ഗീഥ സലാം

Geedha Salam A

മലയാള ചലച്ചിത്ര നാടക നടൻ. 1946 ഒക്ടോബറിൽ കൊല്ലം ജില്ലയിലെ ഓച്ചിറയിൽ അബ്ദുൾഖാദർ കുഞ്ഞിന്റെയും മറിയം ബീവിയുടെയും മകനായി ജനിച്ചു. അബ്ദുൾ സലാം എന്നായിരുന്നു പേര്. പഠനത്തിനുശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ച ഗീഥ സലാം  നാടകാഭിനയത്തോടുള്ള താത്പര്യം നിമിത്തം ജോലി രാജിവെച്ച് നാടകവേദിയിലേയ്ക്കിറങ്ങി. ചങ്ങനാശ്ശേരി ഗീഥ എന്ന നാടകട്രൂപ്പിൽ അഞ്ച് വർഷത്തോളം പ്രവർത്തിച്ചിരുന്നതുകൊണ്ടാണ് ഗീഥ സലാം എന്ന പേര് ലഭിച്ചത്. സലാം സ്വന്തമായി ഒരു നാടക ട്രൂപ്പ് തുടങ്ങിയെങ്കിലും വിജയിച്ചില്ല. നിരവധി നാടകങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്കെത്തുന്നത്. 1979-ൽ മാണി, കോയ, കുറുപ്പ് എന്ന സിനിമയിലൂടെയാണ് ഗീഥ സലാം സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 

പിന്നീട് 22 വർഷത്തെ ഇടവേളയ്ക്കു ശേഷം 2001-ലാണ് ഗീഥ സലാം വീണ്ടും സിനിമയിൽ അഭിനയിയ്ക്കുന്നത്. ആ വർഷം ഇറങ്ങിയ രണ്ടു ചിത്രങ്ങളിൽ മേഘ സന്ദേശം, ഈ പറക്കും തളിക എന്നിവയിൽ അഭിനയിച്ചു.  ഗ്രാമഫോൺ, സി ഐ ഡി മൂസ, മാമ്പഴക്കാലം, വെള്ളരിപ്രാവിന്റെ ചങ്ങാതി, വസന്തത്തിന്റെ കനൽ വഴികൾ..എന്നിവയുൾപ്പെടെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും ഗീഥ സലാം അഭിനയിച്ചിട്ടുണ്ട്.

ഗീഥ സലാമിന്റെ ഭാര്യ റഹ്മത്ത്. രണ്ട് മക്കളാണ് അവർക്കുള്ളത്.

2018 ഡിസംബറിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് ഗീഥ സലാം അന്തരിച്ചു.