ബിനു അടിമാലി

Binu Adimali
ആലപിച്ച ഗാനങ്ങൾ: 1

ഇടുക്കി ജില്ലയിലെ അടിമാലി സ്വദേശിയാണ് ബിനു അടിമാലി. അടിമാലി ഗവണ്മെന്റ് സ്ക്കൂളിലായിരുന്നു ബിനുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്ക്കൂൾ പഠനകാലത്ത് തന്നെ ബിനു കലാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. പ്രീഡിഗ്രി പഠനത്തിന് ശേഷം കലാരംഗത്ത് സജീവമായി. കൂട്ടുകാരുമായി ചേർന്ന് അടിമാലി സാഗര എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ചു. സീസണുകളിൽ മിമിക്രി പരിപാടികൾ അവതരിപ്പിച്ചും പരിപാടി ഇല്ലാത്ത സമയങ്ങളിൽ പെയിന്റിംഗ് പണിക്കുപോയുമാണ് ബിനുവിന്റെ ആദ്യകാല ജീവിതം.

സൂര്യ ടിവിയിലെ രസികരാജ എന്ന കോമഡി റിയാലിറ്റി ഷോയിൽ പങ്കെടുത്തതാണ് ബിനു അടിമാലിയുടെ കലാജീവിതത്തിൽ വഴിത്തിരിവായത്. അതിനുശേഷം ഏഷ്യാനെറ്റിലെ കോമഡി സ്റ്റാറിൽ പങ്കെടുത്തു. ഈ രണ്ടു റിയാലിറ്റി ഷോകളിലുടെയും ബിനു അടിമാലി പ്രശസ്തനായി. ടെലിവിഷൻ ഷോകളിലെ ബിനുവിന്റെ പ്രകടനം കണ്ടിഷ്ടപ്പെട്ട മണിയൻ പിള്ള രാജുവിന്റെ ശുപാർശയിലാണ് സിനിമയിൽ അഭിനയിക്കുന്നതിനുള്ള അവസരം ബിനു അടിമാലിയ്ക്ക് ലഭ്യമാകുന്നത്. ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത തൽസമയം ഒരു പെൺകുട്ടി എന്ന സിനിമയിലാണ് ബിനു ആദ്യമായി അഭിനയിച്ചത്. ഇതിഹാസകട്ടപ്പനയിലെ ഋത്വിക് റോഷൻ, പാവാട എന്നിവയുൾപ്പെടെ നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളോടൊപ്പം മിമിക്രി പ്രോഗ്രാമുകളും ടെലിവിഷൻ ഷോകളും ബിനു ചെയ്യുന്നുണ്ട്.

ബിനു അടിമാലിയുടെ ഭാര്യ ധന്യ. മൂന്ന് മക്കൾ, അവരുടെ പേരുകൾ-  ആത്മിക്, മീനാക്ഷി, ആമ്പൽ