മീന നെവിൽ

Meena Nevil

ആകാശവാണിയിലെ ബാലലോകം പരിപാടിയിലൂടെ ആണ് മീന നെവിൽ പ്രൊഫഷണലായി തുടക്കമിടുന്നത്. ആകാശവാണിയിലെ അനൗൺസറായിരുന്ന വേണൂ, അമ്മ രാജകുമാരി എന്നിവരിലൂടെയാണ് മീനയും ശബ്ദത്തിന്റെ ലോകത്തേക്ക് എത്തിച്ചേരുന്നത്. ആകാശവാണിയിൽ നിന്ന് തന്റെ ശബ്ദത്തിന് എ-ഗ്രേഡ് ആർട്ടിസ്റ്റ് കാറ്റഗറി നേടിയിരുന്നു. പത്താം ക്‌ളാസിലെ പരീക്ഷയുടെ ഇടവേളയിൽ പത്മരാജന്റെ "ഒരിടത്ത് ഒരു ഫയൽവാൻ" എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ മേഖലയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി തുടക്കമിടുന്നത്. ഒരിടത്തൊരു ഫയൽവാനിലെ "ചക്കര"ക്ക് ശബ്ദം കൊടുത്തത് ശ്രദ്ധേയമായതോടെ പത്മരാജന്റെ തന്നെ "കള്ളൻ പവിത്രൻ", "നവംബറിന്റെ നഷ്ടം" , "തിങ്കളാഴ്ച്ച നല്ല ദിവസം", "കരിയിലക്കാറ്റു പോലെ", "തൂവാനത്തുമ്പികൾ" തുടങ്ങിയ മിക്ക ചിത്രങ്ങളിലും മീന ശബ്ദം കൊടുത്തിരുന്നു. പ്രിയദർശന്റെ "പൂച്ചക്കൊരു മൂക്കുത്തി", "ഹലോ മൈഡിയർ റോംഗ് നമ്പർ" എന്ന ചിത്രങ്ങളിൽ മേനകക്കും അരം അരം കിന്നരത്തിൽ ലിസിക്കും ശബ്ദമായി. 

കൊമേഴ്സ്യൽ ഹിറ്റുകൾക്കൊപ്പം തന്നെ 80തുകളുടെ അവസാനത്തിൽ ചില മികച്ച സമാന്തര സിനിമകളിലേയും ശബ്ദസാന്നിധ്യമായി. അരവന്ദിനന്റെ പോക്കുവെയിൽ (കൽപ്പനക്ക്), വാസ്തുഹാരയിൽ, കെ ജി ജോർജ്ജിന്റെ ഇരകളിൽ (രാധക്ക്), ഒരു യാത്രയുടെ അന്ത്യം (ആഷ ജയകുമാർ),നെടുമുടി വേണുവിന്റെ "പുരം" , മോഹന്റെ ഇടവേള (നളിനിക്ക്) ഒക്കെ ശബ്ദം കൊടുത്തത്ത് മീന നെവിലായിരുന്നു. അഭിനേത്രികളുടെ ചുണ്ടനക്കങ്ങൾക്ക് തക്കതായി മികച്ച രീതിയിൽ ഡബ്ബ് ചെയ്യാനുള്ള കഴിവാണ് ഏകദേശം 33 വർഷക്കാലം മലയാള സിനിമാ ലോകത്തും ടെലിവിഷൻ മേഖലയിലുമൊക്കെയായി മീന നിറഞ്ഞ് നിൽക്കുവാൻ കാരണമായത്. സിനിമയിലുപരിയായി ഏഷ്യാനെറ്റിന്റെ "എന്റെ കേരളം" എന്ന ട്രാവലോഗിനും ദൂരദർശനിൽ ശ്രദ്ധേയമായ ടെലി സീരിയലുകൾ ജ്വാലയായി (ബീന ആന്റണി), വസുന്ധര മെഡിക്കൽസ് എന്നിവയ്ക്കൊക്കെ ശബ്ദം കൊടുത്തിരുന്നു. സ്വർണ്ണപ്പൂക്കൾ, ആ മഴയത്ത് തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ സംവിധാനവും ചെയ്തു. മക്കൾ നിതുന നെവിൽ, നവമി നെവിൽ എന്നിവരും ഡബ്ബിംഗ് മേഖലയിൽ പ്രശസ്നരാണ്. മകൾ നിതുന സംവിധാനം ചെയ്ത "മീൽസ് റെഡി" എന്ന ചിത്രം ഏറെ അവാർഡുകളും ജനശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. അഡ്വക്കറ്റായ നെവിൽ ലോപ്പസാണ് ഭർത്താവ്.

വിവരങ്ങൾക്ക് അവലംബം :- മീന നെവിൽ