ഉണ്ണിരാജ്

Unni Raj
ഉണ്ണി ചെറുവത്തൂർ
ഉണ്ണിരാജ

കാസർകോട് ജില്ലയിലെ ചെറുവത്തൂർ സ്വദേശിയാണ് ഉണ്ണിരാജ്. കണ്ണൻ, ഓമന എന്നിവരാണ് മാതാപിതാക്കൾ. കൊവ്വൽ യു.പി. സ്കൂൾ, കുട്ടമത്ത് ഗവൺമെൻ്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. വീട്ടിലെ കഷ്ടപ്പാടുമൂലം പത്താംക്ലാസിനു ശേഷം പെയിൻ്റ്പണിയുൾപ്പെടെ പലവിധ ജോലികൾക്ക് പോയിത്തുടങ്ങിയ ഇദ്ദേഹം ഇതിനിടയിൽ നീലേശ്വരം സ്കോളർ കോളേജിൽ നിന്ന് പ്രീഡിഗ്രി പാസ്സായി.

 പിന്നീട് ജോലിയോടൊപ്പം, സ്കൂൾ കലോത്സവങ്ങൾക്കായി നാടകം, മൂകാഭിനയം, സ്കിറ്റ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനും സമയം കണ്ടെത്തിത്തുടങ്ങി. ഉണ്ണി പരിശീലിപ്പിച്ച കുട്ടികൾ ജില്ലാ-സംസ്ഥാന കലോത്സവങ്ങളിൽ സമ്മാനങ്ങൾ നേടിത്തുടങ്ങിയതോടെ കൂടുതൽ കുട്ടികളും സ്കൂളുകളും ഇദ്ദേഹത്തെ തേടിയെത്താൻ തുടങ്ങുകയും കലോത്സവ പരിശിലനം മുടക്കംകൂടാതെ എല്ലാവർഷവും തുടർന്നു പോരുകയും ചെയ്തു. ബാലസംഘത്തിൻ്റെ ഭാഗമായുള്ള, കുട്ടികളുടെ അവധിക്കാല തിയേറ്റർ പ്രസ്ഥാനമായ 'വേനൽത്തുമ്പികളു'ടെ സംസ്ഥാനതല പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട് ഉണ്ണി.
  ഹൈസ്കൂൾ കാലം മുതൽക്കേ നാടകരംഗത്ത് സജീവമായിരുന്ന ഉണ്ണിരാജ്, കണ്ണങ്കൈ നാടകവേദി ചെറുവത്തൂർ, മാണിയാട്ട് കോറസ് കലാസമിതി എന്നിവയുൾപ്പെടെ ഒട്ടേറെ നാടകവേദികളിൽ അഭിനയിച്ചു. സംഗീത നാടക അക്കാദമിയിൽ 'ആത്മാവിൻ്റ ഇടനാഴി, വേഷം, ചായം എന്നീ മത്സരനാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
  
 മഴവിൽ മനോരമ ചാനലിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴിയാണ് മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയിലേക്ക് ഇദ്ദേഹം എത്തപ്പെടുന്നത്. കാസർകോഡ് ഭാഷ സംസാരിക്കുന്ന, ഉണ്ണി എന്ന് പേരുള്ള മറിമായത്തിലെ കഥാപാത്രത്തിന് മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. കാസർകോട് കാഞ്ഞങ്ങാട് ലൊക്കേഷനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'ഞാൻ' എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു സിനിമയിലെ തുടക്കം. 
ദിലീഷ് പോത്തൻ്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക്  ഉണ്ണിരാജ് എത്തുന്നത്, നാട്ടുകാരനും സിനിമയുടെ സഹസംവിധായകനുമായ കെ.ടി. സുധാകരൻ മുഖേനയാണ്. ആ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ സിനിമകളിൽ അവസരങ്ങൾ ലഭിച്ചു തുടങ്ങി. 
    സിന്ധുവാണ് ഉണ്ണിരാജിൻ്റെ ഭാര്യ. മക്കൾ- ആദിത്യരാജ്, ധൻവിൻ രാജ്.