കൃഷ്ണൻകുട്ടി
ആലപ്പുഴ പൂന്തോപ്പ് വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി എൻ കൃഷ്ണൻകുട്ടി. പോലീസ് കോൺസ്റ്റബിളായിരുന്ന കല്ലേലിൽ നാരായണൻ പിള്ളയുടെ മകൻ. ആലപ്പുഴ എസ് ഡി വി സ്കൂളിൽ പഠിക്കുന്ന കാലത്ത് അടുത്ത കൂട്ടുകാരന്റെ ബോക്സ് ക്യാമറ കണ്ടാണ് ക്യാമറയോട് കമ്പം തോന്നുന്നത്.. കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ആലപ്പുഴയിൽ തുടങ്ങിയ അവസരത്തിൽ, കുഞ്ചാക്കോയുമായി നല്ല പരിചയമുള്ള തന്റെ അച്ഛന്റെ ശുപാർശയിലാണ് കൃഷ്ണൻകുട്ടി ഉദയായിൽ എത്തുന്നത്. ക്യാമറയിലാണ് താല്പര്യമെന്ന് കേട്ടപ്പോൾ അടുത്ത ദിവസം മുതൽ സ്റ്റുഡിയോയിൽ വന്നു കൊള്ളാൻ കുഞ്ചാക്കോ അനുമതി നൽകി. 1949 ൽ വെള്ളിനക്ഷത്രം എന്നതായിരുന്നു ആദ്യ സിനിമ. പ്രധാന ഛായാഗ്രാഹകൻ ശിവറാം സിങ്ങിന്റെ സഹായിയായി കൃഷ്ണൻകുട്ടി സിനിമയിൽ എത്തി. ചിത്രം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് കുഞ്ചാക്കോയും കോശിയും (കെ & കെ പ്രൊഡക്ഷൻസ് ) ചേർന്നു നല്ലതങ്ക എന്ന ചിത്രമെടുത്തു. ആ സിനിമ വിജയമാകുകയും തുടർന്ന് ജീവിതനൗക എന്ന ചിത്രവും അവർ നിർമ്മിച്ചു. പിന്നീട് എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കിടപ്പാടം എന്നൊരു ചിത്രം കുഞ്ചാക്കോ നിർമ്മിച്ചുവെങ്കിലും അത് പരാജയമായി. അതോടെ ഉദയ താൽക്കാലികമായി അടച്ചു. ഈ സിനിമകളിലെല്ലാം പ്രധാന ഛായാഗ്രഹണ സഹായിയായി കൃഷ്ണൻകുട്ടി സഹകരിച്ചു.
ഉദയ ക്യാമറയും മറ്റുപകരണങ്ങളും വാടകയ്‌ക്ക് നൽകിയിരുന്ന സമയത്ത്, തിരുവനന്തപുരത്ത് കെ എം കെ മേനോന്റെ സ്റ്റുഡിയോയിൽ കൃഷ്ണൻകുട്ടി കുറച്ചു നാൾ സഹകരിച്ചു. മേനോന്റെ സിംഹള സിനിമയിൽ മുഖ്യ ഛായാഗ്രാഹകനായിരുന്ന ചന്ദ്രന്റെ സഹായിയായി പ്രവർത്തിച്ചു. മേനോന്റെ അഭാവത്തിൽ ആ സിനിമയുടെ സിനിമയുടെ നിർമാണച്ചുമതലയും ഏറെക്കുറെ പൂർണമായി കൃഷ്ണൻകുട്ടിയുടെ കൈകളിലായിരുന്നു. പിന്നീട് സംവിധായകനും നിർമ്മാതാവും തമ്മിലുള്ള കലഹം കൊണ്ട്, ആ ചിത്രത്തിന്റെ എഡിറ്റിങ് അടക്കമുള്ള പണിയും കൃഷ്ണൻകുട്ടിയുടെ മേൽനോട്ടത്തിലായി. 1957 ൽ ഇറങ്ങിയ സല്ലി മല്ലി സല്ലി എന്ന ആ സിനിമയും വൻ വിജയമായിരുന്നു. ഉപകരണങ്ങൾ വാടകയ്‌ക്കുകൊടുക്കാൻ മദ്രാസിൽ കൊണ്ടു പോയപ്പോൾ കൃഷ്ണൻകുട്ടിയും അങ്ങോട്ടു പോയി. ഒരു കൊല്ലം അവിടെ തങ്ങിയ കാലത്തു നിരവധി തമിഴ്, കന്നട, തെലുങ്ക് സിനിമകളിൽ ഛായാഗ്രഹണ സഹായിയായി. ആ സമയത്താണ് കുഞ്ചാക്കോ മദ്രാസ്സിലെത്തുന്നതും നാട്ടിലേക് മടങ്ങി വരാൻ അവാശ്യപ്പെടുന്നതും. ഉമ്മ എന്ന ചിത്രത്തോടെയായിരുന്നു ഉദയായുടെ രണ്ടാം വരവ്. ആ ചിത്രത്തോടെ കൃഷ്ണൻകുട്ടി സ്വതന്ത്ര ഛായാഗ്രാഹകനായി. തിരക്കഥ എഴുതിയ ശാരംഗപാണിയുടേയും ആദ്യ ചിത്രമായിരുന്നു ഉമ്മ. ഉദയാ സ്റ്റുഡിയോപ്രതാപ കാലത്തിലേക്ക് കടന്നതോടെ സീത, നീലി സാലി, ഉണ്ണിയാർച്ച, കൃഷ്ണ കുചേല, പാലാട്ടു കോമൻ, ഭാര്യ, റബേക്ക, കടലമ്മ, പഴശ്ശിരാജ തുടങ്ങി ഉദയായുടെ എല്ലാ ചിത്രങ്ങൾക്കും കൃഷ്ണൻകുട്ടിയായിരുന്നു ഛായാഗ്രാഹകൻ.
