സംയുക്ത വർമ്മ
തൃശൂർ സ്വദേശിനി. 1979 നവംബർ 26ന് രവി വർമ്മയുടേയും ഉമാ വർമ്മയുടേയും മകളായി ജനനം. ചിന്നു എന്ന വിളിപ്പേരിൽ അറിയപ്പെട്ട സംയുക്ത എൻ എസ് എസ് സ്കൂളിൽ നിന്നും കേരള വർമ്മ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി. സർഗ്ഗം എന്ന സിനിമയിൽ ബാലതാരം ആയാണ് സംയുക്ത സിനിമയിൽ എത്തുന്നത്. കോളേജ് പഠനകാലത്താണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സത്യൻ അന്തിക്കാട് സിനിമയിലേക്കു നായികയായി തിരഞ്ഞെടുക്കപ്പെട്ടത്. 1999ൽ തുടക്കമിട്ട വീണ്ടും ചില വീട്ടുകാര്യങ്ങളെന്ന സിനിമയിൽത്തന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. തുടർന്ന് മൂന്നോളം ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടാം വട്ടം 2000ലും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭ്യമായി. ചുരുങ്ങിയ കാലയളവിൽ മാത്രം മലയാള സിനിമയിൽ പ്രവർത്തിച്ചെങ്കിലും ഏറെ മികച്ച നായികാ കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയയായ അഭിനേത്രിയായിരുന്നു സംയുക്ത.
2002ൽ മലയാള സിനിമയിലെ അറിയപ്പെടുന്ന അഭിനേതാവ് ബിജു മേനോനേ വിവാഹം കഴിച്ചു. വിവാഹ ശേഷം അഭിയനയ രംഗത്ത് നിന്നും പിന്മാറി. ബിജു മേനോൻ, സംയുക്ത എന്നിവർ മകൻ ദക്ഷ് ദാർമ്മിക്കുമൊപ്പം തൃശൂരാണ് താമസം.
അനിയത്തി സംഘമിത്ര.