ശാന്ത വിശ്വനാഥൻ

Santha Viswanathan
ഡോ ആർ എസ് ശാന്തകുമാരി
ആലപിച്ച ഗാനങ്ങൾ: 7

ശാന്ത വിശ്വനാഥൻ എന്ന ഡോ: ആർ എസ് ശാന്തകുമാരി

ഗായികയും musicologist ഉം ആയ ശാന്തകുമാരി 1942 ജനുവരി 28 ന് രാമസ്വാമി അയ്യരുടെയും കേരള സർക്കാരിൻ്റെ ഡെപ്യൂട്ടി സെക്രട്ടറി ആയിരുന്ന  സീതാലക്ഷമി യുടെയും എട്ട് മക്കളിൽ മൂത്ത പുത്രിയായി തിരുവനന്തപുരത്ത് ജനിച്ചു. അമ്മയുടെ അച്ഛൻ പേരൈ രാമസ്വാമി ഭാഗവതർ വീണ വിദ്വാനും തിരുവിതാംകൂർ കൊട്ടാരത്തിലെ പ്രധാന സംഗീതജ്ഞനും ആയിരുന്നു. തൃശൂർ ജില്ലയിലെ രാപ്പാൾ എന്ന ഗ്രാമത്തിൽ ആയിരുന്നു അവരുടെ കുടുംബ വേരുകൾ. മാതൃപിതാവിൽ നിന്ന് തന്നെ ആയിരുന്നു ശാന്തകുമാരി ആദ്യ സംഗീത പാഠങ്ങൾ അഭ്യസിച്ചത്.

പിന്നീട് അന്ന് തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്ത സംഗീതജ്ഞൻ ആയിരുന്ന രത്നാകരൻ മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ സംഗീതപഠനം തുടർന്നു. ചെറുപ്പത്തിൽ തന്നെ മധുരമായ ശബ്ദം കൊണ്ടും ഉയർന്ന സ്ഥായിയിൽ അനായാസം പാടാനുള്ള കഴിവും വഴി എല്ലാവരുടെയും മതിപ്പ് നേടിയെടുത്തു ശാന്തകുമാരി.

ശാസ്ത്രീയ സംഗീതത്തിൽ പഠനം തുടരുമ്പോഴും ലളിത സംഗീതത്തോട് ആയിരുന്നു ശാന്തകുമാരിയ്ക്ക് കൂടുതൽ പ്രിയം. തിരുവനന്തപുരം വിമൻസ് കോളേജിലെ സംഗീത ബിരുദപഠന കാലത്ത് ഒരുപാട് യുവജനോത്സവങ്ങളിലും കലോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 1963ൽ ബിരുദപഠനം പൂർത്തിയാക്കി. അഖിലേന്ത്യാ യുവജനോത്സത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻെറ ആശീർവാദം നേടാനും സാധിക്കുക എന്ന അപൂർവനേട്ടവും ഇക്കാലയളവിൽ ശാന്തകുമാരിയെ തേടിയെത്തി.

1964ൽ സ്കൂള്‍ മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ജി ദേവരാജന്റെ സംഗീതത്തില്‍ ' ജയ ജയ ജയ ജന്മഭൂമി' എന്ന ഗാനം പാടിക്കൊണ്ടാണ് ശാന്തകുമാരി തൻ്റെ ചലച്ചിത്ര പിന്നണിഗാനജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ഇതിനിടെ കോയമ്പത്തൂർ അവിനാസിലിംഗം കോളേജ് ഓഫ് ഹോം സയൻസിൽ സംഗീതാദ്ധ്യാപിക ആയി ചേരുകയും ചെയ്തു.

1966ൽ തമിഴ്നാട് സർക്കാർ സർവീസിൽ എൻജിനീയർ ആയിരുന്ന വിശ്വനാഥനുമായി വിവാഹിതയാവുകയും അടുത്ത 10 വർഷത്തോളം കരിയറിന് ഒരു ഇടവേള നൽകി കുടുംബജീവിതത്തിൽ മുഴുകുകയും ചെയ്തു. റാണിപെട്ട്, ഊട്ടി എന്നിവിടങ്ങളിലായി ചിലവിട്ട അക്കാലത്ത് രണ്ട് മക്കൾക്ക് ജന്മം നൽകുകയും ചെയ്തു അവർ. എഴുപതുകളുടെ അവസാനത്തോടെ മദ്രാസിൽ തിരിച്ചെത്തിയ അവർ മലയാള സിനിമകളുടെ ഭാഗമാവുകയും ജി ദേവരാജൻ, കെ രാഘവൻ, എം കെ അർജ്ജുനൻ, എ ടി ഉമ്മർ, ജോൺസൺ, കണ്ണൂർ രാജൻ തുടങ്ങിയ മുൻനിര സംഗീത സംവിധായകരുടെ ഗാനങ്ങൾ പാടുകയും ചെയ്തു.

