുൻപിൽ അർബുദ ചികിത്സക്കായി ഒരു യുവാവും, അയാളുടെ ഭാര്യയും കടന്നുവരുന്നു. അവളെക്കണ്ടതും ഡോക്ടർ രമേഷ് ഞെട്ടുന്നു - അവൾ മറ്റാരുമല്ല താൻ പ്രാണനുതുല്യം പ്രേമിച്ച പെണ്ണാണ്. ഡോക്ടറും തന്റെ ഭാര്യയും പൂർവ്വ കാമുകീ-കാമുകന്മാരായിരുന്നു എന്ന വിവരം ആ യുവാവ് അറിയുമോ? അറിഞ്ഞാൽ അയാളുടെ പ്രതികരണമെന്തായിരിക്കും? തന്നെ തഴഞ്ഞതിന് ഡോക്ടർ അവളോട് പ്രതികാരം തീർക്കുമോ? പ്രതികാരം മാറ്റിവെച്ച് ഡോക്ടർക്ക് അവളുടെ ഭർത്താവിന്റെ ശസ്ത്രക്രിയ വിജയകരമായി നടത്താൻ കഴിയുമോ? ഇതിനെല്ലാം ഉത്തരം നൽകുന്നു "ഹൃദയം ഒരു ക്ഷേത്രം".
Actors & Characters
Main Crew
കഥ സംഗ്രഹം
തമിഴിൽ സി വി ശ്രീധർ സംവിധാനം ചെയ്ത "നെഞ്ചിൽ ഒരു ആലയം" എന്ന ഹിറ്റ് ചിത്രത്തിന്റെ മലയാളം റീമെയ്ക്ക്. നെഞ്ചിൽ ഒരു ആലയം ഹിന്ദിയിൽ "ദിൽ എക് മന്ദിർ" എന്ന പേരിലും തെലുങ്കിൽ "മനസ്സേ മന്ദിരം" എന്ന പേരിലും കന്നഡയിൽ "കുങ്കുമ രക്ഷ" എന്ന പേരിലും റീമെയ്ക്ക് ചെയ്യപ്പെട്ടു.
അർബുദ രോഗ ചികിത്സക്ക് പേരുകേട്ടവനാണ് ഡോക്ടർ രമേഷ് (മധു). ഒരു ദിവസം ഹരി (രാഘവൻ) എന്ന യുവാവും, അവന്റെ ഭാര്യ പ്രേമയും (ശ്രീവിദ്യ) രമേഷിനെ സന്നർശിക്കാനെത്തുന്നു. രമേഷ് പ്രേമയെ കണ്ടതും ആദ്യം ഒന്ന് ഞെട്ടുന്നു. ഹരിയുടെ വിട്ടുമാറാത്ത ചുമയുടെ കാരണം പരിശോധിക്കുന്ന ഡോക്ടർ, അയാളുടെ ശാസകോശത്തിൽ അർബുദം ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. ആ സംശയം നിവർത്തി ചെയ്യാനും, ഡോക്ടറുടെ വിദഗ്ധ ചികിത്സ നേടാനുമാണ് അവർ എത്തിയിരിക്കുന്നത്. രമേഷ് മറ്റു രണ്ടു ഡോക്ടർമാരുമായി ഹരിയുടെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം അയാൾക്ക് അർബുദം ആണെന്ന് സ്ഥിരീകരിക്കുകയും, ഉടൻ തന്നെ ഒരു സർജറി ചെയ്യണമെന്നും പ്രേമയോട് പറയുകയും ചെയ്യുന്നു.
