അരുൺ പുനലൂർ
പുനലൂരിനടത്ത് വിളക്കുവട്ടം സ്വദേശി. സിനിമയിൽ ക്യാമറമാൻ ആവുക എന്ന ആഗ്രഹത്തോടെ മദ്രാസിലേക്ക് പോയ അരുണിന് ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റായി മാറാൻ അവസരം ലഭിച്ചുവെങ്കിലും പിന്നീട് ചിക്കൻ പോക്സ് പിടിപെട്ട് നാട്ടിലേക്ക് തിരിച്ചു വരേണ്ടിവന്നു. നാട്ടിലെത്തി പുനലൂരിൽ ഒരു സ്റ്റുഡിയോയിൽ ഫോട്ടോഗ്രഫറായി ജോലി തുടങ്ങി. ബ്ലാക്ക് & വൈറ്റ് ക്യാമറയിലായിരുന്നു തുടക്കം. നിരവധി സിനിമാ മാസികകൾക്കും മുഖ്യ പത്രങ്ങൾക്കും വേണ്ടി ആ സമയത്ത് ഫ്രീലാൻസായി പ്രവർത്തിച്ചു. അതിൽ നിന്നുള്ള പരിചയം അരുണിനെ സീരിയൽ മേഖലയിൽ എത്തിച്ചു. എന്നാലും കെ ജി ജോർജ്ജിന്റെ ഇലവങ്കോട് ദേശം എന്ന സിനിമയുടെ ലൊക്കേഷൻ മാനേജർ ആയാണ് സിനിമയിൽ തുടക്കമിട്ടത്. അദ്ദേഹത്തിന്റെ സ്വദേശത്തിനടുത്തായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ആ നാട് അറിയാവുന്നതിനാലും മദ്രാസിലായിരുന്നപ്പോൾ ഉള്ള പരിചയം കൊണ്ടും ആ ചിത്രത്തിന്റെ പ്രൊഡ.കണ്ട്രോളർ പി. എ. ലത്തീഫ് അരുണിനെ ആ സിനിമയിൽ വിളിക്കുകയായിരുന്നു. പിന്നീട് പ്രശസ്ത ചലച്ചിത്ര സംവിധായകനും നിരൂപകനുമൊക്കെയായ വിജയകൃഷ്ണൻ സംവിധാനം ചെയ്ത ദലമർമരങ്ങൾ എന്ന സിനിമയിലാണ് ആദ്യമായി സ്വതന്ത്ര സ്റ്റിൽ ഫോട്ടോഗ്രഫറായി പ്രവർത്തിച്ചത്.
ആറോളം ഡോക്യുമെന്ററികൾ അരുൺ സംവിധാനം ചെയ്തിട്ടുണ്ട്. 2010 ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ പത്തോളം പുരസ്കാരങ്ങളും ഈ ഡോക്യുമെന്ററികൾക്കു ലഭിച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള പുനലൂർ ചെങ്കോട്ട തീവണ്ടിപ്പാതയെക്കുറിച്ച് അദ്ദേഹം ചെയ്ത ഡോക്യുമെന്ററി - ഓർമകളിലേക്ക് ഒരു ഒറ്റയടിപ്പാത, പ്രദർശിപ്പിച്ച ഫിലിം ഫെസ്റ്റിവലിലെ ജൂറി മെമ്പറായിരുന്നു സംവിധായകൻ ഡോ. ബിജു. അദ്ദേഹവുമായുള്ള പരിചയം കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിൽ സ്റ്റിൽ ഫോട്ടോഗ്രഫറാക്കി. അദ്ദേഹത്തിന്റെ അടുത്ത ചിത്രം സൗണ്ട് ഓഫ് സൈലൻസിലും അരുൺ തന്നെയായിരുന്നു സ്റ്റിൽ ഫോട്ടോഗ്രാഫർ. 2016 ൽ അകം പുറം എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ട് അഭിനയ രംഗത്തേക്കും കടന്നു. കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിൽ ഒരു വേഷം അഭിനയിച്ച അരുൺ, വ്യാസൻ എടവനക്കാട് സംവിധാനം ചെയ്ത അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിൽ മറ്റൊരു ചെറിയ വേഷം ചെയ്തു.
ഫേസ്ബുക്ക് പ്രൊഫൈൽ