പോവുക നാം പോവുക നാം

 

പോവുക നാം പോവുക നാം പോവുക നാമെതിരെ 
പടകുടി കണ്ടാല്‍ പതറുകയില്ല വെടിയുണ്ടകളാല്‍ വേദനയില്ല
പടകൊടികണ്ടാല്‍ പതറുകയില്ല വെടിയുണ്ടകളാല്‍ വേദനയില്ല
അരിയവിശപ്പിന്‍ മുറവിളി മാറ്റാന്‍ അരിവാൾ തിരുകിയ വീരന്മാരേ 
പോവുക നാം പോവുക നാം പോവുക നാമെതിരെ

എന്തിതെന്തേ സംഭ്രമമോടെങ്ങെങ്ങു പോവുകയാ -
ണെന്തിന്നീ സന്നാഹം ആരു നീ ചൊല്ലൂ ആരു നീ

പണിചെയ്തും പട്ടിണിയാല്‍ പരവശരാം പാവങ്ങള്‍ക്ക്
തുണ നല്‍കാന്‍ പോന്നിടും സഖാവു ഞാന്‍
(പോവുക നാം...)

അകലത്താമേടകളില്‍ കുടികൊള്ളുന്നോരില്‍ 
നിന്നവകാശം കൈവശമായ് തീരുവാന്‍
(പോവുക നാം.... )

ഓ ഹോ!  പടവെട്ടി നേടുവതിന്നാശിപ്പതെന്തുവാന്‍ 
പറയുക നിന്‍ അവകാശ രീതികള്‍

ദുരിതമെഴാന്‍ തൊഴിലാളി സുകൃതമെഴാന്‍ മുതലാളി
അറുതിവരാന്‍ ഈ അധര്‍മ്മ നീതികള്‍

നി വിതയ്ക്കും സമതയുടെ നി൪മ്മലമാം പൂ വിരിയാൻ
ഈ വഴിയോ നല്ല തവ സോദരീ

വിപ്ലവത്തിന്‍ വിത്തെറിയൂ  ഇക്കൊടിയ മാര്‍ഗ്ഗമതേ
വിശ്വസിപ്പു ഞങ്ങളുമിന്നാദരാല്‍

താന്‍ വിതയ്ക്കും വിത്താവാം താന്‍ കൊയ്യുമെന്നാകില്‍
ശാന്തിയ്ക്കീ വിപ്ലവമോ സാധനം

എങ്കിലും ഈ പാതയിലൂടെത്ര ജനം ജയം നേടി
സങ്കടത്തിന്‍ ശാന്തി വേറെയെന്തുവാന്‍

എന്നാളും ഹിസകളോടെൻ നാടഹിംസകൊണ്ടുവെന്നാളും
ശക്തികൾ മറന്നുവോ ശാന്തിയുടെ കൃഷ്ണ ബുദ്ധ യേശു -
മുഹമ്മദിന്റെ ഗാന്ധിയുടെ സന്ദേശം കാണ്‍ക നീ

അഹിംസാ പരമോധര്‍മ്മ
നീ നിന്റെ അയല്‍ക്കാരനെ
നിന്നെപ്പോലെ സ്നേഹിയ്ക്കുക
സ്നേഹമേകം ജഗത്സവം
അഹിംസാ സത്യം സ്നേഹമാര്‍ഷതഭാരത മോചനം
വൈഷ്ണവജനതോ തേനേ കഹിയേ 
യോ പീഡപരായീ ജാനേരേ 
വൈഷ്ണവജനതോ തേനേ കഹിയേ
സ്നേഹത്തിൽ നിന്നു ജനിപ്പൂ ലോകം
സ്നേഹത്തിലത്രേ ലയിപ്പൂ
സ്വ൪ഗ്ഗനരകങ്ങൾ തീ൪പ്പൂ സ്നേഹം
വ൪ഗ്ഗവൈരങ്ങൾ മറപ്പൂ

പരമസ്നേഹം പാടി വരുമീ ഭാരതഭൂമിയിലെന്നാൽ
പാടുപെടുന്നോരെന്തേ മ൪ദ്ദനപരവശരാകവതിന്നാൾ

അവകാശങ്ങൾ കൈവശമാകാൻ ആ മണിമേടകൾ തകരാൻ
അടരിനു പോകും നിങ്ങടെ നേരേ അവരോ കനിവുകൾ പകരാൻ

അരവയർ കഞ്ഞിക്കലയും ഞങ്ങൾ അടരിനു പോന്നോമല്ല
അതിനായ് തുനിവൂ മുതലാളികളുടെ അധികാരത്തിൻ തള്ളാൽ -
പരമധികാരത്തിൻ തള്ളാൽ

എങ്ങനെയുള്ളൊരു മുതലാളൻമാരെൻ സഖാവിനു വേണം
ചൊല്ലൂ എൻ സഖാവിനു വേണം

ഞങ്ങളുടെ ചോരവിയര്‍പ്പാക്കിയതിന്‍ കാരണം
ഇന്നുയരും തന്‍ ധനമെന്നെന്നുമവര്‍ തേറണം 
തൊഴില്‍ ചെയ്വോന്‍ തോഴനെന്ന സോദരത്വം പ്രേരണം 
തൊഴിലാളികൾക്കെന്നുമവന്‍ തുണയായിത്തീരണം 

എങ്കിലതിനെന്തു വേണം ഏതു തൊഴിലാളനും
തന്‍ തൊഴിലേ തന്‍ ജയമെന്നോര്‍ത്തു തൊഴില്‍ ചെയ്യണം
സ്വന്തമുതലാളരുടെ ബന്ധുവെന്ന ചിന്തയാല്‍
തൻ കടമ വീടണമീ സമരചിന്ത മാറണം
തന്റേടമായ് വീടണം ഈ സമരചിന്ത മാറണം

വാസ്തവം വാസ്തവം വാസ്തവമറിഞ്ഞേൻ
വന്നേനുണ൪ന്നേൻ വൈരം വെടിഞ്ഞേൻ 

എൻ ധനവും നിൻ മനവുമൊന്നിച്ചു ചേ൪ന്നാൽ
എന്തെന്തു സൃഷ്ടികളിങ്ങുണ്ടാകുമെന്നാൽ

വാസ്തവം വാസ്തവം

പട്ടിണിയും കഷ്ടതയും പാരില്‍ നിന്നു പോകും
പഞ്ചമെന്ന വാക്കേ നാം മറന്നു പോകും
നെഞ്ചകത്തിലാര്‍ക്കും സ്നേഹമുളവാക്കും
നേരു കൊള്ളും ഐക്യം നേടുക നാം യോഗ്യം

ഒരു നാട്ടില്‍ പുലരും മക്കള്‍ നാം
ഒരു ഞെട്ടില്‍ മലരും പൂക്കള്‍ നാം
ഒരുമയും പെരുമയും പൊന്‍മുടി ചൂടു -
മൊരു നവ ലോകത്തെ കാണ്മു നാം
ഒരു നവ ലോകത്തെ കാണ്മു നാം 
ഒരു നവ ലോകത്തെ കാണ്മു നാം 
ഒരു നവ ലോകത്തെ കാണ്മു നാം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Povuka naam

Additional Info

Year: 
1953