റിസബാവ

Risabawa
Risabava
Date of Birth: 
Saturday, 24 September, 1966
Date of Death: 
തിങ്കൾ, 13 September, 2021

മലയാള ചലച്ചിത്ര നടൻ.  1966 സെപ്റ്റംബർ 24-ന് കൊച്ചിയിൽ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു റിസബാവയുടെ വിദ്യാഭ്യാസം. നാടക വേദികളിലൂടെയാണ്  അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1984-ൽ സ്നേഹമുള്ള വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല.  ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേയ്ക്കെത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. എന്നാൽ റിസബാവ ശ്രദ്ധിയ്ക്കപ്പെട്ടത് സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ ചെയ്ത ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം പ്രേക്ഷക പ്രശംസ നേടി.

പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിംങ്ങും ചെയ്തിട്ടുണ്ട്. കുറേക്കാലമായി അസുഖബാധിതനായിരുന്ന റിസബാവ 2021 സെപ്തംബർ 13ന് അന്തരിച്ചു.