ഭാഗ്യലക്ഷ്മി ഭാഗ്യശ്രീ

Bhagyasri Bhagyalakshmi
Bhagyalakshmi a.k.a Bhagyasri
Date of Birth: 
Wednesday, 16 August, 1972
ഭാഗ്യശ്രീ ഭാഗ്യലക്ഷ്മി
Bhagyalakshmi Bhagyasri

എൺപതുകളിലെ മലയാള സിനിമകളിൽ പരിചിതമുഖമായിരുന്നു ഭാഗ്യലക്ഷ്മി. ഭാഗ്യശ്രീ എന്നാണ് യഥാർത്ഥ പേര്. പാലക്കാട്ടുകാരനായ ശിവറാം അയ്യരുടേയും കാരൈക്കുടി രാജാമണി അമ്മാളുടെയും മകളായ ഭാഗ്യലക്ഷ്മി, കെ എസ്‌ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'Deviyin Thiruvilayadal' എന്ന തമിഴ് സിനിമയിലൂടെ 13ആം വയസ്സിലാണ് തന്റെ സിനിമാജീവിതം തുടങ്ങുന്നത്. തൊട്ടടുത്ത വർഷം പി എൻ മേനോന്റെ 'അസ്ത്രം' എന്ന സിനിമയിലൂടെ മലയാളത്തിലുമെത്തിയ ഭാഗ്യലക്ഷ്മി പിന്നീട് 'എങ്ങനെ നീ മറക്കും', 'പാവം ക്രൂരൻ', 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ', 'പറന്ന് പറന്ന് പറന്ന്' , 'ആളൊരുങ്ങി അരങ്ങൊരുങ്ങി', 'ഉയരും ഞാൻ നാടാകെ', 'നിറഭേദങ്ങൾ' തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ചു. മലയാളത്തിനൊപ്പം തെന്നിന്ത്യയിലെ മറ്റ് ഭാഷാസിനിമകളിൽ ഭാഗ്യശ്രീ എന്ന യഥാർത്ഥ പേരിൽ അഭിനയിച്ച അവർ അക്കാലങ്ങളിൽ അവിടത്തെ മുൻനിര നടി ആയി മാറി. തമിഴ്-തെലുഗു-കന്നഡ സിനിമകളിലെ അന്നത്തെ നായകരായ രജനികാന്ത് , പ്രഭു, അക്കിനേനി നാഗേശ്വരറാവു, ബൽരാജ്, കാർത്തിക്, ജഗപതിബാബു, സുധാകർ, ബാലകൃഷ്ണ തുടങ്ങിയവരുടെയെല്ലാം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഭാഗ്യലക്ഷ്മി. സിനിമകളിലെ പ്രശസ്തിയ്ക്കൊപ്പം രാധാസ്, ബോംബെ ഡൈയിംഗ് തുടങ്ങിയവയുടെ പരസ്യമോഡലുമായിരുന്നു ഭാഗ്യലക്ഷ്മി. കോട്ടയം സ്വദേശിയായ വസ്ത്ര വ്യവസായി വാസുദേവനുമായുള്ള വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നകന്ന ഭാഗ്യലക്ഷ്മി 2014ൽ സൺ ടിവിയിലെ 'കല്യാണ പരിസ്' എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചുവന്നു. തുടർന്ന് 'കൈരാസി കുടുംബം' , 'അപൂർവ രാഗങ്ങൾ' , 'നീലക്കുയിൽ' തുടങ്ങിയ സീരിയലുകളിലൂടെ അഭിനയജീവിതം തുടരുന്നു. വിശ്വജിത്ത് എന്ന ഒരു മകനുണ്ട്. അവലംബം: https://www.mathrubhumi.com/mobile/movies-music/interview/actress-bhagya...