അങ്കക്കുറി
ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് തിരുത്താൻ കഴിയുമോ? ഉത്തരം "അങ്കക്കുറി" നൽകുന്നു.
Actors & Characters
Actors | Character |
---|---|
രാമചന്ദ്രൻ | |
ബാലകൃഷ്ണൻ | |
ഗീത | |
സരള | |
ഗോപാലൻ | |
തമ്പി | |
കൊച്ചപ്പൻ | |
ടിപ്പുസുൽത്താൻ വേലുപ്പിള്ള | |
അമ്മിണിയമ്മ | |
സുകുമാരൻ | |
ഇരട്ട വേഷം - രാമചന്ദ്രന്റെ അമ്മ / ഗീതയുടെ അമ്മ | |
Main Crew
കഥ സംഗ്രഹം
1972 -ൽ വിനോദ് ഖന്ന, ശത്രുഘൻ സിൻഹ, രേഖ, നസീമ എന്നിവർ അഭിനയിച്ച് വൻ ഹിറ്റായ "Do Yaar" എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക് ആണ് "അങ്കക്കുറി". അങ്കക്കുറി ഇറങ്ങുന്നതിന് ചില ദിവസങ്ങൾക്ക് മുൻപ് അതിന്റെ തമിഴ് റീമേക്കും ഇറങ്ങിയിരുന്നു, "കുപ്പത്ത് രാജാ" എന്ന പേരിൽ. രജനികാന്ത്, വിജയകുമാർ, മഞ്ജുള, പദ്മപ്രിയാ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച ശേഷം രാമചന്ദ്രനും (ജയൻ) ശേഖരൻ എന്ന മറ്റൊരു ജയിപ്പുള്ളിയും (തൊടുപുഴ രാധാകൃഷ്ണൻ) ജയിൽമോചിതരായി വരുമ്പോൾ, നമ്മൾ രണ്ടുപേരും ഒരേ ദിവസം ജയിലിൽ വന്നു, ഇന്നിതാ ഒരേ ദിവസം പുറത്തേക്ക് വരുന്നു, ഇന്ന് നമ്മൾ സന്തോഷിക്കേണ്ട ദിവസമല്ലേ, അതുപേക്ഷിച്ച് ഇപ്പോഴാണല്ലോ നീ കൂടുതൽ വേദന അനുഭവിക്കുന്നത് എന്ന് കൂടെയുള്ള ശേഖരൻ ചോദിക്കുന്നു. അതിന്, ചെയ്യാത്ത തെറ്റിനല്ലേ ചേട്ടാ ഞാൻ ശിക്ഷ അനുഭവിച്ചത്, ഇപ്പോൾ വിട്ടയച്ചെങ്കിലും ഇനിമേൽ ഈ ലോകമേ എനിക്കൊരു ജയിലാണ് എന്ന് രാമചന്ദ്രൻ പറയുന്നു. അതുകേട്ട്, നിന്റെ നാട്ടിലേക്ക് പോകാൻ നിനക്കിഷ്ടമല്ലെങ്കിൽ എന്റെ കൂടെ വരൂ എന്ന് ശേഖരൻ പറയുമ്പോൾ, ഇല്ലെന്നും, തനിക്ക് തന്റെ അമ്മയെയും പെങ്ങളെയും കാണണമെന്നും, ഈ ലോകത്ത് താൻ കള്ളനല്ലെന്നും വിശ്വസിക്കുന്നവർ അവർ മാത്രമാണെന്നും രാമചന്ദ്രൻ പറയുന്നു. അപ്പോൾ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്റെ വീട്ടിലേക്ക് വരണം എന്ന് പറഞ്ഞ് ശേഖരൻ പിരിഞ്ഞു പോവുന്നു.
രാമചന്ദ്രൻ നടന്നു നീങ്ങി ക്ഷീണിതനായി കടൽത്തീരത്ത് ഒറ്റയ്ക്കിരിക്കുമ്പോൾ, കൈയ്യിലെ പച്ചകുത്തിയ പാട് നോക്കി പഴയ ഓർമ്മകളിൽ മുഴുകുന്നു - രാമചന്ദ്രൻ താൻ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജർ സുകുമാരനോട് (പ്രതാപചന്ദ്രൻ) തന്റെ പെങ്ങളുടെ വിവാഹത്തിന് വേണ്ടി പതിനായിരം രൂപാ കടം ചോദിക്കുമ്പോൾ തരാൻ സാധിക്കില്ലെന്ന് സുകുമാരൻ തീർത്തു പറയുക മാത്രമല്ലേ, കെട്ടിക്കാൻ നിവർത്തിയില്ലെങ്കിൽ പെങ്ങളെ ലേലം വിളിക്കണം എന്നും പറയുന്നു. അതുകേട്ട്, നിങ്ങളുടെ കള്ളക്കളികളെല്ലാം തനിക്കറിയാമെന്നും, നിങ്ങൾ സ്വത്തുണ്ടാക്കിയതെങ്ങിനെയാണെന്നും അറിയാം എന്നും, ഇന്ന് തന്നെ മുതലാളിയെക്കണ്ട് എല്ലാം തുറന്നു പറയും എന്ന് രാമചന്ദ്രൻ കുപിതനായി പറയുമ്പോൾ, നിന്റെ ആവശ്യം സത്യസന്ധമാണോ എന്ന് പരീക്ഷിക്കാൻ വേണ്ടി മാത്രമാണ് താൻ അങ്ങിനെ പറഞ്ഞതെന്നും, ആവശ്യമുള്ള പണം തരാം എന്നും പറഞ്ഞ് സുകുമാരൻ രാമചന്ദ്രൻ ആവശ്യപ്പെട്ട പണം നൽകുന്നു. എന്നാൽ, രാമചന്ദ്രൻ പണം മോഷ്ടിച്ചു എന്ന സുകുമാരന്റെ പരാതിപ്രകാരം, വിവാഹ ദിവസം രാമചന്ദ്രൻ അറസ്റ്റ് ചെയ്യപ്പെടുകയും, സഹോദരിയുടെ വിവാഹം മുടങ്ങുകയുമാണ് സംഭവിക്കുന്നത്. അയാൾ ഓർമ്മകളിൽ നിന്നും തിരിച്ചു വരുന്നു.
തന്റെ കള്ളു ഷോപ്പിന്റെ മുൻപിലൂടെ നടന്നു നീങ്ങുന്ന രാമചന്ദ്രനെ കാണുന്ന അയാളുടെ അമ്മാവൻ ഗോപാലൻ (ശങ്കരാടി) അവനെ വിളിച്ചു നിർത്തുമ്പോൾ, വീടുവരെ പോയിട്ട് വരാം എന്ന് രാമചന്ദ്രൻ പറയുന്നു. അപ്പോൾ, രാമചന്ദ്രൻ ജയിലിൽ പോയതും അമ്മ ബോധംകെട്ട് വീഴുതും, തുടർന്ന് മരണപ്പെട്ടതും, അതേത്തുടർന്ന് സഹോദരിയും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതും നിന്നെ കൂടുതൽ വേദനിപ്പിക്കും എന്നത് കൊണ്ട് നിന്നെ അറിയിക്കാതിരുന്നു എന്ന് അമ്മാവൻ വേദനോയോടെ പറയുന്നു. തന്റെ കുടുംബം തകർത്ത സുകുമാരനെ വെറുതെ വിടില്ലെന്ന് രാമചന്ദ്രൻ പറയുമ്പോൾ, എല്ലാം മറക്കാനും ക്ഷമിക്കാനും അമ്മാവൻ ഉപദേശിക്കുന്നു.
സുകുമാരന്റെ മകൾ സരള (സീമ) സുകുമാരനോട്, അഞ്ചു വർഷം മുൻപ് അച്ഛനുമായി പിണങ്ങി നാടുവിട്ട സഹോദരൻ ബാലകൃഷ്ണന്റെ (സുകുമാരൻ) കത്ത് വന്നിട്ടുണ്ടെന്നും, അവൻ ഒരു ടാക്സി ഡ്രൈവറായി ജോലി നോക്കുന്നുവെന്നും, അച്ഛനെയും സഹോദരിയെയും കാണാനായി നാട്ടിലേക്ക് വരുന്നുണ്ടെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. അതുകേൾക്കുന്ന സുകുമാരന് സന്തോഷമാവുകയും, മകനെ താൻ ഇനി എവിടേക്കും പോകാൻ അനുവദിക്കില്ലെന്നും പറയുമ്പോൾ, അച്ഛനിപ്പോൾ അങ്ങിനെ പറയുമെന്നും, സഹോദരൻ വന്നാലുടൻ വഴക്കിടാൻ തുടങ്ങുമെന്നും പറയുന്നു. അതിന്, താനിനി അവനുമായി ഒരിക്കലും വഴക്കിടില്ലെന്നും, അവനിവിടെ തിരിച്ചു വരികയും, നിന്റെ വിവാഹം കഴിച്ചയക്കുകയും ചെയ്യുന്നതോടെ തന്റെ ഭാരങ്ങളെല്ലാം കുറയും എന്ന് സുകുമാരൻ പറയുന്നു. സരള അടുക്കളയിലേക്കു പോയതും വാതിലിൽ ആരോ മുട്ടുന്നത് കേട്ട്, മകനായിരിക്കും എന്ന് സന്തോഷത്തോടെ വാതിൽ തുറക്കുന്ന സുകുമാരൻ മുന്നിൽ രാമചന്ദ്രൻ നിൽക്കുന്നത് കണ്ട് പകച്ചു നിൽക്കുന്നു.
