നിഖിൽ രാജ്

Nikhil Raj
ആലപിച്ച ഗാനങ്ങൾ: 11

2007ൽ ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ്  നിഖിൽ രാജ്. ആ പരിപാടിയിൽ സെമിഫൈനൽ വരെയെത്തുകയും 2010 ൽ 
അമൃത ടിവിയിലെ സൂപ്പർസ്റ്റാറിൽ ഫസ്റ്റ് റണ്ണർ അപ്പ് ആവുകയും ചെയ്ത നിഖിൽ, പിന്നീട് ദേശത്തും വിദേശത്തുമായി നിരവധി ഫ്യൂഷൻ ഷോകളും വ്യത്യസ്ത കലാകാരന്മാർക്കൊപ്പം ചേർന്ന് സംഗീത പരിപാടികളും അവതരിപ്പിച്ചു വരുന്നു. കുറെയേറെ ഭക്തിഗാനങ്ങളും ആൽബം പാട്ടുകളും നിഖിൽ ഇതിനോടകം പാടിക്കഴിഞ്ഞു. എം ജയചന്ദ്രൻ സംഗീതം നൽകിയ രതിനിർവേദം എന്ന സിനിമയിലെ നാട്ടുവഴിയിലെ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്ത് നിഖിൽ സജീവമാകുന്നത്.

എറണാകുളം ചോറ്റാനിക്കര സ്വദേശിയാണ്  നിഖിൽ രാജ് . 1986 ജൂൺ ആറിന് നടരാജ് -രാധ ദമ്പതികളുടെ മകനായാണ് നിഖിൽ രാജ്  ജനിച്ചത്. കടുങ്ങമംഗലം സ്കൂൾ, ചോറ്റാനിക്കര ഗവണ്മെന്റ് സ്കൂൾ എന്നിവിടങ്ങളിൽ  നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം രാജർഷി കോളേജിൽ നിന്ന് പ്ലസ് ടുവും പാസ്സായി. പിന്നീടാണ് ആർ എൽ വി കോളേജ് തൃപ്പൂണിത്തുറയിൽ നിന്ന് ബി എ മ്യൂസിക് ചെയ്യുന്നത്. അഞ്ചാം ക്ലാസ്സുമുതൽ സംഗീത പഠനം ആരംഭിച്ച നിഖിൽ രാജ്, അന്ന് മുതൽ തന്നെ സ്റ്റേജ് പരിപാടികളിൽ സജീവമായിരുന്നു. ഇപ്പോൾ ഏകദേശം 25 വർഷത്തോളമായി സംഗീത രംഗത്ത് സജീവമാണ് ഇദ്ദേഹം. ഈ കാലയളവിൽ നിരവധി പുരസ്കാരങ്ങളും നിഖിൽ രാജിനെ തേടിയെത്തി. മികച്ച പിന്നണി ഗായകനുള്ള വയലാർ അവാർഡ്, റേഡിയോ മിർച്ചി അവാർഡ് തുടങ്ങിയവ അവയിൽ ചിലതാണ്. 

അച്ഛനും അമ്മയും ഭാര്യയും ഒരു മകളും അടങ്ങുന്നതാണ് നിഖിൽ രാജിന്റെ കുടുംബം. സംഗീത അദ്ധ്യാപനത്തിലും തല്പരനായ നിഖിലിന്റെ ഭാര്യയും സംഗീത അദ്ധ്യാപികയാണ്.