അമല പോൾ

Amala Paul

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1991 ഒക്ടോബറിൽ എറണാംകുളം ജില്ലയിലെ ആലുവയിൽ പോൾ വർഗ്ഗീസിന്റെയും ആനീസ് പോളിന്റെയും മകളായി ജനിച്ചു. അമലയുടെ പ്രാഥമിക വിദ്യാഭ്യാസം ആലുവ നിർമ്മല ഹയർസെക്കന്ററി സ്കൂളിലും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത് എറണാംകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നുമായിരുന്നു. പഠനസമയത്തു തന്നെ സിനിമാഭിനയത്തോട് താത്പര്യമുണ്ടായിരുന്ന അമല മോഡലിംഗിലാണ് ആദ്യം ഏർപ്പെട്ടത്. മോഡലിംഗിലൂടെ സിനിമയിലേയ്ക്കുള്ള അവസരം തുറന്നുകിട്ടി.

എം ടി - ലാൽ ജോസ് ചിത്രമായ നീലത്താമരയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് അമല പോൾ സിനിമയിൽ തുടക്കം കുറിച്ചത്. ആ വർഷം തന്നെ വീരശേഖരൻ, സിന്ധു സമാവെലി എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. സിന്ധു സമാവെലിയിൽ അഭിനയിക്കുമ്പോൾ അമല തന്റെ പേര് അനഘ എന്നാക്കി മാറ്റി. എന്നാൽ ആ സിനിമയുടെ പരാജയം അനഘ എന്ന പേരുപേക്ഷിച്ച് വീണ്ടും അമല എന്ന പേര് സ്വീകരിക്കാൻ കാരണമായി. 2010-ൽ മൈന എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ്നാട് സ്റ്റേറ്റ് അവാർഡ് അമല പോൾ കരസ്ഥമാക്കി. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തു. 

മലയാളത്തിൽ ആദ്യകാലത്ത് ചില ചിലവുകുറഞ്ഞ പരാജയ ചിത്രങ്ങളിലാണ് അമല പോൾ നായികയായതെങ്കിലും പിന്നീട് മോഹൻലാൽ നായകനായ റൺ ബേബി റൺ, ഫഹദ് ഫാസിൽ ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥ , നിവിൻപോളി നായകനായ മിലി, പൃഥ്വിരാജ് നായകനായ ആടുജീവിതം എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പന്ത്രണ്ട് മലയാള ചിത്രങ്ങളിൽ അമല അഭിനയിച്ചിട്ടുണ്ട്. ചില തെലുങ്കു ചിത്രങ്ങളിലും അമലപോൾ നായികയായിരുന്നു.