പകച്ചു നിൽക്കുന്ന സുകുമാരനോട്, നിന്റെ പണം അപഹരിച്ചതിനല്ലേ നീയെന്നെ ജയിലിലേക്കയച്ചത്, അതിന്റെ പലിശയടക്കമുള്ള കണക്ക് തീർക്കാനാണ് താൻ വന്നിരിക്കുന്നതെന്ന് രാമചന്ദ്രൻ പറയുമ്പോൾ, മുതലാളിയേക്കണ്ട് തന്റെ രഹസ്യങ്ങളെല്ലാം അറിയിക്കും എന്ന് പറഞ്ഞതുകൊണ്ട് തന്റെ നിലനിൽപ്പിന് വേണ്ടി താൻ അങ്ങിനെ ചെയ്തുപോയതാണെന്ന് സുകുമാരൻ പറയുന്നു. അതിന്, നിന്റെ നിലനിൽപ്പിന് വേണ്ടി നീ ചെയ്ത പ്രവർത്തി കാരണം തന്റെ കുടുംബമാണ് നശിച്ചതെന്ന് രാമചന്ദ്രൻ പറയുന്നു. അതുകേട്ട്, താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ തനിക്ക് കിട്ടിയെന്നും, തന്റെ ജോലിയും, പണവും, പ്രതാപവും എല്ലാം നഷ്ടപ്പെട്ടുവെന്നും, ഇപ്പോഴുള്ളത് കുറെ കടങ്ങൾ മാത്രമാണെന്നും, കഴിഞ്ഞതെല്ലാം മറന്നേക്കു എന്നും സുകുമാരൻ കരഞ്ഞുകൊണ്ട് പറയുന്നു. പക്ഷേ രാമചന്ദ്രൻ അതൊന്നും ചെവിക്കൊള്ളുന്നില്ലെന്ന് മാത്രമല്ല, സുകുമാരനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നു. സുകുമാരന്റെ നിലവിളി കേട്ട് ഓടിയെത്തുന്ന സരളയെ തട്ടിമാറ്റി രാമചന്ദ്രൻ അയാളെ കൊല്ലുന്നു. സുകുമാരൻ മരിച്ചു എന്നുറപ്പു വരുത്തിയ ശേഷം, ചുമരിൽ തലയിടിച്ച് ബോധംകെട്ട് കിടക്കുന്ന സരളയെയും പൊക്കിയെടുത്ത് സ്ഥലം വിടുന്നു.
കത്തിലൂടെ വിവരമറിയിച്ചത് പോലെ ബാലകൃഷ്ണൻ വീട്ടിലെത്തുമ്പോൾ മരിച്ചു കിടക്കുന്ന അച്ഛനെയാണ് കാണുന്നത്. അയൽവാസിയോട് അച്ഛൻ മരിച്ചതെങ്ങിനെയെന്നന്വേഷിക്കുമ്പോൾ സുകുമാരന്റെ കൂടെ ജോലി ചെയ്തിരുന്ന രാമചന്ദ്രൻ കൊന്നതായിരിക്കുമെന്നും, അവൻ സരളയെയും കൊണ്ടുപോയി എന്നും അയാൾ പറയുന്നു. അച്ഛന്റെ ശവസംസ്കാരത്തിൽ അച്ഛനെ കൊന്നവനോട് പകരം വീട്ടുമെന്നും, സഹോദരിയെ കണ്ടുപിടിക്കുമെന്നും ബാലകൃഷ്ണൻ ശപഥം ചെയ്യുന്നു.
രാമചന്ദ്രൻ സരളയെ കൊണ്ടുചെന്നാക്കുന്നത് വേശ്യാലയം നടത്തുന്ന അമ്മിണിയമ്മയുടെ (മീന) പക്കലാണ്. അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന സരളയെ രാമചന്ദ്രൻ ബലപ്രയോഗിച്ച് പിടിച്ചു നിർത്തുമ്പോൾ സരള ബഹളം വെക്കുന്നു. അപ്പോൾ അവിടേക്ക് കയറി വരുന്ന അമ്മിണിയമ്മയെ സരള നല്ലവളെന്ന് വിശ്വസിക്കുന്നു. അമ്മിണിയമ്മ അവളെ നീ സുരക്ഷിതമായ സ്ഥലത്തിലാണ് എത്തിച്ചേർന്നിരിക്കുന്നതെന്ന് പറയുകയും, നിന്റെ ചേട്ടനെ കണ്ടുപിടിച്ചു തരാം എന്ന് ആശ്വസിപ്പിക്കുകയും, രാമചന്ദ്രനെ പറഞ്ഞുവിടുകയും ചെയ്യുന്നു.
രാമചന്ദ്രനോട് എങ്ങിനെ പകവീടും എന്നാലോചിച്ച് വിഷമിച്ചിരിക്കുന്ന ബാലകൃഷ്ണനോട്, രാമചന്ദ്രൻ കള്ളുഷാപ്പുകാരൻ ഗോപാലന്റെ അനന്തിരവനാണെന്നും, അയാളോട് ചോദിച്ചാൽ രാമചന്ദ്രൻ എവിടെയാണെന്ന് അറിയാൻ കഴിയുമെന്നും അയൽവാസി പറയുന്നു. എന്നാൽ, രാമചന്ദ്രനെ ഇതുവരെ കാണാത്തത് കൊണ്ട് അവനെ എങ്ങിനെ തിരിച്ചറിയും എന്ന് ചോദിക്കുന്ന ബാലകൃഷ്ണനോട്, ഏകദേശം നിന്റെ അതേ ഉയരവും, ശരീരഘടനയുള്ളവനാണെന്നും, കൈയ്യിൽ പച്ചയും കുത്തിയിട്ടുണ്ടെന്നും അയൽവാസി പറയുന്നു.
താൻ എവിടെയാണെന്നും, ആ സ്ഥലത്ത് താൻ അറിയപ്പെടുന്നത് രാമൻകുട്ടി എന്ന പേരിലാണെന്നും, സരളയെ താൻ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്നും, ഇനി ബാലകൃഷ്ണനെക്കൂടി കണ്ടുപിടിച്ച് തന്റെ പ്രതികാരം തീർക്കാനുണ്ടെന്നും കാണിച്ചുകൊണ്ടുള്ള രാമചന്ദ്രന്റെ കത്ത് ഗോപാലൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബാലകൃഷ്ണൻ ഷോപ്പിലേക്ക് കയറി വരുന്നു. രാമചന്ദ്രനെക്കുറിച്ച് അന്വേഷിക്കുമ്പോൾ തനിക്കറിയില്ലെന്ന് പറയുന്ന ഗോപാലനെ ബാലകൃഷ്ണൻ കയറിപ്പിടിച്ച് ഭീഷണിപ്പെടുത്തുമ്പോൾ ഷാപ്പിലെ പലരും ബാലകൃഷ്ണനുമായി ഏറ്റുമുട്ടുന്നു. എല്ലാവരെയും അടിച്ചുവീഴ്ത്തിയ ശേഷം ബാലകൃഷ്ണൻ വീണ്ടും ഗോപാലനോട് രാമചന്ദ്രനെക്കുറിച്ച് ചോദിക്കുമ്പോൾ, തനിക്കറിയില്ലെന്ന് തന്നെ ഗോപാലൻ പറയുന്നു. താൻ അവനെ കണ്ടുപിടിച്ചോളാം എന്നും, അവന്റെ പതിനാറടിയന്തരത്തിന് തയ്യാറായിക്കോ എന്നും പറഞ്ഞ് ബാലകൃഷ്ണൻ അരിശത്തോടെ ഇറങ്ങിപ്പോവുന്നു.
ജയിലിൽ തന്റെ കൂടെ കഴിഞ്ഞ സുഹൃത്തിന്റെ കൂടെയാണ് രാമചന്ദ്രൻ താമസിക്കുന്നത്. ബാലകൃഷ്ണൻ വന്ന് ഭീഷണിപ്പെടുത്തിയെന്നും, നിന്നെ അന്വേഷിച്ച് നടക്കുന്നുണ്ടെന്നും, നീ സൂക്ഷിച്ചിരുന്നോ എന്നും, കത്ത് കിട്ടിയതും ഉടനെ അതിന് മറുപടി കിട്ടിയില്ലെങ്കിൽ നിന്നെ ബാലകൃഷ്ണൻ അപായപ്പെടുത്തി എന്ന് കരുതേണ്ടിവരും എന്നും സൂചിപ്പിച്ചുകൊണ്ട് ഗോപാലൻ രാമചന്ദ്രന് കത്തയക്കുന്നു. അത് വായിച്ച്, ബാലകൃഷ്ണൻ തന്റെ കഥ കഴിക്കുന്നതിന് മുൻപ് താൻ അവന്റെ കഥ കഴിച്ചിരിക്കുമെന്ന് രാമചന്ദ്രൻ പറയുമ്പോൾ, അതിന് നീ അവനെ കണ്ടിട്ടുണ്ടോ എന്ന് സുഹൃത്ത് ചോദിക്കുന്നു. ഇല്ലെന്നും, ബാലകൃഷ്ണൻ നാടുവിട്ട് പോയ ശേഷമാണ് തനിക്ക് അവന്റെ അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ജോലി കിട്ടിയതെന്നും രാമചന്ദ്രൻ പറയുന്നു. അപ്പോൾ, ബാലകൃഷ്ണനും ഇവിടെത്തന്നെയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് സുഹൃത്ത് പറയുമ്പോൾ, അത് നന്നായി എന്നും, എന്നെങ്കിലും അവൻ സരളയെക്കാണുകയാണെങ്കിൽ അവന് ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും, തന്റെ പെങ്ങളെ ലേലം വിളിക്കാൻ പറഞ്ഞയാളാണ് അവന്റെ അച്ഛനെന്നും, ഇന്ന് ദിവസവും ലേലം വിളിക്കപ്പെടുന്നത് അവന്റെ പെങ്ങളാണെന്നും രാമചന്ദ്രൻ പറയുന്നു. അതുകേട്ട്, നീ സൂക്ഷിച്ചിരിക്കണം എന്ന് സുഹൃത്ത് പറയുമ്പോൾ, താനിപ്പോൾ വേറൊരു പേരിലറിയപ്പെടുന്നത് കൊണ്ട് അത്ര പെട്ടെന്നൊന്നും തന്നെ കണ്ടുപിടിക്കാൻ കഴിയില്ലെന്നും, അഥവാ അവൻ തന്നെ കണ്ടുപിടിച്ചാലും അവന്റെ കഥ തീരുന്നത് തന്റെ കൈകൊണ്ടായിരിക്കും എന്ന് രാമചന്ദ്രൻ പറയുന്നു.
അച്ഛന്റെ അന്ത്യകർമ്മൾക്ക് ശേഷം തന്റെ ജോലി സ്ഥലത്ത് തിരിച്ചെത്തുന്ന ബാലകൃഷ്ണനോട്, നാട്ടിൽ നിന്ന് എന്താ ഇത്ര പെട്ടെന്ന് തന്നെ തിരിച്ചു വന്നെതെന്ന് കാമുകി ഗീത ചോദിക്കുമ്പോൾ, വരേണ്ടി വന്നുവെന്ന് ബാലകൃഷ്ണൻ പറയുന്നു. തുടർന്ന്, നമ്മുടെ വിവാഹ കാര്യത്തെക്കുറിച്ച് അച്ഛൻ എന്ത് പറഞ്ഞുവെന്ന് ഗീത ചോദിക്കുമ്പോൾ, അതിനെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള അവസ്ഥയിലല്ലെന്ന് ബാലകൃഷ്ണൻ പറയുമ്പോൾ, അതെന്താണെന്ന് ഗീത ചോദിക്കുമ്പോൾ, അച്ഛൻ മരിച്ചു പോയ വിവരം ബാലകൃഷ്ണൻ പറയുന്നു. തുടർന്ന്, അനിയത്തി കാണാതായ വിവരവും പറഞ്ഞ്, ഇതിനെക്കുറിച്ച് തുടർന്ന് തന്നോട് ഒന്നും ചോദിക്കരുതെന്നും, ഒന്നും വിശദമായി പറയാനുള്ള ശക്തി തനിക്കില്ലെന്നും ബാലകൃഷ്ണൻ പറയുമ്പോൾ, ഗീത പരിഭ്രമിച്ചു നിൽക്കുന്നു.
