രാജേഷ് ബാബു
കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തിൽ കരുണാകരൻ നായരുടെയും വിജയലക്ഷ്മിയമ്മയുടേയും മകനായി ജനിച്ചു. ഫിസിക്സിൽ ബിരുദം നേടിയതിനുശേഷം രാജേഷ് ബാബു നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഹ്യൂമൺ റിസോൾസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പഠനം കഴിഞ്ഞ് നാഗ്പൂരിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നാലുവർഷത്തോളം എച്ച് ആർ എക്സിക്യുട്ടിഐവ് ആയി ജോലി ചെയ്തു. തുടർന്ന് കേരളത്തിലെത്തിയ രാജേഷ് ബാബു ഏകദേശം പതിനഞ്ച് വർഷത്തോളം വിവിധ മേഖലകളിൽ വിവിധ സ്ഥാപനങ്ങളിൽ എച്ച് ആർ മാനേജരായി ജോലി ചെയ്തു. അതിനുശേഷം കോഴിക്കോട് സ്വന്തമായി ഒരു ബിസിനസ് സംരംഭം തുടങ്ങി.
സ്വന്തം ജീവിതം ഫിക്ഷണലൈസ് ചെയ്ത് തിരക്കഥയെഴുതിക്കൊണ്ടാണ് രാജേഷ് ബാബു സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. സുഹൃത്തായ ഗിരീഷ് ഇ തലശ്ശേരി യോട് ചേർന്ന് ടേക്ക് ഇറ്റ് ഈസി എന്ന സിനിമ രാജേഷ്ബാബു നിർമ്മിച്ചു. ടേക്ക് ഇറ്റ് ഈസിയുടെ നിർമ്മാണ സമയത്ത് സിനിമാരംഗത്തുള്ള പല പ്രമുഖരുമായി പരിചയപ്പെടാൻ രാജേഷ് ബാബുവിന് കഴിഞ്ഞു. അതുവഴി കേരളപ്പിറവിയുടെ വജ്രജൂബിലിയോട് അനുബന്ധിച്ച് പി കെ ഗോപിയുടെ "ചന്ദനം സുഗന്ധമേകിയ സുന്ദരോദയകേരളം" എന്ന വരികൾക്ക് സംഗീതം നൽകിക്കൊണ്ട് ഒരു ഗാനമൊരുക്കാൻ രാജേഷ് ബാബുവിന് കഴിഞ്ഞു. അതിനുശേഷം മട്ടാഞ്ചേരി എന്ന സിനിമയിൽ "മധുരമാം ഓർമ്മകൾ വിട നൽകും ആഴങ്ങൾ" എന്ന ഗാനത്തിന് സംഗീതസംവിധായകൻ ഷിംജിത്ത് ശിവനോടൊപ്പം സംഗീതം നൽകി. അതിനുശേഷം പുള്ള്, ഇത്തിരിവെട്ടം, വെള്ളരിപ്രാവുകൾ എന്നീ സിനിമകൾക്കും ഒരു കമ്പോസർ ഡ്യുവോ എന്ന രീതിയിൽ രാജേഷ്ബാബു സംഗീതം നൽകി. ഒരു പപ്പടവട പ്രേമം, ആനന്ദ കല്യാണം, കാക്ക പൊന്ന്, പ്രണയാമൃതം, പെർഫ്യൂം, ഴ തുടങ്ങി നിരവധി സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു. കൂടാതെ പെർഫ്യൂം, ബൈനറി, ഴ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് രാജേഷ് ബാബു.