രമണൻ - സംഗീതനാടകം
മലരണിക്കാടുകള്‍ തിങ്ങി വിങ്ങി
മരതകക്കാന്തിയില്‍ മുങ്ങി മുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റോരാലസ്യഗ്രാമഭംഗി
രമണനും തോഴനും തോളുരുമ്മി
മരതകക്കുന്നുകള്‍ വിട്ടിറങ്ങി
വഴിവക്കിലുള്ളോരാകോമളമാം
എഴുനില പൂമണിമാളികയില്‍
മധുമുഖിചന്ദ്രിക രാഗലോലം
പതിവായവനേയും നോക്കിനില്‍ക്കും
എന്താണിനിന്നീവിധമേകനാവാൻ
എങ്ങുപോയെങ്ങുപോയ് കൂട്ടുകാരന്‍
ഇന്നവന്‍ മറ്റോരോ ജോലിമൂലം
വന്നില്ല ഞാനിങ്ങു പോന്നു വേഗം
എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും
സങ്കല്പലോകമല്ലീയുലകം
ഹന്ത നാം രണ്ടുപേര്‍തമ്മിലുള്ളോ -
രന്തരമൊന്നു നീ ഓ൪ത്തുനോക്കൂ
അന്യോന്യം നമ്മുടെ മാനസങ്ങള്‍
ഒന്നിച്ചു ചേര്‍ന്നുലയിച്ചുപോയി
തുഛനാമെന്നെ നീ സ്വീകരിച്ചാല്‍
അച്ഛനും അമ്മയ്ക്കുമെന്തു തോന്നും
കൊച്ചുമകളുടെ രാഗവായ്പില്‍
അച്ഛനുമമ്മയ്ക്കുമെന്തു തോന്നാന്‍
രമണാ നീയെന്നില്‍നിന്നാരഹസ്യം
ഇനിയും മറച്ചു പിടിക്കയാണോ
ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ -
ക്കരളല്ലേ നീയെന്റെ ജീവനല്ലേ (2)
ശര്‍ദിന്ദുവീഥിയിലുല്ലസിക്കും
ഒരു വെള്ളിനക്ഷത്രമെന്തുകൊണ്ടോ
അനുരക്തയായിപോല്‍ പൂഴിമണ്ണില്‍
അമരും വെറുമൊരു പുല്‍ക്കൊടിയില്‍
നിരഘമായുള്ളൊരീ പ്രേമദാനം
നിരസിച്ചീടുന്നതൊരുഗ്രപാപം
ആരെന്തും പറഞ്ഞോട്ടെ ഞാനിതാ സമര്‍പ്പിച്ചു
ചാരുജീവിതമാല്യം മാമകം ഭവാനായി
ചന്ദ്രികേ മന്മാനസ വീണയിലെഴും പ്രേമ -
തന്ത്രികേ നീയിന്നെന്നെ മറ്റൊരാളാക്കിത്തീര്‍ത്തു
കാനനഛായയിലാടു മേയ്ക്കാന്‍
ഞാനും വരട്ടയോ നിന്റെ കൂടെ
പോരേണ്ട പോരേണ്ട ചന്ദ്രികേ നീ
ആരണ്യച്ചാര്‍ത്തിലേക്കെന്റെ കൂടെ
ഈ മണിമേടയിലെന്‍ വിപുല
പ്രേമസമുദ്രമൊതുങ്ങുകില്ല
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തു കൂടാ
കഷ്ടമായി നിന്നാശകളെല്ലാം
വ്യര്‍ത്ഥമാണിനി ചന്ദ്രികേ. . .
നിശ്ചയിച്ചു കഴിഞ്ഞു നിന്‍ വിവാ -
ഹോത്സവത്തിന്‍ സമസ്തവും
ഘോരകഠോരമേ മല്‍ക്കരളിങ്കലെ
ചോരയ്ക്കു വേണ്ടിപ്പുളയുകയല്ലിനി
ഇല്ല ഞാനെന്നെ നശിപ്പിക്കയില്ലൊരു
പുല്ലാംകുഴലിനു വേണ്ടിയൊരിക്കലും (2) - ഇല്ലാ
എന്തുവന്നാലും എനിക്കാസ്വദിക്കേണം
മുന്തിരിച്ചാറുപോലുള്ളൊരു ജീവിതം
എന്തുവന്നാലും എനിക്കാസ്വദിക്കേണം