സണ്ണി ജോസഫ്
സി വി ജോസഫിന്റേയും ത്രേസ്യാമ്മയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്ന് സുവോളജിയിൽ ബി.എസ്‌സി വിജയിച്ച സണ്ണി ജോസഫ് അതിനുശേഷം പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1983 -ൽ ഛായാഗ്രഹണത്തിൽ ബിരുദാനന്തര ഡിപ്ലോമ നേടി.
1987 -ൽ മോഹൻ സംവിധാനം ചെയ്ത തീർത്ഥം എന്ന സിനിമയിൽ ഛായാഗ്രഹകനായാണ് സണ്ണി ജോസഫ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം അരവിന്ദൻ സംവിധാനം ചെയ്ത ഉണ്ണി, ടി വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണം, തുടങ്ങിയ നിരവധി മികച്ച സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചു.ഷാജി എൻ. കരുണിനു വേണ്ടി ഛായാഗ്രഹണം നിർവഹിച്ച പിറവി എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ജോസഫ് ശ്രദ്ധിക്കപ്പെട്ടത്. 2022 -ൽ ഭൂമിയുടെ ഉപ്പ് എന്ന ചലച്ചിത്രം അദ്ദേഹം കഥ എഴുതി സംവിധാനം ചെയ്യുകയുണ്ടായി. 1988 -ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫോട്ടോഗ്രാഫിക്കുള്ള അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള സണ്ണി ജോസഫ് ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്‌സിന്റെ (ISC) മുൻ ചെയർമാനും ജനറൽ സെക്രട്ടറിയുമായിരുന്നു.
സണ്ണി ജോസഫിന്റെ ഭാര്യ പുഷ്പ സണ്ണി. മക്കൾ അനിൽ സണ്ണി, അപർണ്ണ സണ്ണി.


