കൈനകരി തങ്കരാജ്
ഓച്ചിറ പരബ്രഹ്മോദയം നാടക സമിതിയിലെ നടനായിരുന്ന കൃഷ്ണൻകുട്ടി ഭാഗവതരുടെയും ജാനകിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തങ്കരാജ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. വൈകാതെ അമേച്വർ നാടകരംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹം നാടകമത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഫാസിൽ, നെടുമുടി വേണു, ആലപ്പി അഷറഫ് തുടങ്ങിയവരുമായി മത്സരനാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ യംഗ്‌സ്റ്റേഴ്‌സ് നാടക സമിതിയില്‍ നിന്നും മത്സരത്തിനു പോയ ഒരു നാടകത്തിലൂടെ തിരുവനന്തപുരം ആക്ടിന്റെ മികച്ച നടനുള്ള പുരസ്‌കാരവും സ്വന്തമാക്കി. 'ചങ്ങനാശേരി ഗീഥ'യുടെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടകരംഗത്തെത്തിയ ഇദ്ദേഹം പിന്നീട് കോട്ടയം നാഷണൽ തിയേറ്റഴ്സ് അടക്കം ഒട്ടേറെ സമിതികളുമായി സഹകരിച്ചു പ്രവർത്തിച്ചു.
തുടർന്ന്, സിനിമാഭിനയം ലക്ഷ്യമിട്ട് മദ്രാസിലെത്തിയ തങ്കരാജ് 'അച്ചാരം അമ്മിണി ഓശാരം ഓമന, ആനപ്പാച്ചൻ തുടങ്ങിയ ഏതാനും സിനിമകളിൽ അക്കാലത്ത് വേഷമിട്ടു. കെ.പി.എ.സി.ക്കുവേണ്ടി എസ്.എൽ. പുരം രചനയും സംവിധാനവും നിർവ്വഹിച്ച, 'സിംഹം ഉറങ്ങുന്ന കാട്' എന്ന നാടകത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചതനുസരിച്ച് മദ്രാസിൽ നിന്ന് തിരിച്ചു നാട്ടിലെത്തിയ ഇദ്ദേഹം പിൽക്കാലത്ത് കെ.പി.എ.സി.യുടെ പ്രധാന നടനും, കൺവീനറും സെക്രട്ടറിയുമൊക്കെയായി മാറി. തുടർന്ന് ചാലക്കുടി സാരഥി എന്ന സമിതിയുമായി ബന്ധപ്പെട്ട പ്രവർത്തിച്ച തങ്കരാജ് 1995 ൽ കൈനകരി തീയേറ്റേഴ്സ് എന്ന നാടകട്രൂപ്പും സ്വന്തമായി രൂപീകരിച്ചു. പിന്നീട് ആ നാടകസമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ച് നടൻ തിലകനുമായി ചേർന്ന് 'അമ്പലപ്പുഴ അക്ഷരജ്വാല' എന്നൊരു ട്രൂപ്പ് തുടങ്ങിയെങ്കിലും അതിൻ്റെ പ്രവർത്തനവും സുഗമമായി മുന്നോട്ടു പോയില്ല.
അൻവർ റഷീദ് സംവിധാനം ചെയ്ത അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള രണ്ടാം വരവ്. തങ്കരാജ് പ്രവർത്തിച്ചിട്ടുള്ള ചാലക്കുടി സാരഥി തീയേറ്റേഴ്സിൻ്റെ ഉടമസ്ഥരിലൊരാളായിരുന്ന ജോസ് പെല്ലിശ്ശേരിയുടെ മകൻ ലിജോ ജോസ് സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിലെ ഇദ്ദേഹത്തിൻ്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലിജോ തന്നെ സംവിധാനം ചെയ്ത ഈ. മ. യൗ. വിലെ 'വാവച്ചൻ മേസ്തിരി' എന്ന കഥാപാത്രം തങ്കരാജിന് ഏറെ പ്രശംസ നേടിക്കൊടുത്ത ഒന്നാണ്.