ചികിത്സക്ക് വേണ്ടി ഹരിയെ ആ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ, ഹരി പ്രേമയോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാൻ പറയുന്നു. പ്രേമ അത് വിസമ്മതിച്ച് അവളും അവിടെ തന്നെ താമസിക്കുന്നു. രമേഷ് ഹരിയോട് വിഷമിക്കാൻ ഒന്നുമില്ലെന്നും, രണ്ടാഴ്ച കഴിഞ്ഞ് ഓപ്പറേഷൻ ചെയ്തു കഴിഞ്ഞാൽ അയാൾക്ക് സുഖമാവും എന്നും പറഞ്ഞ് ആശ്വസിപ്പിക്കുന്നു. ഹരി രമേഷിനെക്കുറിച്ച് ചോദിക്കുമ്പോൾ രമേഷും, പ്രേമയും ഒരേ നാട്ടുകാരാണെന്നറിയുന്നു. എന്റെ ഭാര്യടെ വീടും പീരുമേടാണ് എന്ന് ഹരി പറയുമ്പോൾ, രമേഷും പ്രേമയും പരസ്പരം പരിഭ്രമത്തോടെ നോക്കുന്നു. കാരണം, രമേഷും പ്രേമയും ഒരുകാലത്ത് ജീവനുതുല്യം പ്രേമിച്ചവരാണ്. വിവാഹം കഴിക്കണമെന്നും തീരുമാനിച്ചതാണ്.
രമേഷ് തന്റെ വിശ്രമമുറിയിൽ, പ്രേമയോടൊത്ത് എടുത്ത ഫോട്ടോ എടുത്ത് പഴയതൊക്കെ ഓർത്തുകൊണ്ടിരിക്കുമ്പോൾ രമേഷിന്റെ അമ്മ (ആറന്മുള പൊന്നമ്മ) അവിടേക്ക് കടന്നു വരുന്നു. അമ്മയ്ക്ക് ഒരു വിഷമമേയുള്ളു - ഇതുവരെയും മകൻ വിവാഹം കഴിക്കാത്തതിന്റെ. അത് വീണ്ടും ഓർമ്മപ്പെടുത്താനാണ് അമ്മ വന്നിരിക്കുന്നത്. രമേഷ് അപ്പോഴും ഒന്നേ പറയുന്നുള്ളു - വിവാഹത്തിനെക്കുറിച്ച് ഇനി പറയരുത്. അമ്മ തഴഞ്ഞു പോയ കാമുകിയെക്കുറിച്ച് വേണ്ടാധീനം പറയുമ്പോൾ, അവളെക്കുറിച്ച് അങ്ങിനെയൊന്നും പറയരുതെന്നും, അവൾ നല്ലവളാണെന്നും, വിധി അതാണെങ്കിൽ നമ്മൾ എന്ത് ചെയ്യാൻ കഴിയുമെന്നും രമേഷ് ന്യായീകരിക്കുന്നു. എത്ര പറഞ്ഞിട്ടും രമേഷ് വഴങ്ങാത്തതിന്റെ വിഷമത്തോടെ അമ്മ മടങ്ങുന്നു.
പ്രേമ ഹോസ്പിറ്റലിലെ മറ്റു രോഗികളുമായി വളരെ സ്നേഹത്തോടെ പെരുമാറുന്നു. അതിൽ സുമം (ബേബി സുമതി) എന്ന കുട്ടിയോട് പ്രേമയ്ക്ക് വല്ലാത്ത അടുപ്പം തോന്നുന്നു. ഒരു ദിവസം പ്രേമയെ ഒറ്റയ്ക്ക് കാണുമ്പോൾ രമേഷ് അവളോട് ചോദിക്കുന്നു - നീ എന്നെ നിശേഷം മറന്നു, നടന്നതൊക്കെ ഇത്ര പെട്ടെന്ന് മറക്കാൻ നിനക്കെങ്ങിനെ കഴിഞ്ഞു? അതിന് പ്രേമ "ഡോക്ടർ, എന്റെ ഭർത്താവിന് അങ്ങയെക്കുറിച്ച് വലിയ മതിപ്പാണ്, വളരെ വലിയ മതിപ്പ്" എന്ന് മാത്രം പറഞ്ഞ് നടന്നു നീങ്ങുന്നു. ഓപ്പറേഷന് ശേഷം തനിക്ക് പൂർണ്ണാരോഗ്യം തിരിച്ചുകിട്ടുമെന്ന് ഒട്ടും വിശ്വാസമില്ലെന്ന് ഹരി പറയുമ്പോൾ, അങ്ങിനെ പറയരുതെന്നും, ഹരിക്ക് പൂർണ്ണ ആരോഗ്യം തിരിച്ചുകിട്ടുമെന്ന ഉറപ്പ് ഞാൻ തരുന്നു എന്നും രമേഷ് പറയുന്നു. അതുകേട്ട ഹരി, അങ്ങിനെ സംഭവിക്കുന്ന പക്ഷം താൻ ഈ ആശുപത്രിക്ക് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്യും എന്ന് പറയുമ്പോൾ, എങ്കിൽ അഞ്ചു ലക്ഷത്തിനുള്ള ചെക്ക് ഇപ്പോൾ തന്നെ എഴുതി വെച്ചേക്കു എന്ന് രമേഷ് പറയുന്നു. ഈ സംഭാഷണത്തിലൂടെ ഹരി രമേഷുമായി കൂടുതൽ അടുക്കുന്നു.
