രാജതന്ത്രം
ബിസിനസിൽ പങ്കാളികളും ഉറ്റ സുഹൃത്തുക്കളുമായ രണ്ടുപേരിൽ ഒരാളുടെ മരണശേഷം അപരൻ തന്റെ സ്വാർത്ഥ ലാഭത്തിനായി കരുക്കൾ നീക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവപരമ്പരകളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
Actors & Characters
Main Crew
കഥ സംഗ്രഹം
ആത്മസുഹൃത്തുക്കളായ മാധവൻ നായരും (ഇന്നസെന്റ്) കേശവമേനോനും (നരേന്ദ്രപ്രസാദ്) പാർട്ട്നർഷിപ്പിൽ ബിസിനസ് ചെയ്യുന്നവരാണ്. ഇരുവരുടെയും കുടുംബാംഗങ്ങൾ പരസ്പരം അങ്ങേയറ്റം സൗഹൃദത്തിലും ഐക്യത്തിലുമാണ് കഴിയുന്നത്. കേശവമേനോന്റെ മകൻ ബാലചന്ദ്രനും (ജഗദീഷ്) മാധവൻനായരുടെ മകൾ രേണുവും (കാവേരി) തമ്മിൽ പ്രണയത്തിലുമാണ്. കേശവമേനോന്റെ മകളും ചൊവ്വാദോഷക്കാരിയുമായ ശാരി(മഞ്ജു പിള്ള) യുടെ വിവാഹക്കാര്യമാണ് അയാളുടെ കുടുംബത്തെ അലട്ടുന്ന ഒരു പ്രശ്നം. അവളുടെ വിവാഹ ചെലവിനായുള്ള തുക കമ്പനിയുടെ സ്ഥിരം നിക്ഷേപ ഇനത്തിൽ പ്രത്യേകമായി ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. ശാരിയുടെ ഒരു വിവാഹാലോചന ഏറെക്കുറെ ഉറപ്പിച്ചു എന്ന ഘട്ടത്തിൽ നിൽക്കെ കേശവമേനോൻ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുന്നു. ഈ അവസരം മുതലാക്കുന്ന മാധവൻനായർ, താനും കേശവമേനോനും ഉടമസ്ഥരായ കമ്പനിക്ക് പൊതുവായി ഉള്ള ആസ്തികൾ തനിക്ക് ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള കരുക്കൾ നീക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. അതിൻറെ ഭാഗമായി അയാൾ തന്റെ അളിയനായ രമേശന്റെ(സായ്കുമാർ) സഹായത്തോടെ കമ്പനിയുടെ മേൽ വലിയ ബാധ്യതകൾ അടിച്ചൽപ്പിച്ചുകൊണ്ട് ആസ്തികൾ അപഹരിക്കുകയും തുടർന്ന് തന്റെ സ്വത്തുക്കൾ സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റുകയും, ശേഷം അവരുമായി വിവാഹമോചനം നടത്തുകയും, താൻ പാപ്പരാണെന്ന വിധി കോടതി വഴി സ്വന്തമാക്കുകയും ചെയ്യുന്നു. ശാരിയുടെ വിവാഹ ആവശ്യത്തിനായി മാറ്റിവച്ചിരിക്കുന്ന തുകയെങ്കിലും തങ്ങൾക്ക് നൽകണമെന്ന് ബാലചന്ദ്രൻ മാധവൻനായരോട് അപേക്ഷിക്കുന്നുവെങ്കിലും അയാൾ അത് ചെവിക്കൊള്ളുന്നില്ല. ജപ്തി നടപടികൾ നേരിടേണ്ടി വരുന്ന ബാലചന്ദ്രനും കുടുംബത്തിനും തങ്ങളുടെ കിടപ്പാടം വരെ നഷ്ടമാവുന്നു.
