ബി ലെനിൻ

B Lenin

പ്രശസ്ത തമിഴ് സംവിധായകൻ ഭീംസിംഗിന്റെയും സോണയുടെയും മകനായി 1966ൽ ജനിച്ചു. പിതാവിനൊപ്പം അസിസ്റ്റന്റ് സംവിധായകനായും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സഹ എഡിറ്ററായും ജോലി ചെയ്ത് സിനിമയിലെത്തി. 1979ൽ ജെ.മഹീന്ദ്രൻ സംവിധാനം ചെയ്ത ഉതിരിപൂക്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ചിത്രസംയോജകനായി. തുടർന്ന് വി ടി വിജയനൊപ്പം ചിത്രസംയോജകദ്വയമായി മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ചു. 1983ൽ എത്തണൈ കൊനം എത്തണൈ പാർവൈ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തു.

ശങ്കർ സംവിധാനം ചെയ്ത കാതലനിലൂടെ 1994 ൽ ബി ലെനിനും വി ടി വിജയനും മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്കാരം നേടി. തൊട്ടടുത്ത വർഷം നോൺ ഫീച്ചർ ചിത്രത്തിലെ മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം ഈ കൂട്ടുകെട്ടിനെ തേടിയെത്തി. ഇതുകൂടാതെ മികച്ച പ്രാദേശിക ചിത്രം, മികച്ച സംവിധായകൻ (രണ്ടും 'ഊരുക്ക് നൂറ്പേർ' എന്ന ചിത്രത്തിന് - 2001) നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച നവാഗത സംവിധായകൻ (നോക്കൗട്ട് - 1992) എന്നീ ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തിന് കരസ്ഥമായിരുന്നു. 

ഇന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആ പദവിയിലെത്തുന്നതിന് മുന്‍പ് ഒടുവില്‍ അഭിനയിച്ച "നദിയെ തേടിവന്ന കടല്‍" ലെനിന്‍ സംവിധാനം ചെയ്ത പടമായിരുന്നു എന്നത് കൗതുകമാണ്.