ലെന

Lena
ലെന അഭിലാഷ്
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

മലയാള ചലച്ചിത്ര നടി. 1981-ൽ തൃശ്ശൂർ ജില്ലയിൽ മോഹൻ കുമാറിന്റെയും ടീനയുടെയും മകളായി ജനിച്ചു. തൃശ്ശൂരിലുള്ള  Seventh Day Adventist Higher Secondary School, Hari Sri Vidya Nidhi School, എന്നീ വിദ്യാലയങ്ങളിലായിരുന്നു ലെനെയുടെ വിദ്യാഭ്യാസം. അതിനുശേഷം ക്ലിനിക്കൽ സൈക്കോളജിയിൽ പി ജി കഴിഞ്ഞ ലെന കുറച്ചുകാലം മുംബയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലിചെയ്തു. 1998-ൽ ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാൽ ജോസ് - സുരേഷ് ഗോപി ചിത്രമായ രണ്ടാം ഭാവം എന്നിവയടക്കം ചില സിനിമകൾ ചെയ്തതിനു ശേഷം ലെന അഭിനയം നിർത്തി ക്ലിനിക്കൽ സൈക്കോളജി പഠിയ്ക്കുവാൻ മുംബൈയിലേയ്ക്ക് പോയി. പഠനം കഴിഞ്ഞ് അവിടെ ജോലി ചെയ്യുന്ന സമയത്താണ് കൂട്ട് എന്ന സിനിമയിൽ നായികയായി അഭിനയിയ്ക്കുവാൻ അവസരം ലഭിയ്ക്കുന്നത്. കൂട്ടിന് ശേഷമായിരുന്നു ലെനയുടെ വിവാഹം. ചെറുപ്പകാലംമുതലേയുള്ള സുഹൃത്തായ അഭിലാഷ് കുമാറിനെയായിരുന്നു ലെന വിവാഹം ചെയ്തത്. 2004- ൽ ആയിരുന്നു അവരുടെ വിവാഹം.

വിവാഹത്തിനു ശേഷം സീരിയലിലൂടെയാണ് ലെന അഭിനയ രംഗത്തേയ്ക്ക് മടങ്ങിവന്നത്. ഓമനത്തിങ്കൾ പക്ഷി, ഓഹരി, അരനാഴികനേരം, ചില്ലുവിളക്ക്.. എന്നിവയടക്കം പന്ത്രണ്ടോളം സീരിയലുകളിൽ ലെന അഭിനയിച്ചു. 2007-ൽ ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു ലെന വീണ്ടും സിനിമയിലേയ്ക്കെത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ലെന അഭിനയിച്ചു. 2011- ൽ ഇറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലെ ലെനയുടെ അഭിനയം നിരൂപക പ്രശംസ നേടി. വിക്രമാദിത്യൻ, ലഫ്റ്റ് റൈറ്റ് ലഫ്റ്റ്, കന്യക ടാക്കീസ്, എന്നു നിന്റെ മൊയ്തീൻ.. തുടങ്ങിയ ചിത്രങ്ങളിൽ ലെന ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നൂറിലധികം മലയാള ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും ലെന അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ അവതാരികയായും ജഡ്ജായുമെല്ലാം ലെന പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ പരസ്യ ചിത്രങ്ങൾക്ക് മോഡലായിട്ടുമുണ്ട്. മ്യൂസിക് ആൽബങ്ങളിലും ലെന അഭിനയിച്ചിട്ടുണ്ട്.

2008-ൽ മികച്ച നടിയ്ക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലെന സ്വന്തമാക്കി. 2013- മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യക ടാക്കീസ് എന്നീ സിനിമകളിലെ അഭിനയത്തിന് ലെനയ്ക്ക് ലഭിച്ചു.   അഭിലാഷ് കുമാറിൽ നിന്ന് വിവാഹമോചനം നേടിയ  ലെന ഇപ്പോൾ കൊച്ചിയിലാണ് താമസം.