ഡി ഫിലിപ്പ്
1943 ഫെബ്രുവരി 24 ആം തിയതി തിരുവല്ലയിൽ ജനിച്ച ഇദ്ദേഹം പി.ജെ.ആന്റണിയുടെ ശിഷ്യനായാണ് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. ആ നാടക പരീക്ഷണ ശാലയില്‍ ആയിരിക്കുമ്പോള്‍ തന്നെ നാഷണല്‍ തിയറ്ററിലും അഭിനയിച്ച ഇദ്ദേഹം പിന്നീട് കെപിഎസി, ചങ്ങനാശേരി ഗീത, കൊല്ലം കാളിദാസ കലാകേന്ദ്രം എന്നിങ്ങനെയുള്ള നാടക സമിതികളിലും സജീവമായി.
കാളിദാസ കലാകേന്ദ്രത്തിന്‍റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്ന ഇദ്ദേഹം പ്രഫഷനല്‍ നാടക വേദിയിലെ മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് സിനിമയിലേക്ക് എത്തിയത്.
1981 ൽ കോലങ്ങള്‍ എന്ന ചിത്രം നിർമിക്കുകയും സ്വപ്നങ്ങൾ, മൂടൽമഞ്ഞ്, കോട്ടയം കുഞ്ഞച്ചൻ, വെട്ടം, അർഥം, പഴശ്ശിരാജ, ടൈം, ഒന്നാമന്‍, എഴുപുന്നത്തരകന്‍ അടക്കം 50 ലേറെ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹം സ്ത്രീ, മാളൂട്ടി, സ്വാമി അയ്യപ്പന്‍, ക്രൈം ആൻഡ് പണിഷ്മെന്റ്, വാവ, കടമറ്റത്ത് കത്തനാര്‍ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
കാളിദാസ കലാകേന്ദ്രത്തിന്റെ റെയിന്‍ബോ എന്ന നാടകത്തിലെ അഭിനയത്തിന് 1986 ല്‍ സംസ്ഥാന പുരസ്കാരം ലഭിച്ച ഇദ്ദേഹം 2022 ജൂൺ 12 ആം തിയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് തന്റെ 79 ആം വയസ്സിൽ അന്തരിച്ചു.