ബാലകൃഷ്ണൻ പെട്ടിക്കടയിൽ നിന്നും ബീഡി വാങ്ങിക്കുന്നതിനിടയിൽ അടുത്തു നിൽക്കുന്ന വ്യക്തിയുടെ കൈ പിടിച്ചു വലിച്ചു പരിശോധിക്കുമ്പോൾ, അയാൾ ദേഷ്യത്തോടെ കൈ പിൻവലിച്ച് ബാലകൃഷ്ണനെ തെറി വിളിച്ച് ഇറങ്ങിപ്പോവുന്നു. അപ്പോൾ പെട്ടിക്കടക്കാരൻ കൈ എന്തിനാ പരിശോധിക്കുന്നത് എന്ന് ചോദിക്കുമ്പോൾ, രാമചന്ദ്രൻ എന്ന് പേരുള്ള ഒരാളെ താൻ അന്വേഷിക്കുന്നുവെന്നും, അയാളുടെ കൈയ്യിൽ പച്ചകുത്തിയ അടയാളമുണ്ടെന്നും പറയുമ്പോൾ, ഈ പ്രദേശത്ത് എത്രയോ രാമചന്ദ്രന്മാർ ഇവിടെയുണ്ടെന്ന് കടക്കാരൻ പറയുന്നു. ആ നേരത്ത് തന്നെ രാമചന്ദ്രൻ അവിടേക്ക് വരുന്നു. പക്ഷേ രണ്ടുപേരും നേർക്കുനേർ കാണുന്നില്ല. പോലീസുകാരൻ ടാക്സി വഴിയിൽ നിന്നും മാറ്റാൻ പറയുമ്പോൾ ബാലകൃഷ്ണൻ ടാക്സി ഓടിച്ചു പോവുകയും ചെയ്യുന്നു.
സ്ഥലത്തെ പ്രമുഖനായ തമ്പി (കെ.പി.ഉമ്മർ) പല പെൺകുട്ടികളുമായി രമിച്ചിരിക്കുമ്പോൾ, ഒരു പുതുമുഖം വന്നിട്ടുണ്ടെന്നും, ഉടൻ തന്നെ വരണമെന്നും അമ്മിണിയമ്മ വിളിച്ചു പറയുമ്പോൾ തമ്പി ഉടൻ തന്നെ അമ്മിണിയമ്മയുടെ മന്ദിരത്തിലേക്ക് ചെല്ലുന്നു. തമ്പി വല്യ മനുഷ്യനാണെന്നും, വല്യ കലാസ്നേഹിയാണെന്നും, ഈ സ്ഥാപനം തന്നെ അദ്ദേഹത്തിന്റെ ദയവിലാണ് പ്രവർത്തിക്കുന്നതെന്നും, അദ്ദേഹത്തെ നീ ചെന്ന് പരിചയപ്പെടണമെന്നും പറഞ്ഞ് നിർബന്ധിച്ച് അമ്മിണിയമ്മ സരളയെ തമ്പി കാത്തിരിക്കുന്ന മുറിയിലേക്ക് തള്ളിവിടുന്നു. സരളയെ തമ്പി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോൾ സരള അയാളിൽ നിന്നും പിടിവിടുവിച്ച്, അരികിലുള്ള മദ്യക്കുപ്പി പൊട്ടിച്ച് തന്റടുത്തു വന്നാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുമ്പോൾ, തന്നെ അപമാനിച്ചതിന് താൻ പകരം വീട്ടും എന്ന് അരിശത്തോടെ പറഞ്ഞ് തമ്പി സ്ഥലം വിടുന്നു. തമ്പിയെ അപമാനിച്ചു വിട്ടതിന് അമ്മിണിയമ്മ സരളയെ ശകാരിക്കുമ്പോൾ, സരള തനിക്കിവിടെ ജീവിക്കേണ്ട, ഇവിടുന്ന് പോകണം എന്ന് പറയുമ്പോൾ, ഇവിടുന്ന് രക്ഷപ്പെടാൻ ഒരിക്കലും കഴില്ലെന്ന് പറഞ്ഞ് മുറി പൂട്ടി ദേഷ്യത്തോടെ പോകുന്നു.
അവിടുത്തെ കള്ളു ഷോപ്പിൽ കയറി അവിടുള്ളവരോട് രാമചന്ദ്രൻ എന്നൊരാളെ അറിയുമോ എന്ന് ബാലകൃഷ്ണൻ അന്വേഷിക്കുമ്പോൾ കള്ളുകുടിച്ച് ലക്കില്ലാതെ കിടക്കുന്ന കൊച്ചപ്പൻ (കുതിരവട്ടം പപ്പു) തനിക്കറിയാമെന്നും, രാത്രി ഇവിടെ വന്നാൽ കാണിച്ചു തരാമെന്നും പറയുന്നു. ബാലകൃഷ്ണൻ തിരിച്ചു പോവുമ്പോൾ അവിടേക്ക് രാമചന്ദ്രൻ കയറി വരുന്നു. ബാലകൃഷ്ണന്റെ കൈയ്യിലെ താക്കോൽ രാമചന്ദ്രന്റെ കാൽക്കീഴിൽ വീഴുമ്പോൾ രാമചന്ദ്രൻ അതെടുത്ത് കൊടുക്കുന്നു. രാമചന്ദ്രൻ കള്ളു കുടിച്ചുകൊണ്ടിരിക്കുമ്പോൾ കൊച്ചപ്പൻ വളർത്തുന്ന കുരങ്ങ് രാമചന്ദ്രന്റെ പേഴ്സ് മോഷ്ടിച്ച് കൊച്ചാപ്പനെ ഏൽപ്പിക്കുന്നു. പണം കൊടുക്കാനായി രാമചന്ദ്രൻ പേഴ്സ് പരതുമ്പോൾ അത് കൊച്ചപ്പന്റെ കൈയ്യിലിരിക്കുന്നത് കണ്ട് അവന്റെ കൈയ്യിൽ നിന്നും പേഴ്സ് ബലംപ്രയോഗിച്ച് വാങ്ങുന്നതിനിടയിൽ കൊച്ചപ്പന്റെ വച്ചും എടുത്തോണ്ട് സ്ഥലം വിടുന്നു. ആ വാച്ച് വിറ്റ് കാശ് ചോദിക്കുമ്പോൾ, കടയുടമസ്ഥൻ (എം.എസ്.തൃപ്പൂണിത്തറ) അതിന് ഇരുപത്തഞ്ച് രൂപയെ തരാൻ പറ്റുള്ളു എന്നും, വലിയ വസ്തുക്കൾ കൊണ്ടുവന്നാൽ അതിനനുസരിച്ച് പണം തരാം എന്നും പറയുന്നു. കടയുടമസ്ഥൻ പണമെടുക്കുമ്പോൾ സേഫിൽ നിറയെ പണമിരിക്കുന്നത് കാണുന്ന രാമചന്ദ്രൻ ഉടമസ്ഥനെ കത്തി ചൂണ്ടി പീഡിപ്പിച്ച് അതിൽ നിന്നും കുറച്ച് പണമെടുത്ത് സ്ഥലം വിടുന്നു.
രാത്രിയിൽ രാമചന്ദ്രൻ തന്റെ വീട്ടിലേക്ക് നടക്കുമ്പോൾ കവലയിൽ നിൽക്കുന്ന പോലീസിന്റെ മുന്നിലൂടെ കടന്നു പോവുന്നു. അപ്പോൾ, പോലീസ് രാമചന്ദ്രനോട് നിൽക്കാൻ പറയുമ്പോൾ രാമചന്ദ്രൻ ഓടുകയും, പോലീസ് രാമചന്ദ്രനെയും തുരത്തിക്കൊണ്ട് ജീപ്പിൽ പായുകയും ചെയ്യുന്നു. ഒരിടത്ത് വെച്ച് പോലീസ് രാമചന്ദ്രന്റെ നേർക്ക് വെടിവെക്കുമ്പോൾ രാമചന്ദ്രന്റെ കൈയ്ക്കും, കാലിനും വെടിയേല്ക്കുന്നുണ്ടെങ്കിലും പോലീസിന്റെ പിടിയിൽ പെടാതെ രക്ഷപ്പെട്ട് അടുത്തു നിൽക്കുന്ന ടാക്സിയിൽ കേറാൻ ശ്രമിക്കുന്നു. അത്, ബാലകൃഷ്ണന്റെ ടാക്സിയായിരുന്നു. രാമചന്ദ്രന്റെ അവസ്ഥ കണ്ട ബാലകൃഷ്ണൻ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കി രാമചന്ദ്രനെ ടാക്സിയിൽ കയറാൻ സമ്മതിക്കുന്നില്ല. അപ്പോൾ രാമചന്ദ്രൻ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുമ്പോൾ, കത്തി പിടിച്ചു വാങ്ങുന്ന ബാലകൃഷ്ണൻ, താനിതിനൊന്നും ഭയപ്പെടില്ലെന്നും, നിനക്കെന്താണ് സംഭവിച്ചതെന്നും ചോദിക്കുന്നു. അതിന്, തന്റെ ശത്രുക്കൾ തന്റെ കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും, തന്റെ പക്കലുള്ള പണവും അവർ തട്ടിയെടുത്തുവെന്നും, അവർ പുറകേയുണ്ടെന്നും, ഏതു നേരവും ഇവിടെയെത്തുമെന്നും, തന്നെ രക്ഷിക്കണമെന്നും രാമചന്ദ്രൻ പറയുമ്പോൾ, നിന്റെ പേരെന്തെന്ന് ബാലകൃഷ്ണൻ ചോദിക്കുമ്പോൾ, രാമൻകുട്ടിയാണെന്ന് പറയുന്നു. സഹതാപം തോന്നുന്ന ബാലകൃഷ്ണൻ രാമചന്ദ്രനെ ടാക്സിയിൽ കേറാൻ സമ്മതിക്കുന്നു.
