അക്ഷര കിഷോർ
മലയാള ചലച്ചിത്ര നടി. കിഷോർ കുമാറിന്റെയും ഹേമപ്രഭയുടെയും മകളായി രണ്ടായിരത്തി എട്ടിലെ വിജയദശമി ദിനമായ ഒക്ടോബർ 8 ആം തിയതി കണ്ണൂരിലാണ് അക്ഷര ജനിച്ചത്. അതുകൊണ്ടാണ് അക്ഷര എന്ന് പേര് മാതാപിതാക്കൾ നൽകിയതും. അച്ഛൻ കിഷോർ കുമാർ ഏറണാകുളത്ത് ഇന്റീരിയർ ഡിസൈനറാണ്. അമ്മ ഹേമ പ്രഭ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ. സഹോദരി അഖില. കൊച്ചിയിലെ ഭവൻസിലാണ് അക്ഷര പഠിക്കുന്നത്.
ക്ലാസിക്കൽ നൃത്തത്തിൽ അരങ്ങേറ്റം കഴിഞ്ഞ അക്ഷരയ്ക്ക് കൂടുതൽ ഇഷ്ടം അഭിനയം തന്നെ. വളരെ ചെറുതായിരിക്കുമ്പോൾതന്നെ അക്ഷര പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2014 ൽ തന്റെ ആറാം വയസ്സിൽ ഏഷ്യാനെറ്റിലെ "കറുത്തമുത്ത്" എന്ന സീരിയലിൽ ബാലതാരമായി അഭിനയിച്ചാണ് അക്ഷര കിഷോർ പ്രശസ്തയാകുന്നത്. 2014 ൽ തന്നെ അക്ഷര "മത്തായി കുഴപ്പക്കാരനല്ല" എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തും തന്റെ സാന്നിധ്യം അറിയിച്ചു. തുടർന്ന് കനൽ, ആടുപുലിയാട്ടം, ഡാർവിന്റെ പരിണാമം... എന്നിങ്ങനെ പതിനെട്ടോളം ചിത്രങ്ങളിൽ തന്റെ പത്ത് വയസ്സിനുള്ളിൽ അക്ഷര അഭിനയിച്ചു. ആടുപുലിയാട്ടത്തിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.