നിത്യസുന്ദര സ്വര്‍ഗ്ഗം

നിത്യസുന്ദര സ്വര്‍ഗ്ഗം തുറന്നിതാ
സത്യധര്‍മ്മനിരതര്‍ക്കു പൂകുവാന്‍
പാപിയാം പണക്കാരന്‍ വരുന്നു സ്വര്‍ഗ്ഗംപൂകാന്‍
പാവമൊട്ടകം സൂചിക്കുഴയില്‍ കടക്കുമോ

വിശ്വസ്തനായി നടിച്ചുനീയെന്നുടെ
വിത്തങ്ങളെല്ലാം കവര്‍ന്നതില്ലേ
പട്ടിണിത്തീയില്‍ ഞാന്‍ നീറുന്നതു കണ്ടു
പട്ടണിഞ്ഞാര്‍ത്തു സുഖിച്ചതില്ലേ

അന്നൊരിക്കല്‍ വിശപ്പിന്‍ വിളിമൂലം
വന്നു നിന്‍പടിവാതിലുകാത്തു ഞാന്‍
ദീനദീനം വിളിച്ചുകരഞ്ഞു നിന്‍
ദാനഭിക്ഷയ്ക്കിരന്നേന്‍ ധനപ്രഭോ
ഉല്‍ക്കടാരവമെന്നെ പുറത്താക്കി
ഉള്ളില്‍നിന്നു നീ വാതിലടച്ചില്ലേ

ഉച്ചവെയിലത്തു നാക്കുവറ്റി ഞാന്‍
എത്തി നിന്‍ പടിവാതലില്‍
ചാരുമാധുര്യമേറും മുന്തിരി -
ച്ചാറു നീ കുടിച്ചീടുമ്പോള്‍
സ്വച്ഛശീതള നിര്‍മ്മലമല്പം
പച്ചവെള്ളമിരക്കവേ
കള്ളിയെന്നു വിളിച്ചുനീയെന്നെ
കല്ലെറിഞ്ഞോടിച്ചില്ലയോ

ദീനയായേറ്റം വിവശനായെന്‍ തനു
പീനവ്രണത്താല്‍ പഴുത്തൊലിച്ച്
താനേ തറയില്‍ കിടന്നതിദാരുണം
മാറത്തടിച്ചു കരഞ്ഞോരെന്നെ
പാരം കയര്‍ത്തയ്യോ! നെഞ്ചില്‍ തൊഴിച്ചില്ലേ
ക്രൂരനാം നീച കൊടുംപിശാചേ

അന്നൊരു നാള്‍ നിന്റെ വാതിലില്‍ നഗ്നനായ്
വന്നൊരു കീറപ്പഴന്തുണിക്കായ്
നാണയം നീട്ടിയെന്‍ മാനംകെടുത്തുവാന്‍
നാണമില്ലാതെ മുതിര്‍ന്നതില്ലേ

ആയിരമായിരമേഴകളെ നീ
നരകത്തില്‍ തള്ളി
പാരില്‍ പണവും പദവിയുമൊപ്പം
നേടിയ നീചന്‍ നീ
സ്നേഹം വിളയും സ്വര്‍ഗ്ഗകവാടം
കടന്നുപോയ് കൂട,
പോകു പോകു നരകത്തീയില്‍
ചെന്നടിയട്ടെ നീ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nithyasundara swapnam

Additional Info

Year: 
1952