തങ്ങൾക്ക് കൂടി അവകാശപ്പെട്ട സ്വത്തുക്കൾ അപഹരിച്ച മാധവൻനായരെ നിയമപരമായി നേരിടുന്നതിന് ബാലചന്ദ്രൻ തീരുമാനിക്കുന്നു. മാധവൻ നായരുടെ വക്കീലിന്റെ(കൊച്ചുപ്രേമൻ) അസിസ്റ്റന്റും ബാലചന്ദ്രന്റെ സുഹൃത്തുമായ അഡ്വക്കേറ്റ് ശ്രീകുമാർ(കലാഭവൻ മണി) തന്റെ സീനിയറിന്റെ മാനസിക പീഡനങ്ങളാൽ മനംമടുത്ത് ബാലചന്ദ്രനൊപ്പം ചേരുകയും അയാളുടെ വക്കാലത്ത് ഏറ്റെടുത്ത് മാധവൻ നായർക്കെതിരായി കോടതിയിൽ വാദിക്കുകയും ചെയ്യുന്നു. മാധവൻ നായരുടെ പെട്ടെന്നുണ്ടായ വിവാഹമോചനത്തിലും പാപ്പർസ്യൂട്ടിലും മറ്റും സംശയം പ്രകടിപ്പിക്കുന്ന കോടതി, കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി ആറ്റുവാശ്ശേരിൽ പ്രതാപസിംഹം(ജഗതി ശ്രീകുമാർ) എന്ന അഭിഭാഷകനെ ഈ കേസിൽ കമ്മീഷനായി നിയോഗിക്കുന്നു. കുശാഗ്രബുദ്ധിക്കാരനും കൗശലക്കാരനുമായ പ്രതാപസിംഹം മാധവൻനായരെ വിടാതെ സദാസമയവും പിന്നാലെ കൂടുന്നു. അതോടെ പാപ്പരെന്നു സ്വയം പ്രഖ്യാപിക്കുകയും അപ്രകാരം കോടതിവിധി നേടുകയും ചെയ്തിട്ടുള്ള മാധവൻ നായർക്ക് താൻ വിവാഹമോചനം നടത്തിയ മുൻഭാര്യയുടെ പേരിലുള്ള വീട്ടിലേക്ക് പ്രവേശിക്കാനാവാതാവുകയും, യഥാർത്ഥത്തിൽ പാപ്പരായ ഒരാളെപ്പോലെ ജീവിക്കേണ്ടി വരികയും, പ്രതാപിയായി ജീവിച്ചിരുന്ന അയാൾ പ്രാകൃത വേഷത്തിലും രൂപത്തിലും തെരുവിൽ അലയേണ്ടതായ അവസ്ഥ ക്രമേണ സംജാതമാവുകയും ചെയ്യുന്നു. ഈ അവസരം മുതലെടുക്കുന്ന മാധവൻനായരുടെ അളിയൻ രമേശൻ തൻറെ സഹോദരിയും മാധവൻനായരുടെ ഭാര്യയുമായ സീതാലക്ഷ്മിയെ(ചിത്ര) ആദ്യം സ്വാധീനിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയും മറ്റും സ്വത്തുക്കളുടെ നിയന്ത്രണം കൈക്കലാക്കുന്നു. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ തന്നെ മുൻപൊരിക്കൽ കമ്പനിയിൽ നിന്ന് പുറത്താക്കിയ സ്വന്തം അളിയനോടും കേശവമേനോനോടുമുള്ള പക രമേശന്റെ ഉള്ളിൽ ഇപ്പോഴുമുണ്ട്. ആ പക വീട്ടുന്നതിനും തന്റെ സ്വാർത്ഥതാല്പര്യങ്ങൾ പൂർത്തീകരിക്കുന്നതിനുമായി അയാൾ കരുക്കൾ നീക്കുന്നു.. മാധവൻനായരുടെയും കേശവമേനോന്റെയും ശത്രുവായിരുന്ന ആർ കെയുമായി രമേശൻ സൗഹൃദത്തിലാണ്. തന്റെ പദ്ധതികൾക്ക് നൽകുന്ന സഹായസഹകരണങ്ങൾക്ക് പ്രതിഫലമായി തന്റെ അനന്തരവളായ രേണുവിനെ മധ്യവയസ്കനായ ആർകെയ്ക്ക് വിവാഹം ചെയ്തു നൽകാമെന്ന് രമേശൻ ഉറപ്പു നൽകുന്നു. വിവാഹത്തിന് തടസ്സം നിൽക്കുന്ന സീതാലക്ഷ്മിയെയും രേണുവിനെയും അയാൾ ഭീഷണിപ്പെടുത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|