സുദേവ് നായർ

Sudev Nair

പാലക്കാട്ടുകാരായ വിജയകുമാറിന്റെയും സുഭദയുടെയും മകനായി മുംബൈയിൽ ജനിച്ചു. താനെ "സുലോചനദേവി സിംഗാനിയ" ഹൈസ്ക്കൂളിലായിരുന്നു പത്ത് വരെ സുദേവിന്റെ വിദ്യാഭ്യാസം. പതിനൊന്ന് പന്ത്രണ്ട് ക്ലാസ്സുകൾ പഠിച്ചത് മുലുണ്ട്  V.G Vaze College of Arts, Science and Commerce -ലായിരുന്നു. നാഗ് പൂർ Visvesvaraya National Institute of Technology യിൽ നിന്നും ഡിഗ്രി കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞ സുദേവ് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ പിജി എടുത്തു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠന കാലത്ത് കഥകളി അഭ്യസിയ്ക്കുന്നതിനുള്ള  SPIC MACAY സ്ക്കോളർഷിപ്പ് ലഭിച്ച സുദേവ് നായർ കേരള കലാമണ്ഡലത്തിൽ നിന്നും കഥകളി പഠിച്ചു. കൂടാതെ ബ്രേയ്ക്ക് ഡാൻസും പാർക്കറും പഠിച്ചിട്ടുള്ള അദ്ദേഹം കളരി പയറ്റ്, കരാട്ടെ, ജൂഡൊ, ബോക്സിംഗ് എന്നിവയും പരിശീലിച്ചിട്ടുണ്ട്. 2001 -ൽ നടന്ന പതിനാറാമത് ദേശീയ ഗെയിംസിൽ ഹൈ ജെംമ്പിൽ ബ്രോൺസ് മെഡൽ സുദേവ് നായർ നേടിയിട്ടുണ്ട്.

ഷോർട്ട് ഫിലിമുകൾ ചെയ്തുകൊണ്ടാണ് സുദേവ് നായർ തന്റെ കരിയർ ആരംഭിയ്ക്കുന്നത്. ഹിന്ദി സിനിമയിലൂടെയാണ് സുദേവ് ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2014 -ൽ ഇറങ്ങിയ ഗുലാബ് ഗാംഗ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. മൈ ലൈഫ്‌ പാർട്ണർ എന്ന സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് സുദേവ് നായർ മലയാള സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 2014 -ലിലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മൈ ലൈഫ് പാർട്ണറിലെ അഭിനയത്തിന് സുദേവിനു ലഭിച്ചു. തുടർന്ന് അനാർക്കലി, എസ്ര - പുതിയ സിനിമ, കായംകുളം കൊച്ചുണ്ണി 2018, അതിരൻ, മാമാങ്കം (2019) എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ മികച്ച വേഷങ്ങളിൽ സുദേവ് നായർ അഭിനയിച്ചു.