ടാക്സിയിൽ കയറിയ രാമചന്ദ്രനോട് ആശുപത്രിയിൽ കൊണ്ടുപോകട്ടെ എന്ന് ചോദിക്കുമ്പോൾ, വേണ്ടെന്നും അവിടെ ചെന്നാൽ പോലീസ് തിരക്കിയെത്തുമെന്ന് രാമചന്ദ്രൻ പറയുന്നു. എന്നാൽ വീട്ടിലെത്തിക്കട്ടെയെന്ന് ചോദിക്കുമ്പോൾ, വീട്ടിലെത്തിയാലും അപകടമാണെന്ന് പറയുമ്പോൾ തന്നെ രാമചന്ദ്രൻ ബോധംകെട്ട് വീഴുന്നു. പിന്നെ എവിടെ കൊണ്ടുചെന്നാക്കണം എന്ന് കൂടെക്കൂടെ ചോദിച്ചും മറുപടി കിട്ടാത്തപ്പോൾ തിരിഞ്ഞു നോക്കുമ്പോഴാണ് രാമചന്ദ്രൻ ബോധംകെട്ടു കിടക്കുന്നത് ബാലകൃഷ്ണൻ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് ബാലകൃഷ്ണൻ രാമചന്ദ്രനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുന്നു. വീട്ടിലെത്തിയ ശേഷം രാമചന്ദ്രന് ബോധം വന്നതും, ഈ രാത്രി നിങ്ങളുടെ വീട്ടിൽ താമസിക്കാൻ അനുവദിക്കുമോ എന്ന് ബാലകൃഷ്ണനോട് ചോദിക്കുമ്പോൾ, ബാലകൃഷ്ണൻ ശരിയെന്ന് പറയുന്നു. ബാലകൃഷ്ണനോട് നിങ്ങളുടെ പേരെന്താണെന്ന് രാമചന്ദ്രൻ ചോദിക്കുമ്പോൾ കൃഷ്ണൻ എന്നാണ് പറയുന്നത്. പിന്നീട്, രാമചന്ദ്രൻ കൈയ്യിലത്തെയും കാലിലത്തെയും ബുള്ളറ്റുകൾ എടുത്തു മാറ്റുന്നു. മുറിവിൽ തുണിവെച്ച് കെട്ടുവാൻ ബാലകൃഷ്ണൻ സഹായിക്കുന്നു. രാമചന്ദ്രൻ പച്ചകുത്തിയിരിക്കുന്ന ഇടത് കൈയ്യിലാണ് വെടിയേറ്റിരിക്കുന്നതെങ്കിലും, മുറിവുള്ളതിനാൽ ബാലകൃഷ്ണന് അത് കാണാൻ സാധിക്കുന്നില്ല.
രാമചന്ദ്രന് വേണ്ട സഹായം ചെയ്ത ശേഷം പുറത്തേക്ക് പോയിട്ട് വരാം എന്ന് പറഞ്ഞിറങ്ങുന്ന ബാലകൃഷ്ണനോട് രാത്രിയും ടാക്സി ഓടിക്കുമോ എന്ന് ചോദിക്കുമ്പോൾ, രാത്രിയിലും പകലും താൻ ചുറ്റുന്നത് വേറൊരു കാര്യത്തിനാണെന്ന് ബാലകൃഷ്ണൻ പറയുന്നു. അതെന്താണെന്ന് രാമചന്ദ്രൻ ചോദിക്കുമ്പോൾ, അതിപ്പോ പറയാൻ പറ്റില്ലെന്ന് ബാലകൃഷ്ണൻ പറയുന്നു. തുടർന്ന്, നിങ്ങളുടെ കത്തി ഇന്ന് എന്റെ പക്കലിരിക്കട്ടെയെന്ന് ബാലകൃഷ്ണൻ പറയുമ്പോൾ, ആരെയെങ്കിലും താങ്ങാനാണോ എന്ന് രാമചന്ദ്രൻ ചോദിക്കുന്നു. അതുകേട്ട്, താങ്ങേണ്ടവനെ കൈയ്യിൽ കിട്ടിയാൽ താങ്ങുക തന്നെ ചെയ്യുമെന്ന് ബാലകൃഷ്ണൻ പറയുമ്പോൾ, തന്റെ സഹായം വല്ലതും വേണമോയെന്ന് രാമചന്ദ്രൻ ചോദിക്കുന്നു. ആവശ്യമില്ലെന്നും, കിടന്നുറങ്ങിക്കൊള്ളുവെന്നും പറഞ്ഞ് ബാലകൃഷ്ണൻ പുറത്തേക്ക് പോകുന്നു.
ബാലകൃഷ്ണൻ നേരെ പോവുന്നത് കള്ളു ഷോപ്പിലേക്കാണ്. അവിടെച്ചെന്ന്, കുടിച്ചു ലക്കില്ലാതെ കിടക്കുന്ന കൊച്ചപ്പനോട് കാണിച്ചു തരാം എന്നു പറഞ്ഞ രാമചന്ദ്രൻ എവിടെയെന്ന് ചോദിക്കുമ്പോൾ, കൊച്ചപ്പൻ അവിടെയിരിക്കുന്ന ഒരു വൃദ്ധനെ കാണിച്ച് ഇതാണ് രാമചന്ദ്രൻ എന്ന് പറയുന്നു. അരിശം മൂത്ത ബാലകൃഷ്ണൻ, താൻ തേടുന്ന രാമചന്ദ്രൻ വൃദ്ധനല്ലെന്നും, നല്ല തടിമിടുക്കുള്ള ആളാണെന്നും, ജയിലിൽ കിടന്ന ആളാണെന്നും, കൈയ്യിൽ പച്ച കുത്തിയിട്ടുണ്ടാവും എന്ന് പറയുമ്പോൾ, ഉടൻ തന്നെ കണ്ടുപിടിച്ചു തരാം, കുറച്ച് പണം ചിലവാകും എന്ന് പറഞ്ഞ് കൊച്ചപ്പൻ ബാലകൃഷ്ണനിൽ നിന്നും കുറച്ച് പണം വാങ്ങുന്നു.
അടുത്ത ദിവസം രാവിലെ ബാലകൃഷ്ണനെ അന്വേഷിച്ചു വരുന്ന ഗീത, മൂടിപ്പുതച്ചു കിടക്കുന്നത് ബാലകൃഷ്ണനാണെന്ന് കരുതി ബക്കറ്റിലെ വെള്ളമെടുത്ത് ദേഹത്തൊഴിക്കുന്നു. പുതപ്പ് മാറ്റി എണീൽക്കുന്ന രാമചന്ദ്രനെക്കണ്ട് പരിഭ്രമിച്ച്, ബാലകൃഷ്ണനാണെന്ന് കരുതിയാണ് അങ്ങിനെ ചെയ്തതെന്ന് പറഞ്ഞ്, ആരാണെന്ന് ചോദിക്കുമ്പോൾ, ബാലകൃഷ്ണന്റെ സുഹൃത്താണെന്നും, പേര് രാമൻകുട്ടിയാണെന്നും രാമചന്ദ്രൻ പറയുന്നു. വീടെവിടെയാണെന്ന് ഗീത ചോദിക്കുമ്പോൾ, വളരെ ദൂരെയാണെന്ന് രാമചന്ദ്രൻ പറയുന്നു. തുടർന്ന്, ഇങ്ങിനെയൊരു സുഹൃത്തുള്ളതായി ബാലകൃഷ്ണൻ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ എന്ന് ഗീത പറയുമ്പോൾ, ബാലകൃഷ്ണൻ വീട്ടിലേക്ക് കയറി വരുന്നു. സുഹൃത്തിന്റെ കൈക്കും, കാലിനും എന്താ പറ്റിയതെന്ന് ഗീത ചോദിക്കുമ്പോൾ, കാർ തട്ടി വീണതാണെന്നും, പോലീസിനെ അറിയിച്ചാൽ ബുദ്ധിമുട്ടാവുമെന്ന് കരുതി വീട്ടിൽ കൊണ്ടുവന്നുവെന്ന് ബാലകൃഷ്ണൻ പറയുന്നു. ഗീത ബാലകൃഷ്ണന്റെ ആരാണെന്ന് രാമചന്ദ്രൻ ചോദിക്കുമ്പോൾ, ആരാണെന്ന് പറയാറായിട്ടില്ലെന്നും, തനിക്കിവിടെ ഗീതയും അവളുടെ അന്ധയായ അമ്മയും മാത്രമേ ബന്ധുക്കളായിട്ടുള്ളുവെന്ന് ബാലകൃഷ്ണൻ പറയുന്നു. ഗീത കാപ്പി കൊണ്ടുവരണമെന്നും പറഞ്ഞ് പുറത്തേക്ക് പോവുന്നു.
ഗീത പോയതും, അവളോട് എന്തിനാണ് കാർ തട്ടിയതാണെന്ന് നുണ പറഞ്ഞതെന്ന് രാമചന്ദ്രൻ ചോദിക്കുമ്പോൾ, സത്യം പറഞ്ഞാൽ അവൾ പേടിക്കും എന്നത് കൊണ്ടാണെന്ന് ബാലകൃഷ്ണൻ പറയുന്നു. തുടർന്ന്, രാത്രി പോയ കാര്യം നിറവേറിയോ എന്ന് ചോദിക്കുമ്പോൾ ഇല്ലെന്ന് ബാലകൃഷ്ണൻ പറയുന്നു. എങ്കിലും, എത്ര അലഞ്ഞാലും താൻ വിചാരിച്ച കാര്യം സാധിച്ചിരിക്കും എന്നും ബാലകൃഷ്ണൻ പറയുന്നു. തുടർന്ന്, രാമചന്ദ്രൻ ബാലകൃഷ്ണനോട് നന്ദി പറഞ്ഞ് ഇറങ്ങുമ്പോൾ, ബാലകൃഷ്ണൻ രാമചന്ദ്രന് കത്തി തിരിച്ചു കൊടുക്കുന്നു. അപ്പോൾ, ഇതെന്റെ ഓർമ്മക്കായി നിന്റെ പക്കൽ തന്നെയിരിക്കട്ടെയെന്ന് പറഞ്ഞ് കത്തി ബാലകൃഷ്ണന് കൊടുത്ത് രാമചന്ദ്രൻ പോവുന്നു.
