സാബ് ജോൺ

Sab John

യഥാർത്ഥ നാമം ജോൺ ഇടത്തട്ടിൽ. സൈമൺ ആന്റണിയുടേയും മേരിക്കുട്ടി ആന്റണിയുടേയും മൂന്നാമത്തെ മകനായി ആലപ്പുഴയിൽ ജനനം. ചെറുപ്പം മുതൽ സിനിമയോട് കമ്പമുണ്ടായിരുന്ന സാബ് ജോൺ സുഹൃത്തുക്കൾക്കൊപ്പം നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. പ്രീഡിഗ്രി കാലം മുതൽ തന്നെ കഥകൾ എഴുതി തുടങ്ങി. അതിൽ പലതും തിരക്കഥ രൂപത്തിലാക്കുകയും ചെയ്തു. പിതാവിന്റെ മരണ ശേഷം ആലപ്പുഴയിൽ ചണവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ബിസിനസ് സാബ് ജോൺ ഏറ്റെടുത്തു. കോമേഴ്സിൽ ബിരുദം കരസ്ഥമാക്കി അദ്ദേഹം എസ് ഡി കോളേജിൽ ചാർട്ടേർഡ് അക്കൗണ്ടൻസിക്ക് ചേർന്നു. അതിനു ശേഷം സിനിമാപരമായ ചർച്ചകൾ കടയിലേക്ക് മാറി. ആത്മസുഹ്രുത്തുക്കളായിരുന്ന ഔസേപ്പച്ചൻ, നവോദയ സ്റ്റുഡിയോയിലെ ജോസ് എന്നിവർക്കൊപ്പമായിരുന്നു പ്രധാനമായും ഇത്തരം ചർച്ചകൾ. ഇടയ്‌ക്ക് ഈ കൂട്ടായ്മ പല നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ടി കെ രാജീവ് കുമാർ, തോപ്പിൽ ഭാസിയുമായി ഒരു സിനിമ ചെയ്യുവാനുള്ള ഒരുക്കത്തിനിടയിലാണ്, ജോസ് വഴി സാബ് ജോണിന് അവരെ സഹായിക്കാനുള്ള അവസരം ലഭിക്കുന്നത്. എന്നാൽ സിനിമയെയും സിനിമാ ലോകത്തെയും അംഗീകരിക്കാൻ കഴിയാതിരുന്ന സാബിന്റെ അമ്മ, അതിനെ എതിർത്തു. എന്നാൽ അമ്മയോട് അഞ്ച് വർഷത്തെ സമയം ചോദിച്ചാണ് സാബ് സിനിമയിലേക്ക് കടന്നു വന്നത്. അന്ന് സാബ് ടി കെ രാജീവ് കുമാറിന് വേണ്ടി എഴുതിയ തിരക്കഥയാണ് പിന്നീട് ക്ഷണക്കത്ത് എന്ന ചിത്രമായത്.

നവോദയ നിർമ്മിക്കുന്ന അടുത്ത ടി കെ രാജീവ് കുമാർ ചിത്രത്തിന് തിരക്കഥയെഴുതുവാനുള്ള അവസരം സാബിനെ തേടിയെത്തി. ജയറാമിനെ നായകനാക്കി രണ്ട് മിമിക്രി ട്രൂപ്പുകളുടെ കഥ പറയുന്ന ചിത്രമാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീടത് ചാണക്യൻ എന്ന ചിത്രമായി മാറി. പിന്നീട് സംഗീത് ശിവന്റെ വ്യൂഹം, ക്ഷണക്കത്ത്, മമ്മൂട്ടിക്ക് വ്യത്യസ്തമായ ഒരു വേഷം സമ്മാനിച്ച സൂര്യമാനസം, ചാരക്കേസിനെ ആധാരമാക്കി ജയരാജിന്റെ ഹൈവേഗാന്ധാരി, ഭരണകൂടം, മയിൽ‌പ്പീലിക്കാവ്, പ്രിയം തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയെഴുതി. കമലഹാസൻ നായകനായ ഗുണ എന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റെതാണ്. പിന്നീട് കുരുതിപ്പുനൽ, സില്ലനു ഒരു കാതൽ എന്നീ ചിത്രങ്ങൾക്കും അദ്ദേഹം തമിഴിൽ തിരക്കഥ ഒരുക്കി. കുരുതിപുനലിലെ ശിവരശന്റെ കഥാപാത്രമടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് അദ്ദേഹം.

മുഖ്യധാരാ സിനിമയിൽ സജീവമായിരിക്കെ തന്നെ നിരവധി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലും യൂണിവേഴ്സിറ്റികളിലും തിരക്കഥാ രചനയെക്കുറിച്ച് ശില്പശാലകളും പഠന ക്ലാസുകളും നടത്തിയിട്ടുണ്ട്. ഫിക്കി ബാഫ് അടക്കം നിരവധി അവാർഡ് ജൂറികളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. ചെന്നൈയിലെ എൽ വി പ്രസാദ് ഫിലിം & ടെലിവിഷൻ അക്കാദമിയിലെ തിരക്കഥാ വിഭാഗത്തിന്റെ തലവനായിരുന്ന അദ്ദേഹം സ്വന്തമായി സ്ക്രീൻറൈറ്റ്.ഇൻ എന്നൊരു സ്ഥാപനവും നടത്തിയിരുന്നു.

അവലംബം: എതിരൻ മാഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്സ്ക്രീൻറൈറ്റ്.ഇൻ എന്ന വെബ്സൈറ്റ്