കുഞ്ചാക്കോയുടെ ബിഗ് ബജറ്റ് ചിത്രമായിരുന്നു പഴശ്ശിരാജ. 1963ൽ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന സമയത്ത് സമയത്ത് കുഞ്ചാക്കോയും കൃഷ്ണൻകുട്ടിയുമായൊരു ധാരണപ്പിശകുണ്ടായി. ചിത്രീകരിച്ച രംഗങ്ങൾക്ക് തെളിച്ചം പോര എന്ന കാരണം പറഞ്ഞ് കുഞ്ചാക്കോ കൃഷ്ണൻകുട്ടിയെ പിരിച്ചു വിട്ടു. ആ സമയത്താണ് ഇന്ദുലേഖ എന്ന തന്റെ നാടകം വേദിയിൽ ചിത്രീകരിച്ചു സിനിമയാക്കാൻ കലാനിലയം കൃഷ്ണൻനായർ കൃഷ്ണൻകുട്ടിയെ വിളിക്കുന്നത്. പടം പൂർത്തിയാക്കാനായി ഒരു വർഷത്തോളമെടുത്തു. അതിനു ശേഷം രണ്ടു കന്നഡ ചിത്രങ്ങൾക്ക് അഡ്വാൻസ് വാങ്ങിയ സമയത്താണ് കൃഷ്ണൻകുട്ടിയെ അന്വേഷിച്ച് കുഞ്ചാക്കോയുടെ മാനേജർ മാത്യു എത്തുന്നത്. ലാബിൽ പ്രൊസസിങ്ങിൽ വന്ന തകരാറാണ് പഴശ്ശിരാജയുടെ പ്രിന്റിന് സംഭവിച്ചതെന്നു മനസ്സിലാക്കിയ കുഞ്ചാക്കോ, കൃഷ്ണൻകുട്ടിയെ ഉദയായിലേക്ക് തിരികെ വിളിച്ചു. അഡ്വാൻസ് വാങ്ങിയ തുക മാത്യുവിനെ കൊണ്ട് തിരികെ നൽകി കൃഷ്ണൻകുട്ടി ഉദയായിൽ തിരിച്ചെത്തി. എം കൃഷ്ണൻനായരുടെ കാട്ടുതുളസിയായിരുന്നു മടങ്ങി വരവിലെ ആദ്യ ചിത്രം. പിന്നീട് ശകുന്തള, ജയിൽ, അനാർക്കലി, തിലോത്തമ എന്നീ ചിത്രങ്ങൾ ഉദയക്കു വേണ്ടി ചെയ്തു. അതിനു ശേഷം ഉദയായിൽ തൊഴിലാളിസമരം വന്നു. ആ സമയത്താണ് കൃഷ്ണൻകുട്ടിയെത്തേടി സത്യന്റെ കത്തുവരുന്നത്. സത്യന്റെ അനിയൻ നേശൻ സംവിധാനം ചെയ്ത ചെകുത്താന്റെ കോട്ടയിലേക്ക് കൃഷ്ണൻകുട്ടിയെ ക്ഷണിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്. പിന്നീട് സത്യൻ നിർമിച്ച കറുത്ത പൗർണമിയിലും കൃഷ്ണൻകുട്ടി തന്നെയായിരുന്നു ക്യാമറയ്‌ക്കു പിന്നിൽ.
മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായ കണ്ണൂർ ഡീലക്സിന്റെ ഛായാഗ്രണം അദ്ദേഹമായിരുന്നു. പത്തോളം എ ബി രാജ് ചിത്രങ്ങളിൽ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഹരിഹരനൊപ്പം പതിനഞ്ചോളം ചിത്രങ്ങൾ അദ്ദേഹം ചെയ്തു. ഉദയയുടെ 14 ചിത്രങ്ങളിൽ സഹകരിച്ചു. വിരുതൻ ശങ്കു, വിരുന്നുകാരി, ഡിറ്റക്ടീവ് 909 കേരളത്തിൽ, പഞ്ചവടി, ബാബുമോൻ, യാഗാശ്വം, പാദസരം, തെമ്മാടി വേലപ്പൻ, പുത്രകാമേഷ്ടി, കളിപ്പാവ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ക്യാമറ കൈകാര്യം ചെയ്തു. ഒടുവിൽ ഛായാഗ്രഹണം നിർവഹിച്ച വിഷുപ്പക്ഷി പുറത്തിറങ്ങിയില്ല. 1973 മുതൽ 1978 വരെയുള്ള കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള ക്യാമറാമാനായിരുന്നു കൃഷ്ണൻകുട്ടി. അമ്പതോളം നസീർ ചിത്രങ്ങൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു. മമ്മൂട്ടി ആദ്യമായി അഭിനയിച്ച കാലചക്രം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും കൃഷ്ണൻകുട്ടി തന്നെ.
ഭാര്യ ലളിതമ്മ, മക്കൾ ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ
അവലംബം: മമ്മൂട്ടിയെ ആദ്യം പകർത്തിയ ഛായാഗ്രാഹകൻ എന്ന ലേഖനം, ഈ കൃഷ്ണപക്ഷത്തെ വെള്ളിനക്ഷത്രങ്ങൾ എന്ന ലേഖനം