ഇർഷാദ് അലി

Irshad Ali

മലയാളചലച്ചിത്ര നടൻ. പുത്തൻപുര നാലകത്ത് അബ്ദുവിന്റെയും നഫീസയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ ജനിച്ചു. സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ ഇർഷാദ് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ഇർഷാദ് ദൃശ്യ മാധ്യമ രംഗത്ത് തുടക്കം കുറിക്കുന്നത്. 1995-ൽ പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഇർഷാദ് ചലച്ചിത്രലോകത്തേയ്ക്കെത്തുന്നത്. നൂറ്റി അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 ടി വി ചന്ദ്രൻ, പിടി കുഞ്ഞുമുഹമ്മദ്, പ്രിയ നന്ദനൻ എന്നീ അവാർഡ് വിന്നിംഗ് സംവിധായകരുടെ കൂടെയായിരുന്നു ഇർഷാദ് കൂടുതലും പ്രവർത്തിച്ചത്. കുറെ നല്ല സിനിമകളുടെ ഭാഗമായി അദ്ദേഹം. ടി വി ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം, പ്രിയനന്ദന്റെ ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകളിലെ ഇർഷാദിന്റെ അഭിനയം നിരൂപക പ്രശംസ നേടി. ടി വി ചന്ദ്രൻ സംവിധാനം ചെയ്ത ഡാനി, വിലാപങ്ങൾക്കപ്പുറം, ഭൂമി മലയാളം, പി ടി കുഞ്ഞുമുഹമ്മദിന്റെ പരദേശി,  പ്രിയനന്ദനന്റെ പുലിജന്മം, മധു കൈതപ്രത്തിന്റെ മധ്യവേനൽ, ഡോക്ടർ ബിജുവിന്റെ വീട്ടിലേയ്ക്കുള്ള വഴി എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 

ഇർഷാദിന്റെ ഭാര്യ റംസീന. മകൻ അർഷാഖ്.