കൊച്ചനിയൻ

Kochaniyan

യഥാർത്ഥ നാമം ഗോവിന്ദപ്പിള്ള, സിനിമാ രംഗത്ത് കൊച്ചനിയൻ എന്നറിയപ്പെടുന്നു. ഇരുപതിലേറെ വർഷങ്ങളായി നാടക രംഗത്തെ അനുഭവ സമ്പത്തുമായി സിനിമയിലും പിന്നീട് മിനി സ്ക്രീനിലും സജീവമായ നടൻ. കൊല്ലം ഫാത്തിമ കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കിയ കൊച്ചനിയൻ വിദ്യാഭ്യാസ കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. കൊല്ലം അസീസി, കൊല്ലം മേള, അയത്തിൽ സാഹിത്യ വിലാസിനി ആർട്സ് ക്ലബ്ബ് എന്നീ നാടക സമിതികളിലെ പ്രധാന നടനായി പ്രവർത്തിച്ചു. പിന്നീട് റെയിൽവേയിൽ ജോലി ലഭിച്ചത്തിനു ശേഷം ബാംഗ്ലൂർ മലയാളി സമാജവുമായി ബന്ധപ്പെട്ട കലാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. 1971 ൽ റെയിൽവേയിലെ ഉദ്യോഗം രാജി വച്ച് കൊല്ലത്ത് സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥനായി. പിന്നീട് കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെട്ട പ്രവർത്തിച്ചു തുടങ്ങി. അവരുടെ സതി എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് 'അറബിക്കടലിന്റെ റാണി' എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. തുടർന്ന് ഒട്ടേറെ സീരിയലുകളിലും ടെലിഫിലുമകളിലും അദ്ദേഹം അഭിനയിച്ചു. അതിനൊപ്പം ശേഷം കാഴ്ചയിൽ, പ്രശ്നം ഗുരുതരം, ചെപ്പടി വിദ്യ, സമൂഹം, രാജധാനി തുടങ്ങി നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 2016 മെയ് 17 ന് അന്തരിച്ചു.

ഭാര്യ: ലളിതാംബിക മക്കൾ : സ്വപ്ന, പിങ്കി