അസിം ജമാൽ
കേച്ചേരിയിലെ ഒരു ഇടത്തരം മുസ്ലീം കുംടുംബത്തില്‍ ജനിച്ചു. വടക്കാഞ്ചേരി, വ്യാസ എന്‍.എസ്.എസ് കോളേജിലെ പഠനകാലത്തെ കലാപ്രവര്‍ത്തനങ്ങള്‍ നാടകത്തില്‍ താല്‍പ്പര്യം ഉണര്‍ത്തിയതിനെ തുടര്‍ന്ന് ചെറിയ നാടക സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.
കേച്ചേരിയില്‍ ആ കാലത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന 'കമ്പന' കലാസാംസ്കാരിക വേദിയുടെ തെരുവുനാടകങ്ങളുമായി മധ്യകേരളത്തില്‍ മൂവായിരത്തിലേറെ വേദികളില്‍ നാടകം അവതരിപ്പിച്ചു. 'കമ്പന'യുടെ ആവിഷ്ക്കാരങ്ങളെല്ലാം സമകാലീന വിഷയങ്ങള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു. സംവിധായകന് പ്രിയനന്ദനനും (റൂട്സ്), നടനും സംവിധായകനുമായ മുരുകനും നേതൃത്വം നല്കിയ തൃശൂരിലെ ചില അമച്വര്‍ നാടക സംഘങ്ങളുമായും ആ സമയത്ത് സഹകരിച്ചിരുന്നു.
പ്രിയനന്ദനന് സംവിധാനത്തില്‍ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'കിനാവ്' എന്ന ടിവി സീരിയലിന്റെ നിര്‍മ്മാതാവും അതിലെ പ്രധാന അഭിനേതാവും അസിം ജമാലായിരുന്നു. പിന്നീട് ഗള്‍ഫ് നാടുകള്‍ പശ്ചാത്തലമാക്കി ലാല്‍ ജോസ്, 'അറബിക്കഥ' സംവിധാനം ചെയ്യുന്ന വേളയിലെ പരിചയം ആ ചിത്രത്തില്‍ ഒരു ചെറിയ വേഷം അവതരിപ്പിക്കുവാന്‍ അവസരം ലഭിക്കുന്നതിന് ഇടയാക്കി. പിന്നീട് 'കുരുക്ഷേത്ര', 'ഇവിടം സ്വര്‍ഗ്ഗമാണ്', 'വീട്ടിലേക്കുള്ള വഴി' എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു.
'വീട്ടിലേക്കുള്ള വഴി'യിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ്, 'അന്‍വര്‍' എന്ന ചിത്രത്തിലേക്ക് സംവിധായകന് അമല്‍ നീരദിനോട് അസീം ജമാലിനെ നിര്‍ദ്ദേശിക്കുകയും ആ ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായ ബാബു സേഠിന്റെ മുഖ്യ സഹായിയായ സലിം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. 'ഹണിബീ'യിലെ ആന്റണി പുണ്യാളന്, 'പകിട'യിലെ സ്റ്റീഫന്‍ എന്നിവയാണ് സമീപകാലത്ത് അഭിനയിച്ച പ്രധാന കഥാപാത്രങ്ങള്‍.
'അഞ്ച് സുന്ദരികള്‍' എന്ന ആന്തോളജി ചിത്രത്തിലെ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ആമി'യിലെ ശബ്ദമായി മാത്രം ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ട അര്ബാബിനെ അവതരിപ്പിച്ചതും അസീം ജമാലാണ്.