സരിത കുക്കു

Saritha Cuckoo
Date of Birth: 
Sunday, 30 October, 1983
സരിത കുക്കു

1983 ഒക്റ്റൊബർ 30 -ന് കുഞ്ഞിക്കണ്ണൻ കണ്ണോത്ത്(റിട്ടയേഡ് ആർമി ഓഫീസർ) ന്റെയും  സി പി കാർത്യായനിയുടെയും മകളായി കൊച്ചിയിൽ ജനിച്ചു. പത്താംക്ലാസ് വരെ ബാംഗ്ലൂർ കൊൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളിലായിരുന്നു സരിതയുടെ വിദ്യാഭ്യാസം. അതിനുശേഷം പ്ളസ് ടു പഠനം കരിവള്ളൂർ ജി എച്ച് എസിലായിരുന്നു. തുടർന്ന് പയ്യന്നൂർ കോളേജിൽ നിന്നും ബിഎസ് സി ബോട്ടണി കഴിഞ്ഞതിനുശേഷം കോയമ്പത്തൂർ പി എസ് ജി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും സരിത ഇലക്ട്രൊണിക് മീഡിയയിൽ മാസ്റ്റർ ബിരുദം നേടി.

 സരിത കുക്കുവിന്റെ അഭിനയരംഗത്തേയ്ക്കുള്ള ചുവടുവെപ്പ്  നാടകങ്ങളിലൂടെയായിരുന്നു. കോളേജ് കലോത്സവത്തിലൂടെയാണ് നാടകത്തിലേക്കു  വന്നത് . കണ്ണൂർ യൂനിവേഴ്സിറ്റി കലോത്സവങ്ങളിൽ അവതരിപ്പിച്ച നാടകങ്ങളിൽ 2004, 2005 വർഷങ്ങളിൽ ഏറ്റവും നല്ല നടി ആയി തിരഞ്ഞെടുക്കപ്പെട്ടു . പിന്നീട് അമേച്വർ നാടകങ്ങളിലൂടെ, സ്വതന്ത്ര സംവിധായകരുടെ കൂടെ അഭിനയിച്ച നാടകങ്ങൾ ഇന്റർനാഷണൽ തീയേറ്റർ ഫെസ്റ്റിവൽ തൃശൂർ ,  PRD  ഫെസ്റ്റിവൽ , ഭാരത് രംഗ് മഹോത്സവ്  ( നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഫെസ്റ്റിവൽ ) എന്നിവയിലും അവതരിപ്പിച്ചിട്ടുണ്ട്.

സരിത കുക്കു സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്  സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ സ്റ്റുഡന്റസ് പ്രൊഡക്ഷനിലൂടെയായിരുന്നു. പാപ്പിലിയോ ബുദ്ധ ആയിരുന്നു ആദ്യ സിനിമ. അതിലെ മഞ്ജുശ്രീ എന്ന കഥാപാത്രം സരിതയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് ഇയ്യോബിന്റെ പുസ്തകം, കാറ്റ്, വൃത്താകൃതിയിലുള്ള ചതുരം, വെയിൽമരങ്ങൾ എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ സരിത കുക്കു അഭിനയിച്ചു. സിനിമകൾ കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും സരിത കുക്കു അഭിനയിച്ചു. പ്രാചീനം, അവൾ, ചരിത്രം, മേരി ആൻഡ് ലോറൻസ്, കുൽസിതം എന്നിവ അവയിൽ ചിലതാണ്. അടുക്കള, ഒഥല്ലോ എ പോസ്റ്റ് മോഡേൺ ട്രാജടി, റൈഡർ ഓഫ് ദി സീ... എന്നിവയുൾപ്പെടെ പത്തിലധികം നാടകങ്ങളിലും സരിത അഭിനയിച്ചിട്ടുണ്ട്.

മകളോടും മാതാപിതാക്കളോടുമൊപ്പം സരിത ഇപ്പോൾ കരിവള്ളൂരിലെ വീട്ടിൽ താമസിയ്ക്കുന്നു.

   

   Facebook