ബോബി കൊട്ടാരക്കര
(നടൻ) കൊട്ടാരക്കര താലൂക്കിൽ തോപ്പിൽ കിഴക്കതിൽ അസ്റാഭവനിൽ പരീതു റാവുത്തരുടേയും ഹാജിറാബീബിയുടേയും മൂത്തമകനായി 1952 മാർച്ച് 11നു ജനനം. യഥാർത്ഥ പേര് അബ്ദുൾ അസീസ്. എസ് എസ് എൽ സി വിദ്യാഭ്യാസം. പിന്നീട് കഥാപ്രസംഗകലയിലേക്ക് പ്രവേശിച്ചു. കഥാപ്രസംഗത്തിൽ സജീവമായതോടേ അബ്ദുൾ അസീസ് എന്ന പേര് ബോബി കൊട്ടാരക്കര എന്നാക്കി. വി സാംബശിവനും കൊല്ലം ബാബുവും കഥാപ്രസംഗവേദികളിൽ നിറഞ്ഞു നിന്ന കാലത്ത് ബോബിയുടെ “ഉലക്ക” എന്ന ഹാസ്യ കഥാപ്രസംഗം ഏറെ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. കഥാപ്രസംഗവേദിയിൽ നിന്ന് പിന്നീട് നാടകരംഗത്തേക്കും ബോബി ചുവടു മാറി.
1980-ൽ റിലീസായ “ആരോഹണം" എന്ന ചിത്രത്തിലിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് ബോബി സിനിമയിലെത്തിയത്. പിന്നീട് 1982-ൽ എ ബി രാജ് സംവിധാനം ചെയ്ത "ആക്രോശം" എന്ന ചിത്രത്തിലും ചെറിയ വേഷം കിട്ടി. 1985 ൽ സിബി മലയിൽ സംവിധാനം ചെയ്ത “മുത്താരംകുന്ന് പി.ഓ.” എന്ന സിനിമയിലെ “രമണൻ” എന്ന കഥാപാത്രമാണ് ബോബിക്ക് വഴിത്തിരിവാകുന്നത്. ഇതിനെത്തുടർന്ന് ബോബി മലയാള സിനിമയിൽ സജീവസാന്നിദ്ധ്യമായി. ‘നാരദൻ കേരളത്തിലെ’ അപ്പുക്കുട്ടൻ, ‘അക്കരെ നിന്നൊരു മാരനി’ലെ ഗിരീഷ്, ‘നാടോടിക്കാറ്റി‘ലെ ബ്രോക്കർ, ‘വടക്കു നോക്കി യന്ത്ര‘ത്തിലെ സഹദേവൻ, ‘വരവേല്പി‘ലെ പപ്പൻ, ‘മഴവിൽക്കാവടി‘യിലെ മുരുകൻ എന്നിവയൊക്കെ ബോബി കൊട്ടാരക്കരയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്.
സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, പ്രിയദർശൻ, രാജസേനൻ എന്നിവരുടെ ഒട്ടുമിക്ക ചിത്രങ്ങളിലും സ്ഥിരം വേഷങ്ങളുണ്ടായിരുന്നു. 1982 മുതൽ 2000 വരെ ഏകദേശം 170 ലേറെ സിനിമകളിൽ അഭിനയിച്ചു.
2000 ഡിസംബർ 3നു അന്തരിച്ചു.