മുരളി മേനോൻ

Murali Menon

1980തുകളിൽ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടിയശേഷം യൂറോപ്പിൽ രണ്ട് വർഷക്കാലം തിയറ്ററും നാടകവുമായി ചിലവഴിച്ചു. നാടകവും സ്റ്റേജുമാണ് സിനിമയിലെ അഭിനയേത്താക്കളേറെ മുരളി ലക്ഷ്യമിട്ടത്. അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷനെന്ന സിനിമയിൽ അസോസിയേറ്റ് സംവിധായകനായി തിരികെ നാട്ടിലെത്തുകയും സുഹൃത്തും സഹപാഠിയുമായ ശ്യാമപ്രസാദിന്റെ സിനിമകളിൽ സഹകരിക്കുകയും ചെയ്തു. 1995ൽ അമ്പിളി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സമുദായമെന്ന സിനിമയിലൂടെയാണ് അഭിനേതാവായി മുരളി ആദ്യമായി മലയാള സിനിമാ രംഗത്തെത്തിയത്. 2004ൽ പുറത്തിറങ്ങിയ ഭവത്തിലെ വേഷം ശ്രദ്ധേയമായി. സതീഷ് മേനോൻ സംവിധാനം ചെയ്ത ഭവത്തിൽ ജ്യോതിർമയി, മിത വസിഷ്ഠ് തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. 2005ൽ സതീഷ് പോളിന്റെ ഫിംഗർപ്രിന്റിൽ മുൻ നിര വേഷം തന്നെ ലഭ്യമായി. ആ വർഷം തന്നെ രഞ്ജിത്തിന്റെ ചന്ദ്രോത്സവത്തിലും നല്ല വേഷം അഭിനയിച്ചു. തുടർന്ന് ഋതു, ഔവർ ലേഡി ഓഫ് ലൂർദ്ദ് തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു.

2007ൽ  അമൃത ടിവിയിലെ വനിതാരത്നമെന്ന റിയാലിറ്റി ഷോയിൽ ജഡ്ജായി ഏകദേശം നാലു വർഷക്കാലം പ്രവർത്തിച്ചു. 2009ൽ സ്കൂൾ ഓഫ് ഡ്രാമയിൽത്തന്നെ സഹപാഠിയായിരുന്ന രഞ്ജിത്തിന്റെ പാലേരിമാണിക്യമെന്ന സിനിമക്ക് വേണ്ടി അഭിനയ പരിശീലനക്കളരിക്ക് നേതൃത്വം കൊടുത്തു. മലയാള സിനിമയിൽ ആദ്യമായാണ് അത്തരമൊരു വർൿഷോപ്പ് രൂപം കൊള്ളുന്നത്. ഫീൽഡിൽ കണ്ട് പരിചയിച്ച മുഖങ്ങൾക്ക് പകരം പുതുമുഖതാരങ്ങളെ പരീക്ഷിക്കുക എന്ന രഞ്ജിത്തിന്റെ ഉദ്ദേശപ്രകാരമാണ് അഭിനയക്കളരി വർൿഷോപ്പ് രൂപം കൊള്ളുന്നത്. 18നും 80തിനുമിടക്കുള്ള ഏകദേശം 18ഓളം നാടക പരിചയമുള്ള പുതുമുഖങ്ങളെ സിനിമക്ക് വേണ്ടി തയ്യാറാക്കിയെടുക്കുക എന്നതായിരുന്നു ഉദ്ദേശം. പാലേരി മാണിക്യത്തിനു ശേഷം ശ്യാമപ്രസാദിന്റെ ഋതു, കമലിന്റെ ആമി എന്ന സിനിമകളിലൊക്കെ സമാനമായി പ്രവർത്തിച്ചു. അമൃത ടിവിയുടെ തന്നെ ദി ബെസ്റ്റ് ആക്റ്റർ എന്ന അഭിനയ റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾക്ക് പരിശീലനം നൽകിയിരുന്നു.  അഭിനേത്രിയായ സുരഭി ലക്ഷ്മി, അഭിനേതാക്കളും സംവിധായകന്മാരുമായ സിദ്ധാർത്ഥ ശിവ,  മുസ്തഫ ഒക്കെ മുരളിയുടെ ശിഷ്യന്മാരിൽ ചിലരാണ്. 

2017ൽ ജാക്കി ചാൻ സംവിധാനം ചെയ്ത് പുറത്തിറക്കി, ചൈനയിൽ ഏറ്റവും വലിയ ജാക്കിച്ചാൻ സിനിമകളിലൊന്നായ “കുംഗ്ഫു യോഗ” എന്ന സിനിമയിലും മുരളി മേനോൻ വേഷമിട്ടു.

ആൽബേർ കാമുവിന്റെ 'ദ ജസ്റ്റ് 'ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ സ്റ്റേജിൽ അവതരിപ്പിച്ച സംഘത്തിൽ (മുരുകൻ, മുരളി, പ്രകാശൻ,കുക്കു ) എന്നിവരുണ്ടായിരുന്നു. പിന്നീട് 'ഉയിർത്തെഴുന്നേൽപ്' എന്ന പേരിൽ അത് ദൂരദർശനിൽ ടെലി സിനിമ ആയി വന്നു. ഒറാംഗൊട്ടാൻ എന്ന ഏകാംഗനാടകവും മുരളിയുടേതായി പ്രസിദ്ധിയാർജ്ജിച്ചതാണ്.

അഭിനേത്രിയായ കുക്കു പരമേശ്വരൻ ഭാര്യയാണ്.

അവലംബം :