ഗീത കാപ്പിയുമായി ബാലകൃഷ്ണന്റെ വീട്ടിലേക്ക് വരുമ്പോൾ ചില ചട്ടമ്പികൾ അവളോട് അപമര്യാദയായി പെരുമാറുന്നു. പുറത്തേക്ക് വരുന്ന രാമചന്ദ്രൻ ഇത് കാണുകയും, അവരെ അടിച്ചു വിരട്ടുകയും ചെയ്യുന്നു. പിന്നീട്, ഗീതയെ അവളുടെ വീട്ടിലേക്ക് കൊണ്ടുവിടാൻ പോകുമ്പോൾ ഓടിപ്പോയ ചട്ടമ്പികൾ മറ്റു ചിലരെയും കൂട്ടി വന്ന് രാമചന്ദ്രനുമായി ഏറ്റുമുട്ടുന്നു. അപ്പോഴേക്കും ബാലകൃഷ്ണനും അവിടെ എത്തുകയും, രണ്ടുപേരും ചേർന്ന് ചട്ടമ്പികളെ വിരട്ടിയാടിക്കുകയും ചെയ്യുന്നു. ചട്ടമ്പികളിൽ നിന്നും പരിക്കേറ്റ് അവശനായ രാമചന്ദ്രനെ ബാലകൃഷ്ണൻ വീണ്ടും തന്റെ വീട്ടിലേക്ക് തന്നെ കൂടിവരുന്നു.
അവശനായ രാമചന്ദ്രൻ അവിടുന്ന് പുറപ്പെടാൻ തയ്യാറാവുമ്പോൾ തന്റെ മാനം രക്ഷിച്ചതിന് രാമചന്ദ്രനോട് താൻ ഒരുപാട് കടപ്പെട്ടവളാണെന്നും, ഗുണമായ ശേഷം പോയാൽ മതിയെന്നും ഗീത പറയുന്നു. ഈ അവസ്ഥയിൽ പോകാൻ അനുവദിക്കില്ലെന്നും, പൂർണ്ണമായും ഗുണം പ്രാപിച്ച ശേഷമേ പോകാവൂ എന്നും നിർബന്ധിച്ച് ബാലകൃഷ്ണൻ രാമചന്ദ്രനെ അവിടെ തന്നെ താമസിപ്പിക്കുന്നു. കൊച്ചപ്പൻ, ടിപ്പുസുൽത്താൻ വേലുപ്പിള്ള (മാള അരവിന്ദൻ) എന്ന നാടക നടന്റെ കൈയ്യിൽ മഷികൊണ്ട് ചിത്രം വരച്ച് ഇതാണ് നിങ്ങൾ തേടുന്ന രാമചന്ദ്രൻ എന്ന് ബാലകൃഷ്ണനെ പറ്റിക്കാൻ ശ്രമിക്കുകയും, അത് ബാലകൃഷ്ണൻ കൈയ്യോടെ പിടികൂടുകയും ചെയ്യുന്നു.
രാത്രിയിൽ രാമചന്ദ്രൻ ഉറങ്ങുന്ന നേരത്ത് അടിയേറ്റ ചട്ടമ്പികൾ ബാലകൃഷ്ണന്റെ വീടിന് തീ വെയ്ക്കുന്നു. ഗീത തക്ക സമയത്ത് രാമചന്ദ്രനെ രക്ഷപ്പെടുത്തുകയും, തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. വീടിന് എങ്ങിനെയാണ് തീ പിടിച്ചതെന്ന് കണ്ടുപിടിക്കണം എന്ന് ബാലകൃഷ്ണൻ പറയുന്നു. തൽക്കാലം നിങ്ങൾ രണ്ടുപേരും എന്റെ വീട്ടിൽ താമസിച്ചോളു എന്ന് ഗീത പറയുമ്പോൾ, അത് ശരിയാവില്ലെന്നും, കത്തിയെരിഞ്ഞ സ്ഥലത്ത് തന്നെ വീണ്ടും വീട് പണിയണം എന്നും പറഞ്ഞ് ബാലകൃഷ്ണൻ പുറത്തേക്ക് പോവുന്നു. ആ നേരത്ത് ഗീതയുടെ അന്ധയായ അമ്മ ലക്ഷ്മി (കോഴിക്കോട് ശാരദ) കടന്ന് വരികയും, രാമചന്ദ്രൻ അവരെക്കണ്ട് അമ്പരക്കുകയും ചെയ്യുന്നു - കാരണം, അവർക്ക് രാമചന്ദ്രന്റെ അമ്മയുടെ അതെ ഛായയായത് കൊണ്ട്. രാമചന്ദ്രൻ അവരുടെ നാടേതാണെന്ന് ചോദിക്കുമ്പോൾ, അതിതുവരെ താൻ ആരോടും പറയാത്ത കാര്യമാണെന്നും, മകളോട് പോലും പറഞ്ഞിട്ടില്ലെന്നും, ഇഷ്ടപ്പെട്ട ഒരു പുരുഷനെ വിവാഹം കഴിച്ചത് കൊണ്ട് സ്വന്തം നാടും വീടും വിടേണ്ടി വന്നുവെന്നും, ഗീത കൈക്കുഞ്ഞായിരിക്കുമ്പോൾ ഗീതയുടെ അച്ഛൻ ഒരു കാറപകടത്തിൽ പെട്ട് മരിച്ചു പോവുകയും, തന്റെ കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തുവെന്നും അവർ പറയുന്നു. അപ്പോൾ, ബന്ധുക്കളായിട്ട് ആരുമില്ലേയെന്ന് രാമചന്ദ്രൻ ചോദിക്കുമ്പോൾ, തന്നെപ്പോലെ ഒരു ചേച്ചിയുണ്ടായിരുന്നുവെന്ന് അവർ പറയുന്നു. അന്നേരം, അവർക്ക് മക്കളൊന്നുമില്ലേ എന്ന് വീണ്ടും രാമചന്ദ്രൻ ചോദിക്കുമ്പോൾ, അവർക്ക് രണ്ടു മക്കളുണ്ടായിരുന്ന കാര്യം മാത്രം അറിയാമെന്നും, അവരുടെ ഇന്നത്തെ കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നും ഗീതയുടെ അമ്മ പറയുന്നു. അതുകേട്ട്, ചേട്ടനെന്താ ഇങ്ങിനൊക്കെ ചോദിക്കുന്നത്, അമ്മയുടെ ചേച്ചിയെ അറിയാമോ എന്ന് ഗീത ചോദിക്കുമ്പോൾ, ഒന്നുമില്ല വെറുതെ ചോദിച്ചതാണെന്ന് രാമചന്ദ്രൻ പറയുന്നു. ഗീത രാമചന്ദ്രനെ വിശ്രമിക്കാൻ പറഞ്ഞിട്ട് ആഹാരമുണ്ടാക്കാൻ പോവുമ്പോൾ രാമചന്ദ്രൻ മനസ്സിൽ പറയുന്നു - ഇതെന്റെ അമ്മയുടെ അനുജത്തിയും, ഗീത തന്റെ സ്വന്തം അനുജത്തിയുമാണ്, പക്ഷേ ഈ അവസ്ഥയിൽ താനവരോട് ഇതെങ്ങിനെ പറയും, നല്ലൊരു അവസരം വരുമ്പോൾ പറയാം.
ഇവിടുന്നു നിനക്ക് രക്ഷപ്പെടണമെങ്കിൽ നീ എല്ലാവരോടും സ്നേഹം നടിക്കണമെന്നും, ആടാനും പാടാനും തുടങ്ങണമെന്നും, തക്ക സമയം നോക്കി ഞങ്ങൾ നിനക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗം ഒരുക്കിത്തരാമെന്നും അമ്മിണിയമ്മയുടെ വേശ്യാലയത്തിലെ മറ്റു സ്ത്രീകൾ സരളയോട് പറയുമ്പോൾ, സരള മനസ്സ് മാറ്റി അവർ പറഞ്ഞത് പോലെ സ്നേഹം നടിച്ച് ആടാനും, പാടാനും തുടങ്ങുന്നു. എന്നാൽ, തമ്പി അവളുടെ ചാരിത്ര്യം കവർന്നെടുക്കാൻ ശ്രമിക്കുമ്പോൾ ബോധംകെട്ട് വീഴുന്നത് പോലെ അഭിനയിക്കുന്നു.
രാമചന്ദ്രനെ കാണിച്ചു തരാം എന്ന് പറഞ്ഞ് പലപ്പോഴുമായി കാശ് വാങ്ങി പറ്റിച്ചു നടക്കുന്ന കൊച്ചപ്പനോട് തന്റെ പണമെല്ലാം തിരിച്ചു തരണമെന്ന് ബാലകൃഷ്ണൻ പറയുമ്പോൾ, അതൊക്കെ ചിലവായെന്നും, ഏതെങ്കിലും ജോലി തന്നാൽ അത് ചെയ്ത് കടം വീട്ടാമെന്ന് കൊച്ചപ്പൻ പറയുമ്പോൾ, കൊച്ചപ്പനെ കാറ് കഴുകാനും, വീട്ടു ജോലി ചെയ്യാനുമുള്ള ജോലി ഏൽപ്പിക്കുന്നു.
തമ്പിയും, തമ്പിയുടെ ശിങ്കിടി ദാസപ്പനും (കുഞ്ചൻ) തമ്പി പതിച്ചു വാങ്ങിയ മലയോരം സന്ദർശിക്കാൻ എത്തുന്നു. താനറിയാതെ അവിടെ ഒരുപാട് പേർ കുടിയേറിയിരിക്കുന്നത് തമ്പി മനസ്സിലാക്കുന്നു. ദാസപ്പനുമായി സംസാരിച്ചിരിക്കുമ്പോൾ ഗീത അതുവഴി കടന്നു പോവുന്നത് ശ്രദ്ധിക്കുന്ന തമ്പി ദാസപ്പനെ അവിടുന്ന് പറഞ്ഞുവിടുന്നു. പിന്നീട് ഗീതയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുമ്പോൾ ബാലകൃഷ്ണൻ തടുത്തു നിർത്തുകയും, ഈ ഉദ്ദേശത്തോടുകൂടി ഇനി ഈ ഭാഗത്തേക്ക് വന്നേക്കരുതെന്നും തമ്പിയെ താക്കീത് ചെയ്യുന്നു. തന്റെ സ്ഥലത്ത് തന്നെ താമസിച്ച് തന്നെ അപമാനിച്ചതിൽ കുപിതനായ തമ്പി, ഇതിന് പകരം വീട്ടും എന്ന് പറഞ്ഞ് അവിടുന്ന് പോവുന്നു.
