നെടുമ്പ്രം ഗോപി
തിരുവല്ല നെടുമ്പ്രം സ്വദേശി. തിരുവല്ല അമ്പലത്തിലെ ഉത്സവത്തിനു ജാസി ഗിഫ്റ്റിന്റെ ഗാനമേള ബുക്ക് ചെയ്യാൻ സംവിധായകൻ ബ്ലെസിയുടെ സഹായം അഭ്യർത്ഥിച്ച് ഗോപിയുടെ നാട്ടുകാർ എത്തുന്നതും അപ്പോൾ നിങ്ങളുടെ പരിചയത്തിലാരെങ്കിലും അഭിനയിപ്പിക്കാൻ കൊള്ളാവുന്നവരുണ്ടോ എന്നുള്ള ചോദ്യവുമാണ് നെടുമ്പ്രം ഗോപിക്ക് സിനിമയിലേക്ക് അവസരമൊരുക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോഴും കെ എസ് ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരിക്കുമ്പോഴും നടന്ന കലാമേളകളിൽ പങ്കെടുത്ത പരിചയവും, അവിടെ രണ്ട് പ്രാവശ്യം നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട ആത്മവിശ്വാസവുമാണ് ഗോപിക്ക് ഒഡീഷനിലെത്തി സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള കാരണമായത്.
ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച്ച എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചുകൊണ്ടാണ് നെടുമ്പ്രം ഗോപി തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ശീലാബതി, അശ്വാരൂഡൻ, പകർന്നാട്ടം.. എന്നിവയുൾപ്പെടെ ഏറെ മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. സിനിമകൾ കൂടാതെ സീരിയലുകളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്.
ഭാര്യ കമലമ്മ റിട്ടയേർഡ് ഹെഡ് മിസ്ട്രസായിരുന്നു. മൂന്ന് മക്കൾ സുനിൽ ജി നാഥ്, സുനിത, സുബിത എന്നീ മൂന്ന് മക്കളാണ്.
2022 ആഗസ്റ്റ് പതിനാറിന് തിരുവല്ലയിൽ വച്ച് അന്തരിക്കുമ്പോൾ ഗോപിക്ക് 85 വയസായിരുന്നു.