ഒരു ദിവസം രാത്രി രമേഷ് ഉറക്കം വരാതെ ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ ഹരിയും, പ്രേമയും സന്തോഷത്തോടുകൂടി സംസാരിക്കുന്നത് കാണാനിടയാവുമ്പോൾ വളരെ അസ്വസ്ഥനായി സ്വന്തം മുറിയിലേക്ക് വന്ന് പ്രേമയോടൊപ്പം എടുത്ത ഫോട്ടോയും നോക്കി ആലോചിച്ചിരുന്ന് ആ ഫോട്ടോ ഒരു പുസ്തകത്തിൽ വെച്ച് ഉറങ്ങാൻ ഒരുങ്ങുമ്പോൾ അവിടേക്ക് ഹരി കേറി വരുന്നു. ഉറക്കം വരുന്നില്ലെന്നും, വായിക്കാൻ വല്ല പുസ്തകവും ഉണ്ടെങ്കിൽ അതെടുത്തു പോകാനാണ് ഹരി കയറി വരുന്നത്. അപ്പോൾ രമേഷ് പ്രേമയോടൊപ്പം എടുത്ത ഫോട്ടോ ഒളിച്ചുവെച്ച പുസ്തകം ഹരിയുടെ കണ്ണിൽപ്പെടുകയും, അതെടുത്ത് സ്വന്തം വാർഡിലേക്ക് പോവുകയും ചെയ്യുന്നു. എന്തു ചെയ്യണം എന്നറിയാതെ രമേഷ് മിഴിച്ചു നിൽക്കുന്നു. മടങ്ങിയെത്തുന്ന ഹരിയേയും കാത്ത് പ്രേമ വരാന്തയിൽ നിൽക്കുകയായിരുന്നു. ഹരി ആ പുസ്തകം ടീപോയിന്മേൽ വെച്ച് അവളുടെ കൈയ്യിൽ നിന്നും ആരോഗ്യ പാനീയം വാങ്ങിക്കുടിക്കുമ്പോൾ പ്രേമ ആ പുസ്തകം എടുത്ത് താളുകൾ മരിക്കുമ്പോൾ രമേഷ് ഒളിച്ചുവെച്ച ഫോട്ടോ താഴെ വീഴുന്നു. അത് ഹരിയുടെ കണ്ണിൽപ്പെടാതെ ഒളിപ്പിച്ച്, പ്രേമ ഹരിയെ മുറിയിൽ കിടത്താൻ കൊണ്ടുപോവുന്നു. ഹരിയെ കിടത്തി ആ ഫോട്ടോ എടുക്കാൻ തിരിച്ചു വരുമ്പോൾ ഫോട്ടോ അവിടെ കാണാതെ പ്രേമ പരിഭ്രമിച്ചു നിൽക്കുന്നു. ആ ഫോട്ടോ മറ്റാരുമല്ല, രമേഷാണ് എടുത്തുകൊണ്ടു പോവുന്നത്.