അപമാനിതനായി തമ്പി, ആ മലയോരം തന്റേതാണെന്നും, അനധികൃതമായി കുടിയേറിയിരിക്കുന്ന എല്ലാവരും ഇപ്പോൾ തന്നെ ഒഴിഞ്ഞു പോവണമെന്നും, അല്ലെങ്കിൽ ബുൾഡോസർ വെച്ച് എല്ലാം ഇടിച്ചു നിരത്തും എന്ന് പറയുമ്പോൾ, ഗ്രാമവാസികൾ ഞങ്ങളൊരു തെറ്റും ചെയ്തില്ലല്ലോ എന്ന് പറയുമ്പോൾ, കൂട്ടത്തിൽ ഒരാൾ ഗീത കാരണമാണല്ലോ നമ്മൾക്ക് ഒഴിഞ്ഞു പോകേണ്ടി വരുന്നതെന്ന് പറയുന്നു. അതുകേട്ട്, തനിക്ക് വേണ്ടി ആരും ഒഴിഞ്ഞു പോകേണ്ടെന്ന് ഗീത പറയുന്നു. അപ്പോൾ, നിങ്ങളുടെ ഭീഷണി കേട്ട് ഇവിടുള്ളവരെല്ലാം ഒഴിഞ്ഞു പോകും എന്നാണോ നിങ്ങൾ കരുതുന്നതെന്ന് ബാലകൃഷ്ണൻ ചോദിക്കുന്നു. ഉടനെ ഗീത, ഇവിടുത്തെ പെണ്ണുങ്ങളെല്ലാം ഇയാൾ വിളിക്കുന്ന സ്ഥലത്തേക്ക് ചെന്നിരുന്നെങ്കിൽ ഈ കുഴപ്പമൊന്നുമുണ്ടാവില്ലായിരുന്നു എന്ന് ഗീത പറയുന്നു. അതുകേട്ട് കുപിതനായ തമ്പി ഗീതയെ വിരട്ടുമ്പോൾ, അഭിമാനത്തോടുകൂടി നമുക്കിവിടുന്നിറങ്ങാം എന്ന് ഗീത അമ്മയോട് പറയുന്നു. ഉടനെ, അങ്ങിനെ ഇവിടുന്ന് ആരും ഇറങ്ങിപ്പോവേണ്ടെന്ന് ബാലകൃഷ്ണൻ പറയുമ്പോൾ, നീ ആരാടാ എന്ന് തമ്പി ചോദിക്കുന്നു. അതിന്, താനും ഇവിടുത്തെ താമസക്കാരനാണെന്ന് ബാലകൃഷ്ണൻ പറയുന്നു. അപ്പോൾ, താൻ ഈ സ്ഥലം രണ്ടു ലക്ഷം രൂപയ്ക്ക് വിൽക്കാൻ പോവുകയാണെന്ന് പറയുന്നത് കേട്ട് ഗ്രാമവാസികൾ പരിഭ്രമിച്ച് നിൽക്കുന്നു. ആ നേരം രാമചന്ദ്രൻ കടന്ന് വന്ന്, അങ്ങിനെയെങ്കിൽ താനീ സ്ഥലം വാങ്ങാൻ തയ്യാറാണെന്ന് പറയുന്നു. അതിന് നിന്റെ പക്കൽ അത്രയും പണമുണ്ടോടാ എന്ന് തമ്പി ചോദിക്കുമ്പോൾ, അതൊന്നും താനറിയേണ്ട കാര്യമില്ലെന്നും, നാളെ രാവിലെ ഇവിടെ വന്നാൽ പണം തരാം എന്നും രാമചന്ദ്രൻ പറയുന്നു. പറഞ്ഞപോലെ നാളെ പണം തന്നില്ലെങ്കിൽ ഇവിടം പിന്നെ മൈതാനമായി മാറും എന്ന് പറഞ്ഞ് തമ്പി സ്ഥലം വിടുന്നു.
രാത്രിയിൽ ബാലകൃഷ്ണനും ഗീതയും സംസാരിക്കുമ്പോൾ, രാമചന്ദ്രൻ എന്ത് അബദ്ധമാണ് വിളിച്ചു പറഞ്ഞതെന്നും, ഒരപകടം സംഭവിച്ച് ഇവിടെ കിടന്നപ്പോൾ ഒരൊറ്റ മനുഷ്യൻ പോലും തിരിഞ്ഞു നോക്കാത്ത അവന്റെ പക്കൽ ഇത്രയും പണം എവിടുന്നുണ്ടാവാനാണ്, തമ്പിയോട് പണം തരാമെന്ന് പറഞ്ഞ ശേഷം അവൻ എവിടെപ്പോയി എന്നും അറിയില്ല എന്ന് വ്യാകുലപ്പെടുന്നു. തമ്പിയുടെ കൈയ്യിൽ നിന്നും ഈ സ്ഥലം രാമചന്ദ്രൻ വാങ്ങിച്ചാൽ തങ്ങളുടെ സ്ഥിതി വഷളാകും എന്ന് വ്യാകുലപ്പടുന്ന സ്ഥലത്തെ ചട്ടമ്പികൾ ബാലകൃഷ്ണനെക്കാണാനെത്തുന്നു. പറഞ്ഞപോലെ നാളെ പണം കൊടുത്തില്ലെങ്കിൽ തമ്പി എല്ലാവരെയും ഇറക്കിവിടും എന്നവർ പറയുമ്പോൾ, താനുള്ളപ്പോൾ അങ്ങിനൊരു സംഭവം നടക്കില്ലെന്നും, പക്ഷേ നമ്മുടെയിടയിൽ തന്നെ കരിങ്കാലികൾ കാണാൻ പാടില്ലെന്നും ബാലകൃഷ്ണൻ പറയുന്നു. അതുകേട്ട്, തമ്പിയെ പകച്ച് ഇവിടെ എങ്ങിനെ ജീവിക്കാൻ കഴിയും എന്നവർ ചോദിക്കുമ്പോൾ, എന്തു വേണേലും സംഭവിക്കട്ടെയെന്ന് ബാലകൃഷ്ണൻ പറയുന്നു. അപ്പോൾ, ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ രണ്ടുപേരെയും ജീവനോടെ വെച്ചേക്കില്ലെന്ന് പറഞ്ഞ് ചട്ടമ്പികൾ പോവുന്നു.
അടുത്ത ദിവസം തമ്പി സ്ഥലത്തെത്തി രാമചന്ദ്രനെ തിരക്കുമ്പോൾ, എന്താ പറയേണ്ടതെന്നറിയാതെ ബാലകൃഷ്ണൻ കുഴങ്ങി നിൽക്കുന്നു. പണം കിട്ടിയില്ലെങ്കിൽ വീടെല്ലാം പൊളിച്ചു മാറ്റും എന്ന് തമ്പി പറയുമ്പോൾ, അത് നടക്കില്ലെന്ന് ബാലകൃഷ്ണൻ പറയുന്നു. അപ്പോൾ, ഒന്നുകിൽ രാമചന്ദ്രൻ വന്ന് പണം തരട്ടെ, അല്ലെങ്കിൽ നീ താ എന്ന് തമ്പി പറയുമ്പോൾ, തന്റെ കൈയ്യിൽ പണമില്ലെന്ന് ബാലകൃഷ്ണൻ പറയുന്നു. എന്നാൽ വീടുകൾ ഇടിച്ചു മാറ്റുക തന്നെ വഴിയുള്ളു എന്ന് തമ്പി പറയുമ്പോൾ, അത് നടക്കില്ലെന്നും, ബുൾഡോസർ തന്റെ നെഞ്ചിലേക്കായിരിക്കും കയറ്റുന്നത് എന്ന് ബാലകൃഷ്ണൻ പറയുമ്പോൾ, ബുൾഡോസർ ഇറക്കാൻ പറഞ്ഞ് ഇവൻ എന്ത് ചെയ്യുമെന്ന് നമുക്ക് നോക്കാം എന്ന് തമ്പി പറയുന്നു. ബുൾഡോസർ ഓരോ വീടുകളായി ഇടിച്ചു നിരത്താൻ തുടങ്ങുമ്പോൾ ബാലകൃഷ്ണൻ ബുൾഡോസറിന് മുൻപിൽ കിടക്കുന്നു. ഗീത ഓടിച്ചെന്ന് ബാലകൃഷ്ണനെ പിടിച്ചു മാറ്റാൻ ശ്രമിക്കുകയും, ബുൾഡോസർ നിർത്താനും വേണ്ടി കെഞ്ചുന്നു. ബുൾഡോസർ ബാലകൃഷ്ണന്റെ അടുത്തെത്തി നിൽക്കുന്നു. ഗീത ബാലകൃഷ്ണനെ അവിടുന്ന് മാറ്റാൻ ശ്രമിക്കുമ്പോൾ താനിവിടുന്ന് എണീൽക്കില്ലെന്ന് ബാലകൃഷ്ണൻ പറയുന്നു. അപ്പോഴേക്കും തമ്പി അവിടെ വന്ന് ബുൾഡോസർ ഓടിക്കാൻ പറയുന്നു. ആ നേരത്ത് രാമചന്ദ്രൻ പണവുമായി അവിടെയെത്തുകയും, ബാലകൃഷ്ണനെ അവിടുന്ന് മാറാൻ പറയുകയും ചെയ്യുന്നു. രാമചന്ദ്രൻ തമ്പിക്ക് രണ്ടു ലക്ഷം രൂപാ കൊടുത്ത് ആ സ്ഥലം അവിടുത്തെ അന്തേവാസികൾക്ക് ദാനം ചെയ്തുവെന്ന് രേഖാപത്രത്തിൽ ഒപ്പിട്ടു വാങ്ങുന്നു. തമ്പിയെക്കൊണ്ട് ഈ സ്ഥലം നിങ്ങൾക്ക് ദാനമായി തന്നിരിക്കുന്നു എന്ന് പറയിക്കുകയും ചെയ്യുന്നു.
വീട്ടിലെത്തിയ തമ്പി, ആർക്കും വേണ്ടാത്ത ചതുപ്പു നിലം രണ്ടു ലക്ഷം രൂപയ്ക്ക് വിട്ടതിൽ സന്തോഷിക്കുന്നു. കിട്ടിയ പണം അലമാരയിൽ വെക്കാൻ നോക്കുമ്പോൾ അവിടെ താൻ സൂക്ഷിച്ചിരുന്ന പണമെല്ലാം കാണാത്തത് കണ്ട് പരിഭ്രാന്തനായി നിൽക്കുന്നു. ദാസപ്പൻ അലമാര തപ്പി നോക്കുമ്പോൾ അതിൽ ഒരു കുറിപ്പ് കണ്ടെത്തുന്നു. നിന്റെ പണം മോഷ്ടിച്ച് നിനക്ക് തന്നെ തന്ന്, നിന്നെപ്പറ്റിച്ച് സ്ഥലം വാങ്ങിയെന്നും, ഇനിയെങ്കിലും ആരെയും പറ്റിക്കാതെ മാന്യമായി ജീവിക്കാൻ നോക്ക് എന്നും കാണിച്ചുള്ള രാമചന്ദ്രൻ എഴുതിവെച്ച കുറിപ്പായിരുന്നു അത്. കുപിതനായ തമ്പി, തന്റെ കൈകൊണ്ടായിരിക്കും രാമചന്ദ്രന്റെ മരണം എന്ന് ആക്രോശിക്കുന്നു.
