കൃഷ്ണൻകുട്ടി നായർ
മലയാള ചലച്ചിത്ര നടൻ. തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്തു ജനിച്ചു. നാടകനടനായിട്ടായിരുന്നു അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങിയത്. നിരവധി നാടക സമിതികളിൽ പ്രവർത്തിച്ചു. പത്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന സിനിമയിലൂടെ 1979-ലാണ് കൃഷ്ണൻകുട്ടി നായർ ചലച്ചിത്രാഭിനയത്തിലേയ്ക്ക് കടക്കുന്നത്. തുടർന്ന് പല സിനിമകളിലായി ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും കൃഷ്ണൻകുട്ടി നായർ ശ്രദ്ധിയ്ക്കപ്പെടുന്നത് 1988-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവ്- ലൂടെയാണ്. അതിൽ കൃഷ്ണൻകുട്ടി നായർ അവതരിപ്പിച്ച തട്ടാൻ ഗോപാലൻ എന്ന കഥാപാത്രം പ്രേക്ഷകപ്രീതി നേടി. അനുകരണീയമായ അദ്ദേഹത്തിന്റെ അഭിനയസിദ്ധി അടൂർ,അരവിന്ദൻ,പത്മരാജൻ തുടങ്ങിയ വലിയ സംവിധായകരുടെ സിനിമകളിൽ അവസരം നേടിക്കൊടുത്തു.
സത്യൻ അന്തിക്കാട് സിനിമകളിലെ കൃഷ്ണൻകുട്ടി നായരുടെ റോളുകളാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. മഴവിൽക്കാവടി,വരവേൽപ്പ്.. എന്നീ സിനിമകളിൽ കൃഷ്ണൻ കുട്ടി നായരുടെ അഭിനയം പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ചതാണ്. കോമഡി റോളുകളാണ് അദ്ദേഹം കൂടുതലും ചെയ്തിരുന്നത്. എൺപതോളം സിനിമകളിലും ഒരു ടെലിവിഷൻ പരമ്പരയിലും കൃഷ്ണൻ കുട്ടി നായർ അഭിനയിച്ചിട്ടുണ്ട്.
1995-ൽ ഷൊർണ്ണൂരിൽ വെച്ചുണ്ടായ ഒരു സ്കൂട്ടർ അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കൃഷ്ണൻ കുട്ടിനായർ മൂന്നു ദിവസത്തിനു ശേഷം അന്തരിച്ചു.