അഞ്ജു അരവിന്ദ്

Anju Aravind

കൂത്തുപറമ്പിനടുത്ത് ഉരുവച്ചാൽ ബീനാ ഭവനിൽ അരവിന്ദാക്ഷന്റേയും കെ ടി കാഞ്ചനയുടെയും മകളായി ജനനം. ചെറുപ്പത്തിൽ തന്നെ കലാരംഗത്ത് സജീവമായിരുന്ന അഞ്ജു, സ്കൂൾ കലോത്സവങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. സുധീഷ്‌ നായകനായ 'ആകാശത്തേക്കൊരു കിളിവാതിൽ' എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി. എന്നിരുന്നാലും സുരേഷ് ഗോപിയുടെ സഹോദരിയായി അഭിനയിച്ച അക്ഷരമാണ് ആദ്യം പുറത്തു വന്ന ചിത്രം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്നു. പൂവേ ഉനക്കാകെ, അരുണാചലം, വണ്‍സ് മോർ തുടങ്ങിയവ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. തലശ്ശേരി സ്വദേശി ദേവദാസിനെ വിവാഹം കഴിച്ചുവെങ്കിലും പിന്നീട് വിവാഹമോചനം നേടി. സിനിമകൾക്കൊപ്പം സീരിയലുകളിലും സജീവമായിരുന്ന അഞ്ജു പിന്നീട് നൃത്തത്തിന്റെ ലോകത്തേക്ക് ചുവടുമാറ്റി. അഭിനയ രംഗത്ത് നിന്ന് മാറി നിന്ന അവസരത്തിൽ 3 കിങ്ങ്സ് എന്ന വി കെ പി ചിത്രത്തിൽ സന്ധ്യക്കു വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. ഒരു നീണ്ട ഇടവേളക്ക് ശേഷം 2013 ലാണ് വീണ്ടും അഭിനയ ലോകത്തേക്ക് അവർ തിരികെ എത്തിയത്.