കുടിച്ചു ലക്കുകെട്ട് വരുന്ന രാമചന്ദ്രനെ ഗീത കുടിക്കരുതെന്നും, തന്റെ വാക്ക് കേൾക്കാതെ തുടർന്നും കുടിക്കുന്ന പക്ഷം താനീ വീട്ടിൽ വരില്ലെന്നും പറഞ്ഞ് ഗീത ഇറങ്ങിപ്പോവുന്നു. മറ്റു സ്ത്രീകളുടെ സഹായത്താൽ ഒരു ദിവസം രാത്രിയിൽ സരള അമ്മിണിയമ്മയുടെ മന്ദിരത്തിൽ നിന്നും പുറത്തേക്ക് കടക്കുന്നു. സരള മതിൽ ചാടുന്നത് അമ്മിണിയമ്മയുടെ രണ്ടു വാടക ഗുണ്ടകൾ ശ്രദ്ധിക്കുകയും, അമ്മിണിയമ്മയെ അറിയിക്കുകയും അവരെല്ലാവരും സരളയെ പിടിക്കാൻ പുറകെ ഓടുകയും ചെയ്യുന്നു. ഓടുന്നതിനിടയിൽ സരള മുന്നിൽ വരുന്ന ടാക്സിയിൽ മുട്ടി ബോധംകെട്ട് വീഴുന്നു. സരള വീഴുന്നത് ബാലകൃഷ്ണന്റെ ടാക്സിക്ക് മുന്നിലാണ്. അപ്പോഴേക്കും അമ്മിണിയമ്മയും കൂട്ടരും ഓടിയെത്തി സരളയെ പൊക്കിയെടുക്കുന്നു. ബാലകൃഷ്ണൻ കാര്യമെന്തെന്ന് ചോദിക്കുമ്പോൾ, തന്റെ അനിയത്തിയാണെന്നും, അവൾക്ക് തലയ്ക്ക് നല്ല വെളിവില്ലെന്നും, ഒന്ന് വീടുവരെ എത്തിക്കാമോ എന്നും ചോദിക്കുമ്പോൾ, ബാലകൃഷ്ണൻ അവരെ അമ്മിണിയമ്മയുടെ മന്ദിരത്തിൽ എത്തിക്കുന്നു, ആ പെണ്ണ് തന്റെ അനിയത്തിയാണെന്ന കാര്യമറിയാതെ. അമ്മിണിയമ്മ സരളയെ മുറിയിലിട്ട് പൂട്ടുന്നു.
തന്റെ വീട്ടിൽ വന്ന് തന്റെ പണം മോഷ്ടിച്ച് അത് തനിക്ക് തന്നെ നൽകി തന്നെപ്പറ്റിച്ചതിന് രാമചന്ദ്രനോട് പക തീർക്കാൻ തമ്പി വെമ്പൽക്കൊള്ളുന്നു. അവനെ തീർക്കാൻ തന്റെ പക്കൽ ചില സൂത്രങ്ങളൊക്കെയുണ്ട്, അത് പ്രാവർത്തികമാക്കാനുള്ള സഹായങ്ങൾ മാത്രം തമ്പി ചെയ്തു തന്നാൽ മതിയെന്ന് ദാസപ്പൻ പറയുമ്പോൾ തമ്പി അതിന് സമ്മതിക്കുന്നു. രാത്രിയിൽ രാമചന്ദ്രൻ കിടന്നുറങ്ങുന്ന മുറിയിലേക്ക് ദാസപ്പൻ ഉഗ്ര സർപ്പത്തിനെ കടത്തിവിടുന്നു. കൊച്ചപ്പൻറെ കുരങ്ങ് സർപ്പത്തിനെ കാണുകയും, അതിനെ കൊല്ലാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ടു പോവുന്നു. ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ബാലകൃഷ്ണൻ കാണുന്നത് സർപ്പം രാമചന്ദ്രന്റെ മാറത്ത് കേറി ഫണമുയർത്തി നിൽക്കുന്നതാണ്. ബാലകൃഷ്ണൻ തഞ്ചത്തിൽ രാമചന്ദ്രന്റെ പുതച്ചിരുന്ന പുതപ്പ് വലിച്ചു മാറ്റി രാമചന്ദ്രനെ രക്ഷിക്കുന്നു.
ഗീത അമ്പലത്തിൽ ചെന്ന് പ്രാർത്ഥിച്ച ശേഷം, നിങ്ങൾ രണ്ടുപേരും നിരീശ്വരവാദികളായത് കൊണ്ടാണ് വീട്ടിൽ പാമ്പ് കേറിയതെന്നും, ഇനിമുതൽ ദിവസവും അമ്പലത്തിൽ ചെന്ന് പ്രാർത്ഥിക്കണമെന്നും പറയുമ്പോൾ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ നീയുണ്ടല്ലോ എന്ന് രാമചന്ദ്രൻ പറയുന്നു. അതുപോരാ, നിങ്ങൾ തന്നെ വന്ന് പ്രാർത്ഥിക്കണം എന്ന് ഗീത പറയുമ്പോൾ അങ്ങിനെ തന്നെയാവട്ടെയെന്ന് ബാലകൃഷ്ണൻ പറയുന്നു. അപ്പോൾ ഗീത ബാലകൃഷ്ണനോട് ചോദിക്കുന്നു, നിങ്ങൾ എന്താണ് പ്രാർത്ഥിക്കുക എന്ന്, അതിന് എന്റെ മനസ്സിൽ എന്താണുള്ളതെന്ന് ഈശ്വരനറിയാം എന്ന് ബാലകൃഷ്ണൻ പറയുന്നു. പിന്നീട്, അതേ ചോദ്യം രാമചന്ദ്രനോട് ചോദിക്കുമ്പോൾ തന്റെ ലക്ഷ്യവും എന്താണെന്ന് ദൈവത്തിനറിയാമെന്ന് രാമചന്ദ്രൻ പറയുന്നു. തുടർന്ന് ഗീത എന്തിന് വേണ്ടിയാണ് പ്രാർത്ഥിച്ചതെന്ന് ബാലകൃഷ്ണൻ ചോദിക്കുമ്പോൾ, നിങ്ങൾ രണ്ടുപേർക്കും നല്ലത് വരട്ടെയെന്ന് പ്രാർത്ഥിച്ചുവെന്ന് ഗീത പറയുന്നു.
ദാസപ്പൻ തന്റെ ശ്രമം പരാജയപ്പെട്ട കാര്യവും, ബാലകൃഷ്ണനും രാമചന്ദ്രനും തമ്മിലുള്ള ഗാഢമായ സ്നേഹബന്ധത്തിനെക്കുറിച്ചും തമ്പിയോട് പറയുന്നു. അപ്പോൾ, രണ്ടുപേരുടെയും നാടും വീടുമടക്കം പൂർണ്ണ വിവരങ്ങളും ഉടൻ തന്നെ അന്വേഷിച്ചറിഞ്ഞ് തന്നെ അറിയിക്കണം എന്ന് തമ്പി പറയുന്നു.
രാമചന്ദ്രൻ ഗീതയറിയാതെ കൊച്ചപ്പൻറെ കൂടെയിരുന്ന് കള്ള് കുടിക്കാൻ തുടങ്ങുമ്പോൾ ഗീത അവിടേക്ക് കയറിവന്ന് ശകാരിക്കുകയും, അത്രയ്ക്ക് ആവശ്യമാണെങ്കിൽ താൻ തന്നെ ഒഴിച്ച് തരാമെന്ന് പറഞ്ഞ് കള്ളൊഴിച്ച് രാമചന്ദ്രന്റെ നേർക്ക് നീട്ടുമ്പോൾ രാമചന്ദ്രൻ പശ്ചാത്തപിച്ച് ഇനിയൊരിക്കലും കള്ളു കുടിക്കില്ലെന്ന് വാക്ക് കൊടുക്കുന്നു.
തനിക്ക് വല്ല കത്തുകളും വന്നിട്ടുണ്ടോ എന്നന്വേഷിക്കാനായി രാമചന്ദ്രൻ ശേഖരന്റെ വീട്ടിലേക്ക് പോവുമ്പോൾ ദാസപ്പനും രാമചന്ദ്രൻ അറിയാതെ പിന്തുടരുന്നു. അവിടെച്ചെന്ന്, രാമൻകുട്ടിയെന്ന പേരിൽ തനിക്ക് എത്ര കാലം തുടരാൻ കഴിയുമെന്നും, നിന്നെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും പറഞ്ഞ് തനിക്ക് വന്ന അമ്മാവന്റെ കത്ത് വായിച്ച ശേഷം, ഇയ്യിടെ താനൊരു ഭയങ്കര കൃത്യം ചെയ്തിട്ടുണ്ടെന്നും, പോലീസ് തന്നെ ഏത് സമയത്തും പിടികൂടാൻ സാധ്യതയുണ്ടെന്നും, അതുകൊണ്ട് രാമചന്ദ്രനെന്നോ, രാമൻകുട്ടിയെന്നോ തന്നെ അന്വേഷിച്ച് ആര് വന്നാലും അറിയില്ലെന്ന് പറഞ്ഞ് തിരിച്ചയക്കണമെന്നും, കത്തുകളും തിരിച്ചയക്കണമെന്നും രാമചന്ദ്രൻ ശേഖരനോട് പറയുന്നു. ഇതെല്ലാം ദാസപ്പൻ കേൾക്കുകയും ചെയ്യുന്നു.