ഒരു ദിവസം രമേഷ് ഹരിയും, പ്രേമയുമായി സംസാരിച്ചിരിക്കുമ്പോൾ അവിടേക്ക് രമേഷിന്റെ അമ്മ കടന്നു വരുന്നു. ആ നേരത്ത് രമേഷിനെ ഒരു അത്യാവശ്യ കാര്യത്തിനായി നഴ്സ് വന്നു വിളിച്ചുകൊണ്ടു പോവുന്നു. ഹരിയുമായി സംസാരിക്കുന്നതിനിടയിൽ അമ്മ രമേഷ് കല്യാണം കഴിക്കാത്തതിന്റെ കാര്യം പറയുന്നു - പ്രേമിച്ച പെണ്ണ് മറ്റൊരുവനെ വിവാഹം കഴിച്ചതിൽ നിരാശനായ രമേഷ് വിവാഹമേ വേണ്ടെന്ന വാശിയിലാണെന്ന കാര്യം. രമേഷിന്റെ മനസ്സ് മാറ്റി അദ്ദേഹത്തെ വിവാഹത്തിന് സമ്മതിപ്പിക്കേണ്ട കാര്യം ഞാനേറ്റു എന്ന് ഹരി അമ്മയ്ക്ക് വാക്ക് നൽകുന്നു. അമ്മ മനഃസ്സമാധാനത്തോടെ മടങ്ങുന്നു. രമേഷും, അമ്മയും മടങ്ങിയ ശേഷം ഹരി രമേഷിനെ ഉപേക്ഷിച്ചു പോയ പെണ്ണിനെക്കുറിച്ച് മോശമായി പറയുമ്പോൾ, എല്ലാം വിധിയാണെന്ന് പ്രേമ വാദിക്കുന്നു. വിധിയല്ലെന്നും അവൾ കാണിച്ചത് ചതിയാണെന്നും, അവളെത്ര മോശമായ സ്ത്രീയായിരിക്കണമെന്നും വീണ്ടും ഹരി ആ കാമുകിയെ കുറ്റപ്പെടുത്തുമ്പോൾ പ്രേമ നിയന്ത്രണം വിട്ട് പൊട്ടിക്കരയുമ്പോൾ ഹരി അവളെ ആശ്വസിപ്പിക്കുന്നു.
ഒരു ദിവസം രമേഷ് ഡ്യൂട്ടിയൊക്കെ കഴിഞ്ഞ് മടങ്ങുന്ന നേരത്ത് ഹരി അദ്ദേഹത്തോട് കുറച്ച് സംസാരിക്കണം എന്ന് പറയുന്നു - രമേഷിന്റെ പ്രണയത്തെക്കുറിച്ചും, പ്രേമിച്ച പെണ്ണ് തഴഞ്ഞത് കാരണം വിവാഹം കഴിക്കാത്തതിനെക്കുറിച്ചും. രമേഷിനെപ്പോലെ നല്ലൊരു മനുഷ്യനെ തഴഞ്ഞ് മറ്റൊരാളെ അവൾ വിവാഹം കഴിക്കണമെങ്കിൽ അവൾക്ക് പ്രേമം വെറും നേരമ്പോക്കായിരുന്നിരിക്കണം എന്ന് ഹരി കുറ്റപ്പെടുത്തുമ്പോൾ രമേഷ് അവൾ പരിശുദ്ധയായിരുന്നു എന്നും, അവൾ തന്നെ ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്നറിയാതെ അവളെ എങ്ങിനെ കുറ്റപ്പെടുത്താനാവും എന്നും ന്യായീകരിക്കുന്നു. ഉപേക്ഷിച്ചു പോയ പെണ്ണിനെ ഓർത്ത് സ്വന്തം ജീവിതം പാഴാക്കുന്നത് ശരിയാണോ എന്ന് ഹരി ചോദിക്കുമ്പോൾ, ഞാനാകെ അസ്വസ്ഥനാണെന്ന് പറഞ്ഞ് രമേഷ് മുറിയിൽ നിന്നും ഇറങ്ങിപ്പോവുന്നു.
