ജോമോൾ
കെ എ ജോൺ(ബിസിനസ്സ്)ന്റേയും അൽഫോൻസ(നേഴ്സ്)ന്റേയും മകളായി കോഴിക്കോട് ജനിച്ചു. 1989 -ൽ എം ടി, ഹരിഹരൻ ചിത്രമായ ഒരു വടക്കൻ വീരഗാഥ -യിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ജോമോൾ അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ സിനിമകളിലും ബാലനടിയായി അഭിനയിച്ചു.
1998 -ൽ എം ടി ഹരിഹരൻ ചിത്ര എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ ജോമോൾ നായികയായി. തുടർന്ന് മയിൽപ്പീലിക്കാവ്, സ്നേഹം, നിറം, ദീപസ്തംഭം മഹാശ്ചര്യം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ നായികയായും സഹനായികയായും അഭിനയിച്ചു. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സ്വന്തമാക്കിയ ജോമോൾ നാഷണൽ ഫിലിം അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും നേടിയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ജോമോൾ ചില ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം കെയർഫുൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ജോമോൾ സിനിമയിലേക്ക് തിരിച്ചുവന്നു. അതിനുശേഷം കാതൽ - ദി കോർ എന്ന സിനിമയിൽ നായികയായ ജ്യോതികയ്ക് ശബ്ദം പകർന്നുകൊണ്ട് ഡബ്ബിംഗ് മേഖലയിലും തന്റെ കഴിവ് തെളിയിച്ചു. വിവാഹശേഷം ഹിന്ദുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത ജോമോൾ ഗൗരി എന്ന പേര് സ്വീകരിച്ചു
മർച്ചന്റ് നേവിയിൽ എഞ്ചിനിയറായ ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്ത് ഹിന്ദുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത ജോമോൾ ഗൗരി ചന്ദ്രശേഖർ എന്ന് പേരും സ്വീകരിച്ചു. രണ്ടു പെൺകുട്ടികളാണ് അവർക്കുള്ളത്.