കൃഷ്ണപ്രസാദ്
മലയാള ചലച്ചിത്ര,സീരിയൽ നടൻ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. ചങ്ങനാശേരി എൻ.എസ്.എസ്. ഹിന്ദു കോളജിലായിരുന്നു കൃഷ്ണപ്രസാദിന്റെ വിദ്യാഭ്യാസം. കോളജ് ജീവിതകാലത്തുതന്നെ അദ്ദേഹം സംഗീതത്തിലും കലയിലും വളരെയേറെ താത്പര്യം കാണിച്ചിരുന്നു. 1991 ലും 1992 ലും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ അദ്ദേഹം വിജയിയായിരുന്നു.
1988- ൽ പ്രസിദ്ധ സംവിധായകനായിരുന്ന പി. പദ്മരാജൻ സംവിധാനം ചെയ്ത മൂന്നാം പക്കം എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രസാദ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. 1989-ൽ പത്മരാജന്റെ തന്നെ മോഹൻലാൽ ചിത്രം സീസൺ, 1991-ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത വേനൽക്കിനാവുകൾ, അയലത്തെ അദ്ദേഹം, ഒരു യാത്രാമൊഴി, കമലദളം, വെട്ടം, ബാംഗ്ലൂർ ഡേയ്സ്, പേരറിയാത്തവർ... എന്നിങ്ങനെ അൻപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അനേകം ടെലിവിഷൻ സീരിയലുകളിലും കൃഷ്ണപ്രസാദ് തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. സ്ത്രീ, സമയം, സമക്ഷം എന്നിവ ഇതിൽ പ്രമുഖങ്ങളാണ്. സമക്ഷത്തിലെ അഭിനയത്തിന് കൃഷ്ണപ്രസാദിന് മികച്ചനടനുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലും കേരള ലളിതകലാ അക്കാദമിയിലും അംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നല്ലൊരു കർഷകൻ കൂടിയായ കൃഷ്ണപ്രസാദിനാണ് 2010-ലെ യുവ കർഷകനുള്ള അവാർഡ് ലഭിച്ചത്.
കൃഷ്ണപ്രസാദിന്റെ ഭാര്യയുടെ പേര് രശ്മി. രണ്ടു കുട്ടികൾ പ്രാർത്ഥന കൃഷ്ണ, പ്രപഞ്ച കൃഷ്ണ.