ശ്രീലക്ഷ്മി

Sreelakshmi R
Date of Birth: 
Friday, 17 October, 1975
ശ്രീലക്ഷ്മി ആർ

1975 ഒക്ടോബർ 17 -ന് ഭാസ്ക്കരൻ നായരുടെയും രാജേശ്വരിയമ്മയുടെയും മകളായി തിരുവനന്തപുരം ജില്ലയിലെ വഴുതക്കാട് ജനിച്ചു. തിരുവനന്തപുരം കാർമൽ ഗേഴ്സ് ഹൈസ്ക്കൂളിലായിരുന്നു ശ്രീലക്ഷ്മിയുടെ പ്രാഥമിക വിദ്യാഭ്യാസം. 1991 -ൽ കേരള യൂണിവേഴ്സിറ്റി കലാതിലകമായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞതിനുശേഷം അവർ ചെന്നൈ കലാക്ഷേത്രയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദമെടുത്തു. 1991 ൽ പൊരുത്തം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1997 -ൽ ഭൂതക്കണ്ണാടി എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. 

1997 -ലെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ശ്രീലക്ഷ്മി ഭൂതക്കണ്ണാടിയിലൂടെ കരസ്ഥമാക്കി. തുടർന്ന് ഗുരു, ദി കാർ, താലോലം, മാട്ടുപ്പെട്ടി മച്ചാൻ.. എന്നീ സിനിമകളിലും നായികയായി അഭിനയിച്ചു. അതിനുശേഷം വിവാഹിതയായ ശ്രീലക്ഷ്മി ഭർത്താവിനോടൊപ്പം ദുബായിൽ താമസമാക്കി. അവിടെ ഒരു ഡാൻസ് സ്ക്കൂൾ തുടങ്ങുകയും ചെയ്തു. വലിയൊരു ഇടവേളയ്ക്കുശേഷം 2011 -ൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശ്രീലക്ഷ്മി അഭിനയരംഗത്തേയ്ക്ക് മടങ്ങി എത്തുന്നത്. തുടർന്ന് നിരവധി സീരിയലുകളിൽ അവർ അഭിനയിച്ചു. 2015 -ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് ശ്രീലക്ഷ്മി സിനിമാഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. തുടർന്ന് സിനിമകളിൽ കാരക്ടർ റോളുകളിൽ അഭിനയിക്കാൻ തുടങ്ങി. 1997, 2011 വർഷങ്ങളിൽ മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരം നേടിയിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന ശ്രീലക്ഷ്മി തിരുവനന്തപുരം ജില്ലയിലെ കുറവങ്കോണത്താണ് ടെംപിൾ ഓഫ് ആർട്സ് എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട്.

ശ്രീലക്ഷ്മിയുടെ ഭർത്താവിന്റെ പേര് രതീഷ്. രണ്ട് മക്കളാണ് അവർക്കുള്ളത്. ആനന്ദ് മഹേശ്വർ, അക്ഷിത് മഹേശ്വർ.