പിന്നീടൊരിക്കൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ രമേഷ് പ്രേമയെ അവരുടെ വാർഡിന് മുൻപിൽ വെച്ച് കണ്ടുമുട്ടുമ്പോൾ രമേഷിനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് വാക്കു തന്ന നീ എന്നെ തഴഞ്ഞ് മറ്റൊരാളെ വിവാഹം കഴിക്കാൻ മാത്രം നിന്നോട് ഞാൻ വല്ല തെറ്റും ചെയ്തിട്ടുണ്ടോ എന്ന് പ്രേമയോട് ചോദിക്കുമ്പോൾ അവൾ ഹരിയെ വിവാഹം കഴിക്കാൻ നിർബന്ധിതയായതിന്റെ കാരണം വിവരിക്കുന്നു. പ്രേമയുടെ അച്ഛൻ ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്നും മുപ്പതിനായിരം രൂപ മോഷണം പോയപ്പോൾ, അത് പ്രേമയുടെ അച്ഛനാണെന്ന് മോഷ്ടിച്ചതെന്ന് പോലീസ് തീർപ്പെഴുതുന്നു. അത്രയും തുക തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലും, അറസ്റ്റ് ചെയ്യപ്പെടുമെന്നുറപ്പായത് കൊണ്ടും തന്നെ രക്ഷിക്കണമെന്നു പറഞ്ഞു അദ്ദേഹം ബാങ്ക് ഡയറക്ടറുടെ കാലുപിടിക്കുന്നു. രക്ഷിക്കാം എന്നും, അതിന് പ്രത്യുപകാരമായി പ്രേമയെ തന്റെ മകൻ ഹരിക്ക് വിവാഹം ചെയ്തു തരണം എന്നൊരു കണ്ടിഷൻ വെക്കുന്നു. കുടുംബത്തിന്റെ മാനം രക്ഷിക്കാൻ വേണ്ടി കാമുകനെ തഴഞ്ഞ് ഹരിയെ വിവാഹം കഴിക്കാൻ അച്ഛൻ പ്രേമയെ നിർബന്ധിക്കുന്നു. മറ്റു മാർഗ്ഗമില്ലാതെ പ്രേമയ്ക്ക് അത് സമ്മതിക്കേണ്ടി വരുന്നു. പ്രേമ ഈ കാര്യമെല്ലാം രമേഷിനെക്കണ്ട് അറിയിക്കണമെന്ന് ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയാതെ പോവുന്നു. രമേഷും, പ്രേമയും തമ്മിൽ സംസാരിക്കുന്നത് മുഴുവൻ ഹരി അപ്പുറത്ത് നിന്ന് കേൾക്കുന്നു.
പിന്നീട് രമേഷ് പ്രേമയുടെ ആരോഗ്യം മെച്ചപ്പെടാനായി ടോണിക് കൊടുക്കുമ്പോൾ അതും കാണാനിടയായ ഹരിയുടെ മനസ്സിൽ തെറ്റിദ്ധാരണകൾ കടന്നു കൂടുന്നു. അന്നു രാത്രി പ്രേമ രമേഷിനെ അദ്ദേഹത്തിന്റെ മുറിയിൽച്ചെന്ന് കാണുന്നു. അവർ തമ്മിൽ എടുത്ത ഫോട്ടോ തിരിച്ചു തരണമെന്നും, തന്റെ ഓർമ്മകളെ മനസ്സിൽ നിന്നും എന്നെന്നേക്കുമായി മായ്ച്ചു കളയണമെന്നും അപേക്ഷിക്കുന്നു. രമേഷ് ആദ്യമൊന്നും അതിന് സമ്മതിക്കുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റേതായ ന്യായങ്ങൾ നിരത്തുന്നു. അപ്പോൾ പ്രേമ, ഇന്ന് താൻ മറ്റൊരുവന്റെ ഭാര്യയാണെന്നും, പഴയ കാമുകിയായിട്ടല്ല മറിച്ച് രോഗിയായ ഒരാളുടെ ഭാര്യയായിട്ടാണ് രമേഷിന്റെ മുന്നിൽ നിൽക്കുന്നതെന്നും, രോഗിയായ തന്റെ ഭർത്താവിനെ ഗുണപ്പെടുത്തി തന്റെ കണ്ണീർ തുടയ്ക്കുന്നതിന് പകരം കണ്ണിൽ കുത്തരുതേ എന്ന് കേണപേക്ഷിക്കുമ്പോൾ രമേഷ് ആ ഫോട്ടോ കീറിക്കളയുന്നു. ഇതെല്ലാം മറഞ്ഞുനിന്ന് കേട്ടുകൊണ്ടിരിക്കുന്ന ഹരി വികാരാതീതനായി തിരികെ വാർഡിൽ വന്ന് ഒന്നുമറിയാത്തത് പോലെ കിടക്കുന്നു.
