ബീനാ പോൾ

Beena Paul
Beena Paul
Date of Birth: 
Saturday, 26 August, 1961
ബീന
ബീന പോൾ
ബീന പോൾ വേണുഗോപാൽ

എഡിറ്റർ

എം.പി. പോൾ, ശാരദ എന്നിവരുടെ മകളായി 1961 ഓഗസ്റ്റ്  26 -ന് ജനിച്ച ബീന പോൾ പഠിച്ചതും വളർന്നതും ഡൽഹിയിലാണ്.
1979 - ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോളജിയിൽ  ബിരുദം നേടിയ അവർ പിന്നീട് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ ചേർന്ന് എഡിറ്റിംഗ് പഠിച്ചു.
ജി. അരവിന്ദൻ സംവിധാനം ചെയ്ത  The Seer  Who  Walk  Alone  എന്ന ഡോക്യൂമെന്ററിയിലൂടെ 1985 -ൽ സ്വതന്ത്ര എഡിറ്ററായി. ശബ്നം വിർമാനി, സുമ ജോസ്സൻ തുടങ്ങി നിരവധി പ്രതിഭകളുടെ കൂടെ എഡിറ്ററായി പ്രവർത്തിച്ച ബീന പോൾ നാല് ഡോക്യൂമെന്ററികൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

1986 - ൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത 'അമ്മ അറിയാൻ' ആണ് ആദ്യത്തെ ഫീച്ചർ ഫിലിം. പടിപ്പുര, ജന്മദിനം, കയ്യൊപ്പ്, അഗ്നിസാക്ഷി, മഴ, മിത്ര് മൈ ഫ്രണ്ട്, മേഘമൽഹാർ എന്നിങ്ങനെ കലാമൂല്യമുള്ള ഒട്ടനവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചത് ബീന പോൾ ആയിരുന്നു. 
രേവതി സംവിധാനം ചെയ്ത മിത്ര്  മൈ ഫ്രണ്ട് എന്ന ചിത്രത്തിലൂടെ 2002 - ൽ  ആദ്യദേശീയ അവാർഡ് കരസ്ഥമാക്കി. തൊട്ടടുത്ത വര്ഷം നോൺ-ഫീച്ചർ വിഭാഗത്തിൽ ഉണ്ണി എന്ന ചിത്രത്തിലൂടെ രണ്ടാമതും ദേശീയപുരസ്കാരം നേടി. 
ടെലിവിഷൻ മാധ്യമത്തിലും സജീവസാന്നിധ്യമായിരുന്ന ബീന പോൾ മൂന്ന് തവണ മികച്ച എഡിറ്റർക്കുള്ള  കേരളസംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിന് അർഹയായിട്ടുണ്ട്. 

കേരള അന്തർദേശീയ ചലച്ചിത്രോത്സവത്തിന്റെ (IFFK ) ഡയറക്ടർ പദവി വഹിച്ചരുന്ന ബീന പോൾ  ചലച്ചിത്രമേളയ്ക്ക് പുതിയ ഭാവം നൽകി.  കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായും സി- ഡിറ്റിൽ സീനിയർ എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം എൽ.വി പ്രസാദ് ഫിലിം അക്കാദമിയുടെ പ്രിൻസിപ്പാളാണ്. 
 ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ തുല്യതയ്ക്കും അന്തസ്സിനും വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്ത്യയിലെതന്നെ ആദ്യത്തെ അസ്സോസ്സിയേഷനായ വിമെൻ  കലക്ടീവ് ഇൻ സിനിമ (WCC ) എന്ന സംഘടനയിലും പ്രവർത്തിക്കുന്നുണ്ട്. 

പ്രശസ്ത ഛായാഗ്രാഹകൻ വേണുവാണ് ഭർത്താവ്. മകൾ മാളവിക. 
വേണു സംവിധാനം ചെയ്ത ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചതും ബീന പോൾ ആയിരുന്നു.