എഴുപതുകളുടെ രണ്ടാം പകുതി മുതൽ എൺപതുകളുടെ അവസാനം വരെ സിനിമാ പിന്നണി ജീവിതത്തിൽ സജീവമായിരുന്നു ശാന്ത വിശ്വനാഥന്‍. ശിൽപ്പികൾ ഞങ്ങൾ (പിക്നിക്ക്), ധിം ത തക്ക  കൊടുമല ഗണപതി (ഗുരുവായൂർ കേശവൻ), കാക്കയെന്നുള്ള വാക്കിന്നര്‍ത്ഥമെന്തെടാ (ജലതരംഗം), മുട്ട് മുട്ട് തപ്പിട്ട് മുട്ട് (ആനപ്പാച്ചൻ), അംബാസിഡറിനു ഡയബറ്റിക്സ് (മിനിമോള്‍), എങ്ങുമെങ്ങും നിറയും വെളിച്ചമേ (മധുരസ്വപ്നം) തുടങ്ങിയവയാണ് ഇക്കാലയളവില്‍ പാടിയ ചില ശ്രദ്ധേയ ഗാനങ്ങള്‍. ചെമ്മീന്‍ സിനിമയില്‍ സലീല്‍ ചൌധരിയുടെ സംഗീതത്തില്‍ കോറസ് ടീമില്‍ അംഗമായിരുന്ന അവര്‍ സൂര്യദാഹം, സ്വാമി അയ്യപ്പന്‍ എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. പിന്നണിഗായികയായി സജീവമായിരിക്കെ തന്നെ ഷ്രൈന്‍ വേളാങ്കണ്ണി സ്കൂള്‍, ചിന്മയ മിഷന്‍ എന്നിവടങ്ങളില്‍ സംഗീതാധ്യാപിക ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും എ ഗ്രേഡ് ആര്‍ടിസ്റ്റ് ആയിരുന്ന അവര്‍ എം ജി രാധാകൃഷ്ണന്‍ അടക്കമുള്ള സംഗീത സംവിധായകര്‍ക്ക് വേണ്ടി നൂറിലധികം ലളിതഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ തന്നെ ' വാനമുതം ' എന്നൊരു ക്രിസ്ത്യന്‍ ഗോസ്പല്‍ സംഗീത റേഡിയോ ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുകയും മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ നിരവധി ഗോസ്പല്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.

1983ല്‍ കര്‍ണാടക സംഗീതത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും മദ്രാസ് സര്‍വകലാശാലയുടെ സംഗീത വിഭാഗത്തില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും തുടര്‍ന്ന് അതെ സര്‍വകലാശാലയില്‍ നിന്നുതന്നെ സംഗീതത്തില്‍ Phd എടുക്കുകയും ചെയ്തു. മദ്രാസിലെ കര്‍ണാടക സംഗീത വൃത്തങ്ങളില്‍ ഇതിനോടകം തന്നെ വളരെ സജീവമാവുകയും ചെയ്തു ശാന്ത വിശ്വനാഥൻ. 1987ല്‍ PSG College of Arts and Scienceന്‍റെ സംഗീത വിഭാഗം സ്ഥാപക പ്രൊഫസറും മേധാവിയുമായി ചുമതലയെറ്റ് സംഗീതാധ്യാപനത്തിലേക്ക് മടങ്ങുകയും 7 വര്‍ഷത്തെ സേവനത്തിലൂടെ കോളേജിനെ വളരെ പ്രശസ്തിയില്‍ എത്തിയ്ക്കുകയും ചെയ്തു. സിനിമാമേഖല വിട്ടെങ്കിലും റേഡിയോയിലും ദൂരദര്‍ശനിലും ജയ ടിവിയിലും രാജ് ടിവിയിലും ശാസ്ത്രീയ സംഗീതവും ഭക്തിഗാനങ്ങളും ആലപിക്കുന്നത് അവനാകാലം വരെ തുടര്‍ന്നുപോന്നു.

ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് 2004 ഡിസംബര്‍ 18ന് ശാന്ത വിശ്വനാഥന്‍ ഈ ലോകത്തോട് വിടപറഞ്ഞു.

തയ്യാറാക്കിയത് വെങ്കടേഷ് പാലക്കാട് (മകന്‍)