സൂര്യകിരൺ (Actor)
ടി. എസ്. മണിയുടേയും രാധയുടെയും മകനായി 1975 -ൽ തിരുവനന്തപുരത്ത് ജനിച്ചു. മൂന്നാംവയസ്സിൽ അഭിനയം തുടങ്ങിയ സൂര്യ കിരൺ മാസ്റ്റർ സുരേഷ് എന്ന പേരിൽ ചെറുപ്രായത്തിൽ ഏറെ പ്രശസ്തി നേടിയ ബാല താരമായിരുന്നു.
1978 -ൽ തന്റെ മൂന്നാമത്തെ വയസ്സിൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത പുത്തരിയങ്കം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സൂര്യകിരൺ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചു. തുടർന്ന് 1991 -വരെയുള്ള വർഷങ്ങളിൽ ഇന്ത്യയിലെ ആദ്യത്തെ 3D ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഉൾപ്പെടെ അൻപതോളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അദ്ധേഹം അഭിനയിച്ചിട്ടുണ്ട്.
2003 -ൽ തെലുങ്ക് ചിത്രമായ സത്യം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് പ്രവേശിച്ച സൂര്യ കിരൺ, തുടർന്ന് ധന 51, ബ്രഹ്മാസ്ത്രം, രാജു പായ്, അദ്ധ്യായം 6, അരസി തുടങ്ങിയ തെലുങ്ക് ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുജിത സഹോദരിയാണ്.
2024 മാർച്ച് 11 -ന് നാൽപ്പത്തി എട്ടാം വയസ്സിൽ സൂര്യകിരൺ അന്തരിച്ചു.