ടി ജി രവി

T G Ravi
Date of Birth: 
ചൊവ്വ, 16 May, 1944

മലയാള ചലച്ചിത്ര നടൻ.  ടി ആർ ഗോവിന്ദനെഴുത്തച്ഛന്റെയും കല്യാണിയുടെയും മകനായി 1944 മെയ് 16-ന് രവീന്ദ്രനാഥൻ എന്ന ടി ജി രവി തൃശ്ശൂർ ജില്ലയിലെ മൂർക്കനിക്കരയിൽ ജനിച്ചു. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കിയ അദ്ദേഹം  Kerala University in Government Engineering College, Thrissur -ൽ നിന്നും മെക്കാനിക്കൽ എഞ്ജിനീയറിംഗിൽ ഗ്രാജ്വേഷൻ പൂർത്തിയാക്കി. വിദ്യാഭ്യാസ സമയത്തുതന്നെ അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കൂടാതെ  കേരള യൂനിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചുള്ള ഫുട്ബാൾ ടീമിലും ഹോക്കി ടീമിലും അംഗമായിരുന്നു ടി ജി രവി. ആകാശവാണി നാടകങ്ങളിൽ ടി ജി രവി അഭിനയിച്ചിരുന്ന കാലത്ത് തിക്കോടിയനുമായി പരിചയമാണ് അദ്ദേഹത്തിന് സിനിമയിലേയ്ക്കുള്ള വഴിതുറന്നത്.  തിക്കോടിയന്‍ ഇദ്ദേഹത്തെ സംവിധായകന്‍ അരവിന്ദനുമായി പരിചയപ്പെടുത്തി. അങ്ങനെ 1975-ൽ അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെ ആദ്യമായി അദ്ദേഹം ചലച്ചിത്രരംഗത്തെത്തി. തുടര്‍ന്ന് ഏറെ അവസരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയില്ലെങ്കിലും ചലച്ചിത്രരംഗത്തെ താല്‍‌പ്പര്യം മുന്‍നിര്‍ത്തി അദ്ദേഹം സ്വന്തമായി പാദസരം എന്ന പേരില്‍ ഒരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. ഇതില്‍ നായക വേഷത്തില്‍ അഭിനയിച്ചെങ്കിലും ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ, തൂടര്‍ന്നു നിര്‍മ്മിച്ച രണ്ട് ചിത്രങ്ങള്‍ സാമാന്യം വിജയം നേടി. പിന്നീട് ജയന്‍ നായകനായി അഭിനയിച്ച ചാകര എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ച്‌ ടി.ജി. രവി മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ ഒരു വ്യക്തിയായി മാ‍റി. അക്കാലത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ പ്രധാനമായും വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചു. ഭരതൻ സംവിധാനം ചെയ്ത പറങ്കിമല എന്ന സിനിമയിൽ തൃശ്ശൂർ ഭാഷാശൈലിയിൽ സംസാരിയ്ക്കുന്ന കുഞ്ഞിപ്പാലു എന്ന വില്ലനായി ടി ജി രവി മിച്ചപ്രകടനം കാഴ്ച്ചവെച്ചു. ആ വേഷം ടി ജി രവിയെ പ്രശസ്ഥനാക്കി. പിന്നീട് അദ്ദേഹം മലയാളചലച്ചിത്ര ചരിത്രത്തില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തു. 

1990-കളുടെ തുടക്കത്തിൽ പൂര്‍ണ്ണസമയ ചലച്ചിത്രപ്രവര്‍ത്തനങ്ങളില്‍ നിന്ന് അദ്ദേഹം വിരമിച്ചു. പക്ഷേ, പത്ത് വർഷത്തിനുശേഷം, സിബി മലയില്‍ 2006ല്‍ സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തിരിച്ചുവന്നു. നൂറ്റി അൻപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലും ടി ജി രവി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം ബിസിനസ്സിലും ടി ജി രവിയ്ക്ക് താത്പര്യമുണ്ടായിരുന്നു. പില്‍ക്കാലത്തു സ്വന്തമായി വ്യവസായത്തില്‍ വ്യാപൃതനായ ഇദ്ദേഹം റബ്ബര്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സണ്‍‌ടെക് ടയേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങിവെച്ചു.  കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ടി ജി രവി പ്രവർത്തിച്ചിട്ടുണ്ട്. 

പരേതയായ ഡോക്ടര്‍ വി.കെ. സുഭദ്രയായിരുന്നു അദ്ദേഹത്തിന്റെ പത്നി. കൊല്‍ക്കൊത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ലണ്ടന്‍ ബിസിനസ്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച വ്യവസായിയായ രഞ്ജിത്ത്, സുരത്കല്‍ NIT , ബെങ്കലുരു ICFAI ബിസിനസ്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച മലയാളചലച്ചിത്ര അഭിനേതാവും വ്യവസായിയുമായ ശ്രീജിത്ത് രവി എന്നിവരാണ് മക്കള്‍.

അവാർഡുകൾ - 

2007 : Kerala State Film Award – Special Mention (Films - Adayalangal, Ottakkayyan)
Kerala State Government Television Award 2006 - Best Actor - Nizhalroopam[5]
2013 : Kerala Film Critics Association Awards[6] - Chalachitra Prathiba Puraskar