മച്ചാൻ വർഗ്ഗീസ്

Machan Varghese

1961ൽ ജനനം. എറണാകുളം എളമക്കര സ്വദേശിയായ എം എൽ വർഗീസാണ് മച്ചാൻ വർഗ്ഗീസെന്നറിയപ്പെട്ടിരുന്നത്. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി ട്രൂപ്പിലൂടെ സ്റ്റേജ് പരിപാടികളിലും തുടർന്ന് സിനിമാരംഗത്തേക്കും കടന്നുവന്ന കലാകാരനായിരുന്നു മച്ചാൻ വർഗ്ഗീസ് .സംവിധായകൻ സിദ്ധിക്കിന്റെ സുഹൃത്തായിരുന്ന മച്ചാൻ കാബൂളിവാല എന്ന സിദ്ധിക് ലാൽ ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ എത്തുന്നത്.തുടർന്ന് സിദ്ധിക്ക് ലാൽ,റാഫി മെക്കാർട്ടിൻ തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ നിരവധി ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി. ബോംബെ മിഠായി എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.ഏകദേശം അമ്പതോളം ചിത്രങ്ങളിൽ വേഷമിട്ട മച്ചാൻ വർഗ്ഗീസിന് ക്രേസി ഗോപാലൻ,പഞ്ചാബി ഹൌസ്,തൊമ്മനും മക്കളും,മീശമാധവൻ,തെങ്കാശിപ്പട്ടണം ,ചതിക്കാന്ത ചന്തു എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചിരുന്നു.

2011 ഫെബ്രുവരി 3ആം തീയതി കോഴിക്കോട് വച്ച് മരിച്ചു.ഭാര്യ എൽ‌സിയും മകൻ റോബിച്ചനും,മകൾ റിൻസുവും അടങ്ങുന്നതാണ് കുടുംബം.