അബു സലിം
മലയാള ചലച്ചിത്ര താരം. 1956 മെയ് 11 ന് വയനാട് ജില്ലയിലെ കൽപ്പറ്റയിൽ കുഞ്ഞഹമ്മദിന്റെയും ഫാത്തിമയുടെയും മകനായി ജനിച്ചു. കൽപ്പറ്റ എസ് കെ എം ജെ ഹൈസ്കൂളിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പഠനം കഴിഞ്ഞ അദ്ദേഹം താമസിയാതെ കേരളപോലീസിൽ ഉദ്യോഗസ്ഥനായി ചേർന്നു. ബോഡി ബിൽഡിംഗിൽ തത്പരനായിരുന്ന അബു സലിം 1981-ൽ മിസ്റ്റർ കാലിക്കറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ മിസ്റ്റർ കേരള ആയും 1983, 86, 87 വർഷങ്ങളിൽ മിസ്റ്റർ സൗത്ത് ഇന്ത്യയായും അദ്ധേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1984 -ൽ അബു സലിം മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. .
1978 ൽ പുറത്തു വന്ന രാജൻ പറഞ്ഞ കഥ എന്ന സിനിമയിലൂടെ ആണ് അബു സലിം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് നൂറ്റമ്പതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയിച്ചവയിൽ കൂടുതലും വില്ലൻ വേഷങ്ങളായിരുന്നു. മലയാളം കൂടാതെ ചില തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അബു സലിം അഭിനയിച്ചിട്ടുണ്ട്. കമാൽ ധമാൽ, മാലാമൽ വീക്ക്ലി എന്നിവ അദ്ദേഹം അഭിനയിച്ച ചില ഹിന്ദി ചിത്രങ്ങൾ ആണ്. 2012-ൽ പോലീസിൽ നിന്നും മുപ്പത്തിമൂന്നുവർഷത്തെ സേവനത്തിനു ശേഷം സബ്ബ് ഇസ്പെക്ടറായി വിരമിച്ചു.
അബു സലിമിന്റെ ഭാര്യ ഉമ്മുകുൽസു. മക്കൾ:സബിത, സാനു സലിം. ചെമ്പട എന്ന സിനിമയിലൂടെ സാനുവും അഭിനയ രംഗത്തുണ്ട്.