രാമചന്ദ്രൻ തിരിച്ചു വരുമ്പോൾ ബാലകൃഷ്ണൻ അതുവഴി ടാക്സി ഓടിച്ചു വരികയും, രാമചന്ദ്രനെ ടാക്സിയിൽ കയറ്റി പോവുമ്പോൾ വഴിയിൽ അമ്മിണിയമ്മ നിൽക്കുന്നത് ശ്രദ്ധിക്കുന്ന രാമചന്ദ്രൻ കണ്ട് ടാക്സി നിർത്താൻ പറഞ്ഞ് അവരോട് നമ്മുടെ കക്ഷി എങ്ങിനെയുണ്ടെന്ന് ചോദിക്കുമ്പോൾ, ഒരുപാട് പറയാനുണ്ടെന്ന് അമ്മിണിയമ്മ പറയുന്നു. അതുകേട്ട്, ആരുടെ കാര്യമാണ് തിരക്കുന്നതെന്ന് രാമചന്ദ്രനോട് ചോദിക്കുമ്പോൾ തൻറെയൊരു കൂട്ടുകാരൻ അമ്മിണിയമ്മയുടെ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് പറയും, അമ്മിണിയമ്മയോട് ടാക്സിയിൽ കയറാൻ പറയുകയും, അവരെ വീട്ടിൽ കൊണ്ടുചെന്നാക്കാം എന്ന് പറയുകയും ചെയ്യുന്നു. വീട്ടിലെത്തിയതും അമ്മിണിയമ്മ ബാലകൃഷ്ണനെയും, രാമചന്ദ്രനെയും ഇരിക്കാൻ പറയുമ്പോൾ, കൂട്ടുകാരനെ ഒന്ന് കണ്ടാൽ കൊള്ളാമെന്ന് രാമചന്ദ്രൻ പറയുന്നു. കൂട്ടുകാരന്റെ കൈയ്യിൽ ചായ കൊടുത്തുവിടാം എന്ന് പറഞ്ഞ് അമ്മിണിയമ്മ അകത്തേക്ക് പോവുന്നു.
ആ നേരത്ത്, കൂട്ടുകാരനാണെന്ന് പറഞ്ഞത് പെണ്ണാണെന്ന് രാമചന്ദ്രൻ ബാലകൃഷ്ണനോട് പറയുമ്പോൾ, നിനക്ക് ഈ ഏർപ്പാടുമുണ്ടോ എന്ന് ബാലകൃഷ്ണൻ ചോദിക്കുന്നു. അതിന്, അങ്ങിനൊന്നുമില്ല, എല്ലാം ഞാൻ പിന്നെ പറയാം എന്ന് രാമചന്ദ്രൻ പറയുന്നു. അന്നേരം, അമ്മിണിയമ്മ ഓടിവന്ന് പോലീസ് റൈഡിന് വന്നിട്ടുണ്ടെന്നും പുറകിലത്തെ വഴിയിലൂടെ നിങ്ങൾ പൊയ്ക്കൊള്ളൂ എന്നും അമ്മിണിയമ്മ പറയുമ്പോൾ, നമ്മൾ എന്തിന് പോലീസിനെ ഭയപ്പെടണമെന്ന് ബാലകൃഷ്ണൻ ചോദിക്കുന്നു. എല്ലാം ഞാൻ പറയാം നീ വാ എന്ന് പറഞ്ഞ് രാമചന്ദ്രൻ ബാലകൃഷ്ണനെയും കൂട്ടി അവിടുന്ന് പോവുന്നു.
രാമചന്ദ്രന് കത്തുകളെല്ലാം വരുന്നത് ശേഖരന്റെ വിലാസത്തിലാണെന്നും, അവനെപ്പിടിച്ച് അന്വേഷിച്ചാൽ രാമചന്ദ്രനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ കഴിയുമെന്ന് ദാസപ്പൻ തമ്പിയോട് പറയുമ്പോൾ, ശേഖരൻ തന്റെ ആളാണെന്നും താൻ വിളിച്ചതായി അവനെ വിളിച്ചോണ്ടുവാ എന്നും തമ്പി പറയുന്നതനുസരിച്ച് ദാസപ്പൻ ശേഖരനെ വിളിച്ചു കൊണ്ടുവരുന്നു. തമ്പി ശേഖരനോട് രാമചന്ദ്രനെക്കുറിച്ച് അന്വേഷിക്കുമ്പോൾ അങ്ങിനെയൊരാളെ തനിക്കറിയില്ലെന്ന് നടിക്കുന്ന ശേഖരൻ, തമ്പി നിരത്തുന്ന നോട്ടുകെട്ടുകൾക്ക് മുൻപിൽ കീഴടങ്ങി രാമചന്ദ്രനെ അറിയാമെന്നും, അവനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ അവന്റെ അമ്മാവനെ കണ്ടാൽ മതിയെന്ന് പറഞ്ഞ് അമ്മാവന്റെ മേൽവിലാസം കൊടുക്കുന്നു.
രാമചന്ദ്രന് ഒരു പെണ്ണുമായി ബന്ധമുണ്ടെന്നും, എത്ര ചോദിച്ചിട്ടും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും, നീ ചോദിക്ക് എന്ന് ഗീതയോട് പറയുമ്പോൾ, ഗീത ആ പെണ്ണ് ആരാണെന്ന് രാമചന്ദ്രനോട് ചോദിക്കുന്നു. അങ്ങിനെയൊന്നുമില്ലെന്നും, നിങ്ങൾ തമ്മിലുള്ള വിവാഹം കഴിഞ്ഞ പിറ്റേ ദിവസം തന്നെ താൻ എല്ലാം പറയാമെന്നും പറഞ്ഞ്, നിങ്ങളുടെ വിവാഹം എന്തുകൊണ്ടാണ് നീട്ടിക്കൊണ്ടു പോവുന്നതെന്ന് രാമചന്ദ്രൻ ചോദിക്കുന്നു. അതിന്, തനിക്കൊരു പ്രധാന കാര്യം സാധിക്കാനുണ്ടെന്നും, അതുവരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ബാലകൃഷ്ണൻ പറയുന്നു. അതെന്താണെന്ന് പറഞ്ഞാൽ താൻ സഹായിക്കാമെന്ന് രാമചന്ദ്രൻ പറയുമ്പോൾ, അത് നടക്കില്ലെന്നും, താൻ തന്നെ ചെയ്യണമെന്നും, അത് നടന്ന ശേഷം പറയാമെന്നും ബാലകൃഷ്ണൻ പറയുന്നു. അതിന്, ഗീത ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് രാമചന്ദ്രൻ ചോദിക്കുമ്പോൾ, ഒരുപക്ഷേ ജീവിതകാലം മുഴുവൻ കാത്തിരിക്കേണ്ടി വരുമെന്ന് ബാലകൃഷ്ണൻ പറയുന്നു. തുടർന്ന്, താനുദ്ദേശിക്കുന്ന കാര്യം നടന്നില്ലെങ്കിൽ ഞങ്ങൾ തമ്മിലുള്ള വിവാഹവും നടക്കാതെ പോവുമെന്ന് ബാലകൃഷ്ണൻ പറയുമ്പോൾ ഗീത കണ്ണീരോടെ അവിടുന്ന് പോവുന്നു.
ഗീത അമ്മയോട് കാര്യങ്ങളെല്ലാം പറയുമ്പോൾ, അമ്മ ഗീതയെ സമാധാനിപ്പിക്കുകയും, ബാലകൃഷ്ണനെക്കണ്ട് ഒരു തീരുമാനത്തിലെത്താമെന്നും പറയുന്നു. നിങ്ങൾ തമ്മിലുള്ള ബന്ധം നാട്ടുകാർക്ക് മുഴുവൻ അറിയാമെന്നും, അങ്ങിനെയിരിക്കെ ഗീതയെ ഉപേക്ഷിച്ചാൽ തങ്ങൾക്കിവിടെ ജീവിക്കാൻ കഴിയില്ലെന്നും, നാടുവിട്ട് പോവേണ്ടി വരുമെന്നും ബാലകൃഷ്ണനോട് ഗീതയുടെ അമ്മ പറയുന്നു. അപ്പോൾ, വിവാഹത്തിനുള്ള അനുഗ്രഹം വാങ്ങാനാണ് താൻ നാട്ടിൽ പോയിരുന്നതെന്നും, അവിടെ ചെന്നപ്പോൾ അച്ഛനെ ആരോ കൊലപ്പെടുത്തിയതാണ് കണ്ടതെന്നും, കൂടാതെ തന്റെ പെങ്ങളെയും കടത്തിക്കൊണ്ടു പോയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും, തന്റെ പെങ്ങളെ കണ്ടെത്തണമെന്നും, അച്ഛനെക്കൊന്ന് പെങ്ങളെയും കടത്തിക്കൊണ്ട് പോയ മനുഷ്യനെ കണ്ടുപിടിച്ച് പ്രതികാരം തീർക്കാനാണ് താൻ അലയുന്നതെന്നും ബാലകൃഷ്ണൻ പറയുന്നു. ബാലകൃഷ്ണന്റെ വിഷമം മനസ്സിലാക്കിയ ലക്ഷ്മിയമ്മ ബാലകൃഷ്ണനോട് മാപ്പ് ചോദിക്കുന്നു. ഗീതയും ബാലകൃഷ്ണനെ ആശ്വസിപ്പിച്ച് താൻ ജീവിതകാലം മുഴുവൻ നിങ്ങൾക്കുവേണ്ടി കാത്തിരിക്കാമെന്നും പറയുന്നു.
ഗീത കുളക്കരയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ രാമചന്ദ്രൻ അവളെക്കണ്ട്, നിന്റെ വിഷമം എന്താണെന്നെനിക്കറിയാമെന്നും, നിങ്ങളുടെ വിവാഹം എത്രയും പെട്ടെന്ന് നടന്നുകാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും, എന്നാൽ ബാലകൃഷ്ണന്റെ മനസ്സിൽ എന്താണുള്ളതെന്ന് അവൻ തുറന്നു പറയുന്നില്ലല്ലോ എന്നും പറയുന്നു. അപ്പോൾ, രാമചന്ദ്രൻ എന്ന വ്യക്തി കുടുംബം തകർത്തതും, അവനോട് പകരം വീട്ടാനാണ് ബാലകൃഷ്ണൻ അലയുന്നതെന്ന കാര്യം പറഞ്ഞുവെന്ന് ഗീത പറയുന്നു. ഇത് കേട്ടതും രാമചന്ദ്രൻ എന്തോ ആലോചിച്ചുറച്ചത് പോലെ, നീ വിഷമിക്കേണ്ടെന്നും, നിങ്ങളുടെ വിവാഹം താൻ നടത്തിത്തരാമെന്നും പറഞ്ഞ് ഗീതയെ സമാധാനിപ്പിക്കുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മരം ചാടി നടന്നൊരു കുരങ്ങൻ |
ബിച്ചു തിരുമല | എ ടി ഉമ്മർ | കെ ജെ യേശുദാസ് |
2 |
മണിമുഴങ്ങീ കോവിൽമണി മുഴങ്ങീ |
ബിച്ചു തിരുമല | എ ടി ഉമ്മർ | വാണി ജയറാം |
3 |
സോമബിംബവദനാ |
ബിച്ചു തിരുമല | എ ടി ഉമ്മർ | എസ് ജാനകി |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery ) |