ഉഷാകുമാരി
1948 ജൂൺ 28 -ന് ബാലകൃഷ്ണന്റെയും രുക്മിണിയുടെയും മകളായി തമിഴ്നാട്ടിൽ തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്ത് ജനിച്ചു. ശാന്തി എന്നായിരുന്നു പേര്. ചെറിയ പ്രായത്തിൽത്തന്നെ നൃത്തം പഠിച്ചു തുടങ്ങിയ ശാന്തി താമസിയാതെ മദ്രാസിൽ വൈജയന്തിമാലയുടെ നൃത്തവിദ്യാലയത്തിൽ ചേർന്നു. അവിടെ നൃത്തം പഠിച്ചുകൊണ്ടിരുന്ന സമയത്ത് അവിടെയെത്തിയ സംവിധായകൻ എം ടി രമേശ് ശാന്തിയെ കാണാനിടയാവുകയും ജ്വാല എന്ന ഹിന്ദി ചിത്രത്തിൽ ഒരു നൃത്തരംഗത്തിൽ അഭിനയിക്കാൻ ക്ഷണിക്കുകയുമായിരുന്നു. അങ്ങിനെ ജ്വാല എന്ന സിനിമയിൽ നൃത്തം ചെയ്തുകൊണ്ട് ശാന്തി സിനിമയിൽ ചുവടുവെച്ചു.
ജ്വാലയിലെ നൃത്തം കണ്ടിഷ്ടപ്പെട്ട സംവിധായകൻ ശ്രീധർ തന്റെ ചിത്രമായ വെണ്ണിറ ആടൈ -യിൽ നായികാതുല്യ വേഷം നൽകി. വെണ്ണിറ ആടൈയിൽ അഭിനയിക്കമ്പോളാണ് ശാന്തി എന്ന പേര് മാറ്റി നിർമ്മല എന്ന പേര് സ്വീകരിച്ചത്. 1965 -ൽ റിലീസായ വെണ്ണിറ ആടൈ വലിയ വിജയം നേടിയതോടെ വെണ്ണിറ ആടൈ നിർമ്മല എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. ഈ സിനിമയിലെ നിർമ്മലയുടെ അഭിനയം കണ്ടിഷ്ടപ്പെട്ട കുഞ്ചാക്കോ അദ്ദേഹം നിർമ്മിയ്ക്കുന്ന സത്യൻ നായകനായ സിനിമ കാട്ടുതുളസി -യിൽ നായികാവേഷം കൊടുത്തു. കുഞ്ചാക്കോയാണ് നിർമ്മല എന്ന് പേര് മാറ്റി ഉഷകുമാരി എന്നാക്കുന്നത്.
അതിനുശേഷം പ്രേംനസീറിന്റെ നായികയായി സ്റ്റേഷൻ മാസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് ഇരുട്ടിന്റെ ആത്മാവ്, രമണൻ, ഗുരുവായൂർ കേശവൻ, തച്ചോളി അമ്പു എന്നിവയുൾപ്പെടെ നിരവധി മലയാള ചിത്രങ്ങളിൽ ഉഷാകുമാരി അഭിനയിച്ചു. നൂറോളം തമിഴ് സിനിമകളിലും അഭിനയിച്ചു. ശിവാജി ഗണേശൻ, എം ജി ആർ തുടങ്ങി ആ കാലത്തെ തമിഴിലെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി ഉഷാകുമാരി അഭിനയിച്ചിരുന്നു. കൂടാതെ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഉഷാകുമാരി അഭിനയിച്ചുവരുന്നു.
അഭിനയത്തോടൊപ്പം ഉഷാകുമാരി ചെന്നൈയിൽ നിർമ്മല അക്കാദമി എന്ന ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.