മോഹിനി

Mohini

തെന്നിന്ത്യൻ ചലച്ചിത്ര നടി. കോയമ്പത്തൂരിലെ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മോഹിനിയുടെ യഥാർത്ഥ നാമം മഹാലക്ഷ്മി എന്നായിരുന്നു. 1991- ൽ Eeramana Rojave എന്ന തമിഴ് ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് മോഹിനി സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷമാണ്  മലയാളസിനിമയിലേയ്ക്കുള്ള പ്രവേശനം. 1992- ൽ മോഹൻലാലിന്റെ നായികയായി നാടോടി എന്ന സിനിമയിലാണ് മോഹിനി മലയാളത്തിൽ ആദ്യമായി അഭിനയിയ്ക്കുന്നത്. 

താമസിയാതെ മലയാള സിനിമയിലെ മുൻനിര നായികയായി മോഹിനി മാറി. ഗസൽ, ഈ പുഴയും കടന്ന്, കണാക്കിനാവ്, ഉല്ലാസപ്പൂങ്കാറ്റ്, ഒരു മറവത്തൂർ കനവ്, പഞ്ചാബി ഹൗസ്, പട്ടാഭിഷേകം എന്നിവയുൾപ്പെടെ നിരവധി വിജയചിത്രങ്ങളിൽ മോഹിനി നായികയായി. മലയാളത്തിലെ എല്ലാ പ്രധാനപ്പെട്ട നായകൻമാരുടെയും നായികയായി മോഹിനി അഭിനയിച്ചു. വിവിധഭാഷകളിലായി അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മോഹിനി 1999- ൽ അമേരിക്കൻ മലയാളിയായ ഭരത് പോളിനെ വിവാഹം ചെയ്തു. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം  ഇപ്പോൾ അമേരിയ്ക്കയിലാണ് മോഹിനി താമസിയ്ക്കുന്നത്.