ഇതുവരെ കിലുക്കാംപെട്ടിയെപ്പോലെ ആ ആശുപത്രിയാകെ ഓടി നടന്ന സുമത്തിന്റെ ഓപ്പറേഷൻ ദിവസവും എത്തുന്നു. പതിവുപോലെ അവൾ എല്ലാവരെയും കണ്ട് കുശലം വിചാരിച്ച് തനിക്ക് ഒന്നും സംഭവിക്കില്ലെന്നും, ഓപ്പറേഷൻ കഴിഞ്ഞ് സുഖമായി തിരിച്ചുവരും എന്ന് പറഞ്ഞു ഓപ്പറേഷന് തയ്യാറാവുന്നു. എന്നാൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അവൾ മരിച്ചു പോവുകയാണ്. സുമത്തിന്റെ മരണം പ്രേമയെ വല്ലാതെ സ്വാധീനിക്കുന്നു.
സുമത്തിന്റെ ഓപ്പറേഷൻ വിജയിക്കാത്തത് പോലെ തന്റെ ഓപ്പറേഷനും വിജയിക്കും എന്ന വിശ്വാസം ഹരിക്ക് നഷ്ടപ്പെട്ടത് പോലെ. ആയതിനാൽ ഹരി രമേഷിനെ ചെന്ന് കാണുന്നു. ഒരുപക്ഷേ ഓപ്പറേഷൻ വിജയിക്കാതെ താൻ മരിച്ചുപോയാൽ യുവത്വം മാറാത്ത തന്റെ ഭാര്യയെ പുനർവിവാഹം കഴിപ്പിക്കാനുള്ള ചുമതല രമേഷ് ഏറ്റെടുക്കണം എന്ന് നിർബന്ധിക്കുന്നു. രമേഷ് ആദ്യം ഒന്ന് പകച്ചു പോവുന്നെങ്കിലും, ഹരിയുടെ ഭാര്യയ്ക്ക് അത് സമ്മതമാണെങ്കിൽ താൻ ആ ചുമതല ഏറ്റെടുക്കാം എന്ന് വാക്കു കൊടുക്കുന്നു. ഹരി പ്രേമയോടും ഈ കാര്യം പറയുന്നു - ഒരുപക്ഷേ താൻ മരിക്കുകയാണെങ്കിൽ പ്രേമ ഒരിക്കലും വിധവയായി ജീവിക്കരുതെന്നും, പുനർവിവാഹം കഴിച്ച് സുമംഗലിയായി ജീവിക്കണം എന്നും, ഇത് നിന്റെ ഭർത്താവിന്റെ ആഗ്രഹമാണെന്നും, ഭർത്താവിന്റെ ഏതാഗ്രഹവും നിറവേറ്റേണ്ടത് ഭാര്യയുടെ കർത്തവ്യമാണെന്നും പറഞ്ഞ് നിർബന്ധിക്കുന്നു.
ആകെ വിഷമത്തിലാവുന്ന പ്രേമ രമേഷിനെച്ചെന്ന് കാണുന്നു. സുമത്തിന്റെ ഓപ്പറേഷൻ വിജയിക്കാത്തത് പോലെ ഹരിയുടെ ഓപ്പറേഷനും വിജയിക്കാതെ പോവുകയാണെങ്കിൽ അതിലൂടെ രമേഷിന് പേരുദോഷം ഉണ്ടാവുന്നത് തനിക്ക് സഹിക്കാൻ കഴിയില്ലെന്നും, താൻ തഴഞ്ഞതിന്റെ പ്രതികാരം വീട്ടാൻ വേണ്ടിയാണ് രമേഷ് ഹരിയെ രക്ഷിക്കാത്തത് എന്ന ചിന്ത തന്റെ മനസ്സിൽ കടന്നുകൂടാൻ ഇടയാകരുത് എന്നത് കൊണ്ടും ഇന്ന് തന്നെ തങ്ങളെ ആശുപത്രി വിട്ടുപോകാൻ അനുവദിക്കണമെന്നും പറഞ്ഞു കേഴുന്നു. തന്റെ ഭർത്താവിന് മരിക്കാനാണ് വിധിയെങ്കിൽ അത് ഈ ആശുത്രിയിലാവരുതെന്ന് ആഗ്രഹിക്കുന്നതായും അറിയിക്കുന്നു. രമേഷിന് സ്തബ്ധനായി നിൽക്കാൻ മാത്രമേ സാധിക്കുന്നുള്ളു.
Audio & Recording
ചമയം
Video & Shooting
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
hrudayam.jpg | 96.15 KB |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |