ശ്രീനി ഞാറയ്ക്കൽ
എറണാകുളം ജില്ലയിലെ വൈപ്പിൻ ഞാറക്കൽ സ്വദേശി.
നാടക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നടനായ ഞാറയ്ക്കൽ ശ്രീനി കെ പി എ സി, എസ് എൽ പുരം സൂര്യ സോമ, ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകവേദികളിലായി ഒട്ടനവധി നാടകങ്ങളിൽ വേഷമിട്ടു. കൊച്ചിൻ സിദ്ധാർത്ഥ എന്ന നാടക സമിതിയുടെ സ്ഥാപകരിലൊരാളും ആയിരുന്നു ഇദ്ദേഹം. പുന്നപ്ര വയലാർ എന്ന നാടകത്തിന് 1990 ൽ മികച്ച സഹനടനുള്ള അവാർഡ്, 2016 ൽ ഗുരുപൂജ പുരസ്കാരം തുടങ്ങി ഒട്ടനവധി അവാർഡുകൾ ഞാറയ്ക്കൽ ശ്രീനി കരസ്ഥമാക്കിയിട്ടുണ്ട്. തോപ്പിൽഭാസിയുടെ 'അശ്വമേഥം, മുടിയനായ പുത്രൻ, തുലാഭാരം, കയ്യും തലയും പുറത്തിടരുത്' തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ കെ പി എ സി യുടെ വേദികളിൽ വേഷമിട്ടിട്ടുള്ള ശ്രീനിയുടെ സിനിമാ അരങ്ങേറ്റവും തോപ്പിൽ ഭാസി സംവിംധാനം ചെയ്ത എന്റെ നീലാകാശം എന്ന സിനിമയിലുടെയായിരുന്നു. എസ് എൽ പുരം സൂര്യസോമയുടെ കാട്ടുകുതിര എന്ന നാടകത്തിൽ 'ആന രാമൻ നായർ' എന്ന ഒരു പ്രധാന കഥാപാത്രമായി വേഷമിട്ട ഇദ്ദേഹം പിൽക്കാലത്ത് ആ നാടകം സിനിമയായപ്പോൾ അതിൽ മറ്റൊരു വേഷത്തിൽ അഭിനയിച്ചു.
ബെന്നി പി നായരമ്പലത്തിനൊപ്പം നാടകരംഗത്ത് ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ഞാറയ്ക്കൽ ശ്രീനി പിൽക്കാലത്ത് അദ്ദേഹം തിരക്കഥയെഴുതിയ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'സ്ത്രീ' അടക്കം ഏതാനും മിനിസ്ക്രീൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 2017 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ജൂറി ചെയർമാനായിരുന്നു.
ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഉഷ ആണ് ഭാര്യ. രണ്ട് മക്കൾ. മകൻ അനുരൂപ് മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്നു. മകൾ ഹോമിയോ ഡോക്ടറാണ്.