മത്തായി കുഴപ്പക്കാരനല്ല
മത്തായി തൃശൂരിലെ ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറാണ്. എന്തും ശുദ്ധമനസ്‌ഥിതിയോടെ കാണുന്ന സ്വഭാവം. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലെല്ലാം ഇടപെടും. ഒരിക്കല്‍ ഒരു കുടുംബത്തിലേക്ക് മത്തായി കടന്നുചെല്ലുന്നതോടെ അവിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു. നിർദോഷമായി ചെയ്യുന്ന കാര്യങ്ങൾ വിനയായി മാറുന്ന ഒരു യുവാവിന്റെ ജീവിതാനുഭവങ്ങളുടെ രസകരമായ കഥയാണ് ചിത്രം പറയുന്നത്. ചെറുപ്പക്കാരായ ദമ്പതികളുടെ ഇടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ് മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തില്‍.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ച് അക്കു അക്ബർ സംവിധാനം ചെയ്ത സിനിമയാണ് 'മത്തായി കുഴപ്പക്കാരനല്ല'. ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുകേഷ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായിക ഭാമ. ഇവരെക്കൂടാതെ ലക്ഷ്മി ഗോപാലസ്വാമി, ശ്രീജിത്ത് രവി, കുയിലി,ശശി കലിംഗ, ഹരിശ്രീ മാർട്ടിൻ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.