ബിന്ദു രാമകൃഷ്ണൻ
നാടകം സിനിമ സീരിയൽ തുടങ്ങിയ മേഖലകളിൽ കഴിവുകളിയിച്ചിട്ടുള്ള അഭിനേത്രിയായ ബിന്ദു രാമകൃഷ്ണൻ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിനിയാണ്. എട്ടു വയസ്സുള്ളപ്പോൾ മുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ ഇവർ പിന്നീട് കൊച്ചിൻ അനുപമ എന്ന നാടകസമിതിയിലെ പ്രധാന നടിയായി മാറി. 1986 ൽ സ്വയംവരം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 1978 ൽ റിലീസായ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിൽക്കാലത്ത് പ്രണയവർണ്ണങ്ങൾ, നേരറിയാൻ സി ബി ഐ , ജീവൻ മശായ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ബിന്ദു രാമകൃഷ്ണൻ നിരവധി ടി വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
കൊച്ചിൻ അനുപമയുടെ ഉടമയായിരുന്ന പി ആർ ശിവന്റെ സഹോദരനും ജേർണലിസ്റ്റുമായ രാമകൃഷ്ണനെയാണ് ബിന്ദു വിവാഹം ചെയ്തത്. ജീവൻ, വിനോദ് എന്നിവർ മക്കളാണ്. 2010 ൽ ഭർത്താവിന്റെ മരണത്തോടെ കുറച്ചുകാലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും വീണ്ടും സിനിമകളിലും സീരിയലുകളിലും സജീവമായി.
നാടകം സിനിമ സീരിയൽ മേഖലകളിൽ അറിയപ്പെടുന്ന അഭിനേത്രിമാരായ കൂത്താട്ടുകുളം ലീല, ജോളി ഈശോ, കൂത്താട്ടുകുളം ഷൈനി എന്നിവർ ബിന്ദുവിന്റെ സഹോദരിമാരാണ്.