ആന്റണി ഈസ്റ്റ്മാൻ
ആന്റണി ഈസ്റ്റ്മാൻ
നിശ്ചലഛായാഗ്രാഹകൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്, നിർമാതാവ്, സംവിധായകൻ
കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂർ മുരിങ്ങാത്തേരി കുര്യാക്കോസിന്റേയും മാർത്തയുടേയും മകനായി 1946 ആഗസ്റ്റ് 26-നാണ് ആന്റണി ജനിച്ചത്. ചൊവ്വന്നൂർ സെന്റ് തോമസ് സ്‌കൂളിലും കുന്നംകുളം ഗവ ഹൈസ്‌കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
അറുപതുകളുടെ മധ്യത്തോടെ പത്രങ്ങൾക്കുവേണ്ടി ഫോട്ടോയെടുത്തായിരുന്നു ആന്റണി ഈസ്റ്റ്മാന്റെ തുടക്കം. പിന്നീട് വാരികയ്ക്കുവേണ്ടി സിനിമാ മേഖലയിലുള്ളവരുടെ ചിത്രങ്ങൾ എടുത്തു തുടങ്ങി. എറണാകുളത്ത് കാർട്ടൂണിസ്റ്റ് തോമസിന്റെ ഡിസൈനേഴ്സ് എന്ന് പരസ്യ സ്ഥാപനത്തിനു വേണ്ടി മോഡൽ ഫോട്ടോഗ്രഫി ചെയ്യാൻ ആരംഭിച്ചു. 1976-ൽ പി എ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെ നിശ്ചലഛായാഗ്രാഹകനായി.
ബസുകളുടെ ഹോണടിയും ഡബിൾ ബെല്ലുമൊക്കെ പശ്ചാത്തലസംഗീതമായ കലൂർ ബസ്സ്റ്റാൻഡിലെ നഗരസഭാ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ 'ഈസ്റ്റ്മാൻ സ്റ്റുഡിയോ'യിൽ വെച്ചാണ് അയാൾ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയത്. നിശ്ചയദാർഢ്യത്തോടെ യാത്ര തുടർന്നതോടെ സിനിമാ പ്രവേശനത്തിന് അയാൾക്കൊപ്പം ഡബിൾബെൽ കിട്ടിയവരും ഏറെ. ആന്റണി ഈസ്റ്റ്മാൻ എന്ന സിനിമാക്കാരന്റെ പിറവിയുടെ അധ്യായത്തിൽ തന്നെയാണ് ജോൺസൺ എന്ന സംഗീതസംവിധായകന്റെയും സിൽക്ക് സ്മിത എന്ന നടിയുടേയുമൊക്കെ കഥകൾ തെളിയുന്നത്. ആന്റണിയുടെ സ്റ്റുഡിയോയിൽ എപ്പോഴും വരുമായിരുന്ന ജോൺപോളും, കലൂർ ഡെന്നീസും, ആർ കെ ദാമോദരനും, സെബാസ്റ്റ്യൻ പോളും, ആർട്ടിസ്റ്റ് കിത്തോയും, എ ആർ മുകേഷുമൊക്കെ
സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ചായിരുന്നു. ഒരു സിനിമ ചെയ്യണമെന്ന ആന്റണിയുടെ മോഹത്തിന് ചിറകുകൾ നൽകിയത് ജോൺപോളിന്റെ സാന്നിധ്യമായിരുന്നു. ജോണിനെക്കൊണ്ട് തിരക്കഥ എഴുതിച്ച 'ഇണയെത്തേടി' എന്ന ആദ്യ ചിത്രം പിറക്കുന്നതും സ്റ്റുഡിയോയിലെ ഈ സൗഹൃദക്കൂട്ടായ്മയിൽ നിന്നാണ്.
ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്താണ് ഇണയെത്തേടി എന്ന പ്രമേയത്തിൽ ഒരു കവിത സിനിമയുടെ ടൈറ്റിൽ സോംഗായി വേണമെന്ന് ആന്റണി ആഗ്രഹിക്കുന്നത്. 'പകൽ രാത്രിയെ തേടുന്നതുപോലെ, നദി സമുദ്രത്തെ തേടുന്നതുപോലെ, പ്രപഞ്ചത്തിലെ എല്ലാവരും ഇണയെത്തേടുന്നു' എന്നായിരുന്നു ആന്റണിയുടെ വാക്കുകൾ. ഇതിനെ അടിസ്ഥാനമാക്കി കവിത രചിക്കാനുള്ള ജോലി ആന്റണി ഏൽപ്പിച്ചത് ആർ കെ ദാമോദരനെയായിരുന്നു. ' വിപിനവാടിക കുയിലുതേടി വിപഞ്ചിയോ മണിവിരലുതേടി പുരുഷകാമന ഇന്നും സ്ത്രീയിൽ ഇവിടെ ജനിമൃതി പൂക്കും വഴിയിൽ ഇണയെത്തേടി' എന്ന കവിത ആർ കെ എഴുതിയതോടെ ആന്റണിയും കൂട്ടുകാരും ഹാപ്പി.
ടൈറ്റിൽ സോങ്ങിന് സംഗീതം പകരാൻ ദേവരാജൻ മാഷ് വേണമെന്നായിരുന്നു ആന്റണിയുടെ ആഗ്രഹം. 1979-ൽ കൂട്ടുകാരേയും കൂട്ടി ആന്റണി മദിരാശിയിലെ ദേവരാജൻ മാഷിന്റെ വീട്ടിലെത്തി. തിരക്കിലായിരുന്ന മാഷിന് അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. എന്നാൽ, ശിഷ്യനെ പരിചയപ്പെടുത്തി. ജോൺസൺ എന്ന പേരിൽ മുന്നിലെത്തിയ ആളെക്കണ്ടപ്പോൾ വയലിൻ വായിക്കുന്ന ഒരു ചെക്കൻ എന്നതിനപ്പുറം ആർക്കും ആളെ അറിയില്ലായിരുന്നു. പക്ഷേ ദേവരാജൻ മാഷിന് ജോൺസനിലുണ്ടായിരുന്ന വിശ്വാസം അത്രമേൽ വലുതായിരുന്നു. ആന്റണി ഈസ്റ്റ്മാൻ എന്ന സിനിമാക്കാരന്റെ കൈപിടിച്ച് സാനിമാസംഗീത രംഗത്തെത്തിയ ജോൺസൺ പിന്നീട് ആരായിത്തീർന്നുവെന്നത് ചരിത്രം.
ഇണയെത്തേടിക്കു പുറമേ വർണ്ണത്തേര്, മൃദുല, ഐസ്ക്രീം, അമ്പട ഞാനേ, വയൽ എന്നീ ചിത്രങ്ങളാണ് ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്തത്. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ഇവിടെ ഈ തീരത്ത്, ഈ തണലിൽ ഇത്തിരി നേരം, ഐസ്ക്രീം, മൃദുല, മാണിക്യൻ, തസ്ക്കരവീരൻ, ക്ലൈമാക്സ് എന്നീ ചിത്രങ്ങൾക്ക് കഥയും എഴുതി. നിരവധി സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണവും, പി ജി വിശ്വംഭരന്റെ പാർവതീപരിണയത്തിന്റെ നിർമ്മാതാവും ആയിരുന്നു.
കഥ, തിരക്കഥ, നിശ്ചലഛായാഗ്രാഹകൻ, നിർമ്മാതാവ് എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ആന്റണി ഈസ്റ്റ്മാൻ ഹൃദയാഘാതത്തെ തുടർന്ന് 2021 ജൂലൈ 3-ന് അന്തരിച്ചു.
അദ്ദേഹത്തിന്റെ ഭാര്യ- മേരി, മക്കൾ- ഗഞ്ചി, മിനി. മകനോടൊപ്പം വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിലായിരുന്നു താമസം.
അവലംബം: മാതൃഭൂമി ദിനപ്പത്രം